ജില്ല സ്കൂൾ കായികമേള; ഗോൾഡൻ സ്റ്റാർട്ട്
text_fieldsതിരുവനന്തപുരം: കൈയ്യും മെയ്യും മറന്ന് കായികരത്നങ്ങൾ കാര്യവട്ടത്തെ സിന്തറ്റിക് ട്രാക്കിൽ മിന്നിയപ്പോൾ റവന്യൂ ജില്ല കായികമേളക്ക് തീപ്പൊരി തുടക്കം. 697 സ്കുളുകളിൽനിന്ന് 5000 കായികതാരങ്ങൾ കാര്യവട്ടം എൽ.എൻ.സി.പി.ഇയിലേക്ക് ഒഴുകിയെത്തിയപ്പോൾ ഓരോ ഇനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷ്യംവഹിച്ചത്. ആദ്യദിനം 38 ഫൈനലുകൾ പൂർത്തിയാകുമ്പോൾ നാല് സ്വർണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമടക്കം 49 പോയന്റുമായി നിലവിലെ ചാമ്പ്യന്മാരായ നെയ്യാറ്റിൻകര ഉപജില്ല കുതിപ്പ് തുടങ്ങി.
നാല് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം 43 പോയന്റുമായി തിരുവനന്തപുരം നോർത്താണ് രണ്ടാംസ്ഥാനത്ത്. രണ്ട് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമായി 36 പോയന്റുമായി നെടുമങ്ങാട് ഉപജില്ല മൂന്നാംസ്ഥാനത്താണ്.
മുൻവർഷങ്ങളിൽ ആദ്യദിനംതന്നെ കപ്പുറപ്പിക്കുന്ന പോരാട്ടമാണ് നെയ്യാറ്റിൻകര പുറത്തെടുക്കാറുള്ളതെങ്കിൽ, ഇത്തവണ ചാമ്പ്യൻമാരെ ട്രാക്കിലും ഫീൽഡിലും പിറ്റിലും പിടിച്ചുകെട്ടുകയായിരുന്നു എതിരാളികൾ. നെയ്യാറ്റിൻകരയുടെ കിരീടത്തിന് ഇന്ധനമാകാറുള്ള പി.കെ.എച്ച്.എസ്.എസ് കാഞ്ഞിരംകുളത്തിനും എം.വി.എച്ച്.എസ്.എസ് അരുമാനൂരിനും ആദ്യദിനം കാര്യമായി നേട്ടമുണ്ടാകാനാകാത്താണ് പോയന്റ് നില 50ന് താഴെയാകാൻ കാരണം.
ഒരു സ്വർണവും മൂന്ന് വെള്ളിയുമടക്കം 14 പോയന്റുമായി നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസാണ് സ്കൂളുകളിൽ മുന്നിൽ. 13 പോയന്റുമായി അരുമാനൂരും ഒമ്പത് പോയന്റുമായി മണക്കാട് ഗവ. ഗേൾസ് വി.ആൻഡ് എച്ച്.എസ്.എസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
കഴിഞ്ഞ വർഷം ജില്ലയിലെ മികച്ച കായിക സ്കൂളിനുള്ള കിരീടം സ്വന്തമാക്കി കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്.എസ് എട്ട് പോയന്റുമായി നാലാം സ്ഥാനത്താണ്. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ നടക്കുന്ന മേള ജില്ല പ്രസിഡന്റ് ഡി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ ജെ. തങ്കമണി പതാക ഉയർത്തി.
എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ.ജി. കിഷോർ വിശിഷ്ടാതിഥിയായി. രണ്ടാംവർഷ ഹയർസെക്കൻഡറി/വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്കുള്ള ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഇന്നുമുതൽ ആരംഭിക്കുന്നതിനാൽ തിങ്കളാഴ്ച സബ് ജൂനിയർ, ജൂനിയർ വിഭാഗം മത്സരങ്ങളാകും നടക്കുക. അവശേഷിക്കുന്ന സീനിയർ വിഭാഗം മത്സരങ്ങളും സബ് ജൂനിയർ, ജൂനിയർ മത്സരങ്ങളും 14ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.