‘പ്രതിഷേധം ഭയന്ന് ഡ്യൂറൻഡ് കപ്പ് മത്സരങ്ങൾ മാറ്റരുത്’; സംയുക്ത വാർത്ത സമ്മേളനത്തിൽ അഭ്യർഥനയുമായി കൊൽക്കത്തയിലെ ‘ബിഗ് 3’ ക്ലബുകൾ
text_fieldsകൊൽക്കത്ത: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ മത്സരങ്ങൾ കൊൽക്കത്തയിൽനിന്ന് മാറ്റരുതെന്ന ആവശ്യവുമായി മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബുകളുടെ സംയുക്ത വാർത്ത സമ്മേളനം. ക്ലബ് അധികൃതരുടെയും ആരാധകരുടെയും പ്രതിഷേധം രാഷ്ട്രീയവത്കരിക്കരുതെന്നും കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭ്യമാക്കണമെന്നും കൊൽക്കത്തയിലെ ബദ്ധവൈരികളായ ‘ബിഗ് 3’ ക്ലബുകൾ ആവശ്യപ്പെട്ടു.
സുരക്ഷ കാരണങ്ങളാൽ കഴിഞ്ഞ ഞായറാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൻ ഡെർബി ഉപേക്ഷിച്ചിരുന്നു. എന്നാൽ, തീരുമാനത്തിൽ ആരാധകർ രോഷാകുലരായിരുന്നു. ‘ഡെർബി മത്സരത്തിനിടെ ഫുട്ബാൾ സ്റ്റേഡിയത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്ന മുന്നറിയിപ്പ് പൊലീസ് ഇന്റലിജൻസ് നൽകിയിരുന്നു. അവർ സുരക്ഷ നിഷേധിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ കൊൽക്കത്തയിൽ ഡ്യൂറൻഡ് കപ്പിന്റെ വമ്പൻ മത്സരങ്ങൾ നടക്കാനിരിക്കുകയാണ്. സെമിഫൈനലും ഫൈനലും ഉൾപ്പെടെ മൂന്ന് മത്സരങ്ങളും ഷെഡ്യൂൾ പ്രകാരം കൊൽക്കത്തയിൽ തന്നെ നടത്തണമെന്ന് ഞങ്ങൾ ഒറ്റക്കെട്ടായി ആഗ്രഹിക്കുന്നു. കൊൽക്കത്തയിൽ നടക്കുന്ന മത്സരങ്ങൾക്കായി സഹകരിക്കാൻ ഭരണകൂടത്തോടും പൊലീസിനോടും അഭ്യർഥിക്കുന്നു, കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ പൊലീസുമായി സഹകരിക്കാൻ ഞങ്ങളെ പിന്തുണക്കുന്നവരോടും അഭ്യർഥിക്കുന്നു’ -എന്നിങ്ങനെയായിരുന്നു മോഹൻ ബഗാൻ ക്ലബ് സെക്രട്ടറി ദേബാശിഷ് ദത്ത പറഞ്ഞത്. സർക്കാറുമായി ആലോചിച്ച് കൊല്ലപ്പെട്ട ഡോക്ടർക്ക് വേണ്ടി ചാരിറ്റി മത്സരം സംഘടിപ്പിക്കുന്നതിനുള്ള ആഗ്രഹവും മൂന്ന് ക്ലബുകളുടെയും ഭാരവാഹികൾ പങ്കുവെച്ചു.
ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ മത്സരങ്ങൾക്ക് ബുധനാഴ്ചയാണ് തുടക്കമാകുന്നത്. അസമിലെ കൊക്രാജാർ സായി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിന് നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഇന്ത്യൻ ആർമി നേരിടും. വൈകീട്ട് ഏഴിന് ഷില്ലോങ് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആതിഥേയരായ ഷില്ലോങ് ലജോങ്ങും കൊൽക്കത്തൻ കരുത്തരായ ഈസ്റ്റ് ബംഗാളും തമ്മിൽ ഏറ്റുമുട്ടും. ആഗസ്റ്റ് 23നാണ് മറ്റു രണ്ട് മത്സരങ്ങൾ. അന്ന് വൈകീട്ട് നാലിന് ജാംഷഡ്പുർ ടാറ്റ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും പഞ്ചാബ് എഫ്.സിയും മുഖാമുഖം വരും. രാത്രി ഏഴിന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരാളികളായി ബംഗളൂരു എഫ്.സി ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.