ലോകകപ്പിനു പിന്നാലെ ഒളിമ്പിക്സിലേക്ക് കണ്ണുംനട്ട് ഖത്തർ
text_fieldsദോഹ: അന്താരാഷ്ട്ര പ്രശംസ നേടിയ ലോകകപ്പ് ഫുട്ബാൾ സംഘാടനത്തിന്റെ മികവുമായി ഒളിമ്പിക്സിലേക്ക് കണ്ണുംനട്ട് ഖത്തർ. 2036 ഒളിമ്പിക്സ് ആതിഥ്യം വഹിക്കാനുള്ള ശ്രമങ്ങൾ ഖത്തർ സജീവമാക്കിയതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
14 വർഷത്തിനപ്പുറം നടക്കുന്ന ഒളിമ്പിക്സ് ആതിഥേയത്വം സംബന്ധിച്ച ബിഡ് നടപടികൾ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇതുവരെ ആരംഭിച്ചിട്ടില്ല. 32 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളും, 15 ലക്ഷം കാണികളുമെത്തിയ ലോകകപ്പ് ഫുട്ബാൾ വിജയകരമായി സംഘടിപ്പിക്കുന്നതിന്റെ ആത്മവിശ്വാസവുമായാണ് ഖത്തർ ലോക കായിക മാമാങ്കമായ ഒളിമ്പിക്സിനും വേദിയൊരുക്കാൻ രംഗത്തിറങ്ങുന്നത്. 2016, 2020 ഒളിമ്പിക്സിനുള്ള ബിഡ് നടപടികളിലും ഖത്തർ പങ്കെടുത്തിരുന്നു.
എന്നാൽ, അന്തിമ പട്ടികയിലേക്ക് പരിഗണിച്ചിരുന്നില്ല. ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന ഒളിമ്പിക്സിന് പാകമല്ല ഖത്തറിലെ കാലാവസ്ഥയെന്നതായിരുന്നു നേരത്തേയുള്ള ആരോപണം. എന്നാൽ, ഇതേ സമയത്തു നടക്കുന്ന ലോകകപ്പ് ഫുട്ബാളിനെ നവംബർ-ഡിസംബർ മാസങ്ങളിലേക്ക് മാറ്റി എട്ടു സ്റ്റേഡിയങ്ങളിലായി മനോഹരമായ സംഘടനം നടത്തിയാണ് ഖത്തർ ആശങ്കകൾക്ക് മറുപടി നൽകിയത്.
ഖത്തറിന് ഒളിമ്പിക് വേദി അനുവദിച്ചാൽ ആദ്യമായാവും വിശ്വകായിക മാമാങ്കം ഒരു അറബ് രാജ്യത്ത് എത്തുന്നത് എന്ന റെക്കോഡുമാവും. 2028ഒളിമ്പിക്സിന് അമേരിക്കയിലെ ലോസ് ആഞ്ജലസും 2032 ഒളിമ്പിക്സിന് ആസ്ട്രേലിയയിലെ ബ്രിസ്ബേനുമാണ് വേദികൾ. 2025ന് ശേഷമാവും 2036ലെ ഒളിമ്പിക് വേദി പ്രഖ്യാപനം.
ലോകകപ്പ് ഫുട്ബാൾ ഉദ്ഘാടനത്തിന് മുന്നോടിയായി ഖത്തറിലെത്തിയ ഐ.ഒ.സി പ്രസിഡൻറ് തോമസ് ബാഷുമായി ഇതുസംബന്ധിച്ച് ആശയ വിനിമയം നടത്തിയതായി 'റോയിട്ടേഴ്സ്' റിപ്പോർട്ട് ചെയ്തു. വിവിധ വൻകരകളിൽ ഒളിമ്പിക്സ് എന്ന ഐ.ഒ.സിയുടെ റൊട്ടേഷൻ നയം പ്രകാരം ഖത്തറിന്റെ ബിഡ് താൽപര്യത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോകകപ്പ് ഫുട്ബാളോടെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഏറെ മുന്നിലെന്ന് തെളിയിച്ചതും അനുകൂലാമവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.