എൻഡ്രിക്കിന് ഗോളോടെ അരങ്ങേറ്റം; വയ്യഡോളിഡിന്റെ വല നിറച്ച് റയൽ മാഡ്രിഡ്
text_fieldsമാഡ്രിഡ്: ലാലിഗയിൽ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. റയൽ വയ്യഡോളിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തുവിട്ടത്. വിജയികൾക്കായി ബ്രസീലിയൻ വണ്ടർ ബോയ് എൻഡ്രിക് ഗോളുമായി ലാലിഗ അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ഫെഡറികോ വാൽവെർഡോ, ബ്രഹിം ഡയസ് എന്നിവരുടെ വകയായിരുന്നു ശേഷിച്ച ഗോളുകൾ.
റയലിന്റെ വ്യക്തമായ ആധിപത്യം കണ്ട മത്സരത്തിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും അടിക്കാൻ വയ്യഡോളിഡിനായില്ല. പത്താം മിനിറ്റിൽ തന്നെ എംബാപ്പെ ഗോളിനടുത്തെത്തിയിരുന്നു. റൂഡിഗർ ഉയർത്തിനൽകിയ ലോങ് പാസ് നിലംതൊടുംമുമ്പ് സൂപ്പർ താരം പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും എതിർ ഗോൾകീപ്പർ കാൾ ഹെയ്ൻ തട്ടിയകറ്റി. അക്കൗണ്ട് തുറക്കാൻ എംബാപ്പെയും വിനീഷ്യസും റോഡ്രിഗോയും ആർദ ഗുലേറുമെല്ലാം നടത്തിയ മുന്നേറ്റങ്ങളെല്ലാം ആദ്യ പകുതിയിൽ എതിർ പ്രതിരോധവും ഗോൾകീപ്പറും ചേർന്ന് തടഞ്ഞിട്ടു.
50ാം മിനിറ്റിൽ റയൽ കെട്ട് പൊട്ടിച്ചു. ഫ്രീ കിക്കിൽനിന്ന് പന്ത് സ്വീകരിച്ച വാൽവെർഡെയുടെ ഷോട്ട് എതിർ താരത്തിന്റെ കാലിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു. തിരിച്ചടിക്കാൻ വയ്യഡോളിഡിന് തുടർച്ചയായി രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. പിന്നാലെ റയലിനെ തേടി അവസരങ്ങൾ വന്നെങ്കിലും ആർദ ഗുലേറും എംബാപ്പെയും രണ്ടെണ്ണം വീതം പാഴാക്കി.
എന്നാൽ, നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ റയൽ ലീഡ് ഇരട്ടിപ്പിച്ചു. ബ്രഹിം ഡയസായിരുന്നു ഇത്തവണ സ്കോർ ചെയ്തത്. എഡർ മിലിട്ടാവോയിൽനിന്ന് ലോങ് പാസ് സ്വീകരിച്ച ബ്രഹിം തടയാനെത്തിയ ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ എൻഡ്രിക് പട്ടിക തികച്ചു. ബ്രഹിം ഡയസ് നൽകിയ മനോഹര പാസ് സ്വീകരിച്ച എൻഡ്രിക് രണ്ട് പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയും കബളിപ്പിച്ച് പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.