പ്രണയം ചുവപ്പിനോടു മാത്രം
text_fieldsബംഗളൂരു: സാഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പും ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാകും ചുവപ്പുകാർഡും തമ്മിലൊരു ജൈവ പൊരുത്തമുണ്ട്. സാഫ് കപ്പിൽ ഇന്ത്യയുടെ കഴിഞ്ഞ അഞ്ചു കളികൾക്കിടെ മൂന്നു തവണയാണ് കോച്ച് സ്റ്റിമാക് ചുവപ്പുകാർഡ് കണ്ട് പുറത്തുപോവുന്നത്. മാലദ്വീപിൽ നടന്ന 2021 സാഫ് കപ്പിലെ ആതിഥേയർക്കെതിരായ മത്സരത്തിൽ ഡഗ്ഔട്ടിലെ അച്ചടക്കലംഘനത്തിന് 80ാം മിനിറ്റിൽ സ്റ്റിമാകിന് റഫറി മാർച്ചിങ് ഓർഡർ നൽകുന്നു. നേപ്പാളിനെതിരായ ഫൈനലിൽ ടീം കപ്പെടുക്കുമ്പോൾ വെള്ളവരക്കപ്പുറം സ്റ്റിമാകുണ്ടായിരുന്നില്ല. സാഫ് കപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരം അരങ്ങേറിയത് ഇത്തവണ ബംഗളൂരുവിൽ പാകിസ്താനെതിരെ. 45ാം മിനിറ്റിൽ സ്റ്റിമാകും പാക് കളിക്കാരും തമ്മിൽ വാക്കേറ്റം. ഇരു ടീമിലെയും കളിക്കാരും കോച്ചിങ് സ്റ്റാഫുമടക്കം ഇടപെട്ട വഴക്കിനൊടുവിൽ സ്റ്റിമാകിന് ചുവപ്പുകാർഡ്. നേപ്പാളിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ പുറത്തിരുന്ന സ്റ്റിമാക് സസ്പെൻഷൻ കഴിഞ്ഞ് കുവൈത്തിനെതിരായ മത്സരത്തിനെത്തുന്നു. എതിർകളിക്കാരുമായി വീണ്ടും കൊമ്പുകോർത്തതിനും ഫോർത്ത് ഒഫീഷ്യലുമായി തർക്കിച്ചതിനും സ്റ്റിമാകിന് വീണ്ടും ചുവപ്പുകാർഡ്!
പാകിസ്താനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് വാങ്ങിയതിനുശേഷം സ്റ്റിമാകിന്റെ ട്വീറ്റും വിവാദമായിരുന്നു. ആവശ്യമെങ്കിൽ ഇനിയും അത്തരം പ്രവൃത്തി ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. നിങ്ങൾക്കെന്നെ വെറുക്കുകയോ സ്നേഹിക്കുകയോ ചെയ്യാം. എന്നാൽ, ഞാനൊരു പോരാളിയാണ്. കളത്തിൽ അനീതികരമായ തീരുമാനങ്ങളുണ്ടാവുമ്പോൾ എന്റെ കുട്ടികളെ സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ഞാനത് വീണ്ടും ചെയ്യും -സ്റ്റിമാക് പറഞ്ഞു. സ്റ്റിമാകിന്റെ ന്യായീകരണംകൂടി കണക്കിലെടുത്ത് കൂടുതൽ കളികളിൽ സസ്പെൻഷൻ ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും ഒറ്റ കളിയിൽ മാത്രമൊതുങ്ങി. എന്നാൽ, കുവൈത്തിനെതിരായ കളിയിലും അച്ചടക്കലംഘനം ആവർത്തിച്ചതോടെ കൂടുതൽ കളികളിൽ സസ്പെൻഷനുള്ള സാധ്യത നിലനിൽക്കുന്നു. സസ്പെൻഷൻ രണ്ടു കളിയിലേക്ക് ഒതുക്കാൻ എ.ഐ.എഫ്.എഫിന്റെ ഭാഗത്തുനിന്ന് സമ്മർദമുയരുന്നുണ്ട്. അങ്ങനെയെങ്കിലും പരമാവധി സാഫ് കപ്പിൽ മാത്രമായി സസ്പെൻഷൻ അവസാനിക്കും. അല്ലാത്തപക്ഷം അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ ആസ്ട്രേലിയ, ഉസ്ബകിസ്താൻ, സിറിയ ടീമുകൾക്കെതിരായ ഇന്ത്യയുടെ മത്സരത്തെ അത് പ്രതികൂലമായി ബാധിക്കും.
തുടർച്ചയായി രണ്ടു തവണ എ.എഫ്.സി ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടുന്നത് സ്റ്റിമാകിന് കീഴിലാണ്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ഇന്ത്യ 16 ജയം നേടി. പരിശീലകനെന്ന നിലയിൽ സ്റ്റിമാകിന്റെ കരിയർ ബെസ്റ്റാണിത്. 2018ലെ ഇന്റർ കോണ്ടിനെന്റൽ കപ്പും 2021ലെ സാഫ് കപ്പും ഈ വർഷം ഇംഫാലിൽ നടന്ന ത്രിരാഷ്ട സീരീസും ഒഡിഷയിൽ നടന്ന ഇന്റർ കോണ്ടിനെന്റൽ കപ്പും നേട്ടപ്പട്ടികയിലുണ്ട്.
സാഫ് കപ്പിൽ ഗ്രൂപ് മത്സരത്തിൽ നേപ്പാളിനെതിരായ ജയത്തോടെ ഗോൾ വഴങ്ങാതെ എട്ടു തുടർച്ചയായ മത്സരങ്ങൾ എന്ന മറ്റൊരു റെക്കോഡും ടീം നേടിയിരുന്നു. 1948 ജൂൺ മൂന്നു മുതൽ 1952 മാർച്ച് 23 വരെ കാലയളവിൽ ഇന്ത്യൻ ടീം കുറിച്ച ഗോൾ വഴങ്ങാതെ ഏഴു മത്സരങ്ങൾ എന്ന റെക്കോഡാണ് വീണത്. സാഫ് കപ്പ് സെമിയിൽ ലബനാനെ തോൽപിക്കാനായാൽ തോൽക്കാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന സ്വന്തം റെക്കോഡും പുതുക്കാനാവും. 2002-03 കാലത്ത് കുറിച്ച തോൽവി വഴങ്ങാതെ ഒമ്പതു മത്സരങ്ങൾ എന്നതാണ് ഇതുവരെയുള്ള മികച്ച നേട്ടം. ഹോം ഗ്രൗണ്ടിൽ തോൽവിയില്ലാതെ തുടർച്ചയായ 13 മത്സരങ്ങൾ ഇന്ത്യ പിന്നിട്ടുകഴിഞ്ഞു. 10 ജയവും മൂന്നു സമനിലയുമാണ് സ്വന്തം മൈതാനത്ത് ഇന്ത്യയുടെ ക്രെഡിറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.