ദ്യോകോവിച്-അൽകാരസ് ഫൈനൽ; ഒളിമ്പിക്സ് ടെന്നിസിൽ കളമൊരുങ്ങിയത് ചരിത്ര പോരാട്ടത്തിന്
text_fieldsപാരിസ്: ഒളിമ്പിക്സ് ടെന്നിസിൽ പുരുഷ സിംഗിൾസിൽ ചരിത്ര പോരിന് കളമൊരുങ്ങി. ടെന്നിസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സെർബിയൻ താരം നൊവാക് ദ്യോകോവിച്ചും സ്പാനിഷ് യുവ സൂപ്പർ താരം കാർലോസ് അൽകാരസും തമ്മിലാണ് റോളണ്ട് ഗാരോസിൽ സ്വർണത്തിനായി ഞായറാഴ്ച പോരടിക്കുക.
24 ഗ്രാന്റ്സ്ലാം കിരീടങ്ങളുടെ തിളക്കമുള്ള ദ്യോകോയുടെ ലക്ഷ്യം കരിയറിലെ ആദ്യ ഒളിമ്പിക്സ് സ്വർണമാണ്. നേരത്തെ മൂന്ന് തവണ സെമിഫൈനലിൽ ഇടറി വീഴുകയായിരുന്നു. ഒളിമ്പിക്സിൽ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരമെന്ന നേട്ടം ഇതിനകം 37കാരൻ സ്വന്തമാക്കിക്കഴിഞ്ഞു. അതേസമയം, 1904ന് ശേഷം ഫൈനൽ കാണുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 21കാരനായ അൽകാരസ്. വിംബിൾഡൺ ഫൈനലിന്റെ തനിയാവർത്തനമാണ് ഒളിമ്പിക്സ് കലാശപ്പോരിലും അരങ്ങേറുക. അന്ന് അൽകാരസാണ് ജയിച്ചുകയറിയത്. ഫ്രഞ്ച് ഓപണിലും കിരീടം ചൂടിയത് അൽകാരസ് ആയിരുന്നു.
ഇറ്റാലിയൻ താരം ലോറൻസോ മസറ്റിയെ 6-4, 6-2 എന്ന സ്കോറിന് കീഴടക്കിയാണ് ടോപ് സീഡായ ദ്യോകോവിച് ആദ്യമായി ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയത്. അതേസമയം, കാനഡയുടെ ഫെലിക്സ് ഓഗറിനെ 6-1, 6-1 എന്ന സ്കോറിന് അനായാസം മറികടന്നാണ് അൽകാരസിന്റെ ഫൈനൽ പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.