സ്വർണം ലഭിക്കാത്തതിൽ നിരാശ -നിഹാൽ
text_fieldsതൃശൂർ: ഇന്ത്യൻ ബി. ടീമിന് സ്വർണം ലഭിക്കാത്തതിൽ നിരാശയെന്ന് ടീം അംഗം ഗ്രാൻഡ്മാസ്റ്റർ,. ജയിക്കാമായിരുന്ന മത്സരമായിരുന്നു അത്. വ്യക്തിഗത നേട്ടത്തിനേക്കാളുപരി ഒളിമ്പ്യാഡ് ശരിക്കും ടീം കളിയാണ്. മികച്ച ടീമായിരുന്നു നമ്മുടെതെന്നും നിഹാൽ 'മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
''ഡി. ഗുകേഷ്, അർജുൻ എരിഗാസി, ആർ. പ്രഗ്നാനന്ദ. ഏറെക്കറെ സമപ്രായക്കാരാണ് ഞങ്ങൾ. ഉറ്റ പരിചയക്കാരും. പ്രായം കൂടിയ ആൾക്ക് 29, കുറഞ്ഞ പ്രായം 16 വയസ്സ്. വർഷങ്ങളുടെ പരിചയവും ഒത്തൊരുമയുമാണ് മുതൽക്കൂട്ടായത്. ആ ഒത്തൊരുമ കളിയിൽ പ്രകടമായി എന്നുമാത്രം. വിവിധ കളികളിൽ മുൻനിരക്കാരായ സ്പെയിൻ, ജർമനി, യു.എസ്.എ തുടങ്ങിയ പലരെയും തോൽപിക്കാൻ പറ്റിയത് ആത്മവിശ്വാസം കൂട്ടി.
കോച്ച് ആർ.ബി. രമേഷ് സാറിന് ഓരോരുത്തരുടെയും നേട്ടത്തിന്റെയും ക്രെഡിറ്റ് അവകാശപ്പെടാം. അത് മികച്ച പരിശീലനമായിരുന്നു ലഭിച്ചത്.'' -തൃശൂർ സ്വദേശിയായ താരം തുടർന്നു. ''മികച്ച ടീമായി മുന്നോട്ടുകൊണ്ടുപോകാൻ കോച്ചിനായി. വിജയസാധ്യതയുള്ള പല കളികളും നിർഭാഗ്യവശാൽ സമനില ആയിപ്പോയി. ടീം പരാജയപ്പെട്ട അന്ന് രാത്രി മെന്റർ ആയ ആനന്ദ് സാർ രാത്രി 12 ഓടെ ഞങ്ങളുടെ മുറിയിലെത്തി ആത്മവിശ്വാസം നൽകിയതും ആശ്വസിപ്പിച്ചതും മറക്കാനാവാത്ത അനുഭവമാണ്.
നന്നായി കളിക്കാനാകുമെന്ന് പറഞ്ഞ് നൽകിയ ഊർജമാണ് അവസാന ദിനം കൈമുതലായത്. ടീമായി കളിക്കുമ്പോൾ നാലു ബോർഡും നന്നായി കളിക്കേണ്ടതുണ്ട്. അതായിരുന്നു വെല്ലുവിളിയും.'' -നിഹാൽ കൂട്ടിച്ചേർത്തു. ചെസ് ഒളിമ്പ്യാഡിൽ ഒരു മത്സരവും തോൽക്കാതെ വ്യക്തിഗത സ്വർണം നേടിയിരുന്നു 18കാരൻ. രണ്ടാം ബോർഡിലെ മികച്ച പ്രകടനത്തിനാണ് വ്യക്തിഗത മെഡൽ.
10 കളിയിൽ അഞ്ചുവീതം ജയവും സമനിലയുമാണ് നിഹാലിന്റെ പ്രകടനം. അവസാന മത്സരത്തിൽ ജർമനിയുടെ ബ്യൂറോം മത്യാസിനെ കീഴടക്കി. ഒരു കളിയിൽ ഇറങ്ങിയിരുന്നില്ല. ഒന്നാം ബോർഡിലെ മികവിന് ഡി. ഗുകേഷിനും സ്വർണമുണ്ട്. നാല് വെങ്കലം അടക്കം ഇന്ത്യൻ താരങ്ങൾ ഏഴ് വ്യക്തിഗത മെഡലുകൾ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.