ഇനി ഡയമണ്ട്...
text_fieldsസൂറിക് (സ്വിറ്റ്സർലൻഡ്): ജാവലിൻ ത്രോ ഒളിമ്പിക്, ലോക ചാമ്പ്യൻ ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രക്ക് വ്യാഴാഴ്ച ഡയമണ്ട് ലീഗ് പോരാട്ടം. ഞായറാഴ്ച ലോക ചാമ്പ്യൻഷിപ് ഫൈനലിൽ മത്സരിച്ച് വെങ്കലം നേടിയ ചെക് റിപ്പബ്ലിക്കിന്റെ ജാകൂബ് വാദ് ലെജിനും ജർമനിയുടെ ജൂലിയൻ വെബർക്കുമൊപ്പം മുൻ ലോക ചാമ്പ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സടക്കമുള്ളവരും സൂറിക്കിൽ ഇറങ്ങുന്നുണ്ട്. എന്നാൽ, വെള്ളി മെഡൽ ജേതാവ് പാകിസ്താന്റെ അർഷദ് നദീമിന്റെ അഭാവം നീരജിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഡയമണ്ട് ലീഗ് ഫൈനലിലും സ്വർണം നേടിയത് നീരജാണ്.
ഇത്തവണ ദോഹ, ലോസന്നെ ഡയമണ്ട് ലീഗുകളിൽ ഒന്നാം സ്ഥാനക്കാരനായ നീരജ്, മോണകോ ഡയമണ്ട് ലീഗിൽ മത്സരിച്ചിരുന്നില്ല. വാദ് ലെജിനായിരുന്നു മോണകോയിൽ സ്വർണം. ഫൈനൽ ഇതിനകം ഉറപ്പിച്ച ഇന്ത്യൻ താരം (16) പോയന്റ് നിലയിൽ വാദ് ലെജിനും (21) വെബർക്കും (19) പിന്നിൽ മൂന്നാമനാണ്. സെപ്റ്റംബറിൽ യു.എസിലെ യൂജീനിലാണ് ഇത്തവണത്തെ ഡയമണ്ട് ലീഗ് ഫൈനൽ.
ബുഡപെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ 85.79 മീറ്റർ എറിഞ്ഞാണ് നീരജ് സ്വർണം നേടിയത്. അതേസമയം, ലോക ചാമ്പ്യൻഷിപ് യോഗ്യത റൗണ്ടിൽ പുറത്തായി നിരാശപ്പെടുത്തിയ മലയാളി ലോങ് ജംപർ എം. ശ്രീശങ്കറും ഇന്ന് സൂറിക്കിൽ ഡയമണ്ട് ലീഗ് മത്സരത്തിനിറങ്ങും. പാരിസ് ഡയമണ്ട് ലീഗിൽ വെങ്കലം നേടിയിരുന്നു പാലക്കാട്ടുകാരൻ. പുരുഷ ലോങ് ജംപ് മത്സരം രാത്രി 11.50നും ജാവലിൻ ത്രോ 12.10നും ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.