തുനീഷ്യൻ താരം ഉൻസ് ജാബിറിനെ കടന്ന് എലീന റിബാകിന വിംബ്ൾഡൺ വനിത ജേതാവ്
text_fieldsലണ്ടൻ: ആദ്യ സെറ്റ് പിടിച്ച് കന്നിക്കിരീടത്തിന്റെ പകുതി ആവേശം കാണിച്ച ശേഷം കളി കൈവിട്ട് വിജയം വെച്ചുനീട്ടിയ തുനീഷ്യയുടെ ഉൻസ് ജാബിറിനെ വീഴ്ത്തി കസാഖ് താരം എലീന റിബാകിന ജേത്രിയായി. താരതമ്യേന പുതുമുഖങ്ങളുടെ കലാശപ്പോരിൽ 3-6 6-2 6-2നായിരുന്നു റിബാകിനയുടെ വിജയം.
ഒരു അറബ് താരത്തിന്റെ കന്നി ഗ്രാൻഡ്സ്ലാം കിരീട നേട്ടമെന്ന ചരിത്രത്തിലേക്ക് എയ്സുതിർക്കാൻ ഇറങ്ങിയ തുനീഷ്യൻ താരത്തിനു തന്നെയായിരുന്നു തുടക്കത്തിൽ മേൽക്കൈ. ഉറച്ച ശരീരഭാഷയും കരുത്തുറ്റ പ്രകടനവുമായി സെമിയിൽ കോർട്ട്നിറഞ്ഞ ഉൻസ് ജാബിർ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കി.
ഇതോടെ ഉണർന്ന റിബാകിന അതിലേറെ ശക്തിയിൽ റാക്കറ്റ് പായിച്ചപ്പോൾ പിന്നീടുള്ള കളിയിൽ തുനീഷ്യൻ താരം വിറച്ചു. രണ്ടു ഗെയിം മാത്രം വിട്ടുനൽകിയാണ് റിബാകിന രണ്ടാം സെറ്റ് പിടിച്ചത്. എന്തും സംഭവിക്കാമെന്ന നിലയിൽ പുരോഗമിച്ച നിർണായകമായ അവസാന സെറ്റിൽ പക്ഷേ, തുടക്കത്തിലെ കൊച്ചുപിഴവുകൾ അതിവേഗം തിരുത്തിയ കസാഖ് താരം കളി പിടിക്കുകയായിരുന്നു.
ലോക രണ്ടാം നമ്പർ താരമായ ജാബിർ 1960നു ശേഷം ആദ്യമായി ഗ്രാൻഡ് സ്ലാം ഫൈനൽ കളിക്കുന്ന അറബ് താരമാണ്. ഇതിനകം ഡബ്ല്യു.ടി.എ സിംഗിൾസ് കിരീടം, റാങ്കിങ്ങിലെ കയറ്റം തുടങ്ങിയവയിലും അറബ് ലോകത്തെ റെക്കോഡ് അവരുടെ പേരിൽ തന്നെ. വിംബ്ൾഡണിലും കിരീട നേട്ടമാക്കി ഇതിനെ ഉയർത്താമെന്ന സ്വപ്നമാണ് റിബാകിന തകർത്തത്.
അതേ സമയം, പഴയ റഷ്യൻ താരമായ റിബാകിന 2018 മുതൽ കസഖ്സ്താനു വേണ്ടിയാണ് ഇറങ്ങുന്നത്. റഷ്യൻ, ബെലറൂസിയൻ താരങ്ങൾക്ക് വിലക്കുള്ളതിനാൽ റിബാകിനയുടെ വിജയം റഷ്യയിലും ആഘോഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.