കലാശപ്പോരിൽ കാൾസണെതിരെ എരിഗെയ്സി
text_fieldsന്യൂയോർക്: ജൂലിയസ് ബേയർ ജനറേഷൻ കപ്പ് കലാശപ്പോരിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസണെതിരെ ഇന്ത്യയുടെ അർജുൻ എരിഗെയ്സി. സെമിയിൽ വിയറ്റ്നാമിന്റെ ലിയം ക്വാങ് ലെയെ കടന്നാണ് 19 കാരനായ എരിഗെയ്സി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. കാൾസൺ ജർമനിയുടെ വിൻസന്റ് കെയ്മറെ 3-1ന് വീഴ്ത്തി.
ക്വാങ് ലെക്കെതിരെ ആദ്യ സെറ്റ് സമനിലയിൽ പിരിഞ്ഞ ഇന്ത്യയുടെ 19കാരൻ രണ്ടാം കളി ജയിച്ച് മേൽക്കൈ നേടി. മൂന്നാം ഗെയിം വീണ്ടും സമനിലയിലായതോടെ അവസാന മത്സരം നിർണായകമായി. എതിരാളിക്ക് അവസരമേതും നൽകാതെ കളി പിടിക്കുകയായിരുന്നു.
ഓൺലൈൻ ടൂർണമെന്റിന്റെ പ്രാഥമിക പട്ടികയിൽ 34 പോയന്റുമായി കാൾസൺ ഒന്നാമതും എരിഗെയ്സി രണ്ടാമതുമാണ്. ഇന്ത്യയുടെ കൗമാര താരം പ്രഗ്നാനന്ദ നാലാമതായി.
ഫിഡെ റേറ്റഡ് ചെസ് 29 മുതൽ
മലപ്പുറം: ചെസ് അസോസിയേഷൻ ഓഫ് മലപ്പുറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 59ാം സംസ്ഥാന സീനിയര്‍ ഫിഡെ റേറ്റഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 29, 30, ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളിൽ കോട്ടക്കലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാല് ദിവസങ്ങളിലായി രണ്ട് റൗണ്ടുകള്‍ അടങ്ങുന്ന എട്ട് മത്സരങ്ങളുണ്ടാകും. വിജയികളാവുന്ന നാല് പേര്‍ക്ക് നവംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിന് മത്സരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.