അറേബ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്; സ്വർണത്തിളക്കത്തിൽ അലി ബിൻ അൻവർ അൽ ബലൂഷി
text_fieldsമസ്കത്ത്: ഈജിപ്തിൽ നടന്ന അണ്ടർ 23 അറേബ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടി ഒമാന്റെ യുവ സ്പ്രിന്റർ അലി ബിൻ അൻവർ അൽ ബലൂഷി. പാരീസ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയതിനുപിന്നാലെയാണ് ശ്രദ്ധേയമായ മറ്റൊരുനേട്ടം കൂടി ബലൂഷി സ്വന്തമാക്കിയത്. 10.00 സെക്കൻഡിനുള്ളിൽ ആണ് 100 മീറ്റർ താണ്ടിയത്. സൗദി അറേബ്യയുടെ നാസർ മുഹമ്മദ് 10.23 സെക്കൻഡിൽ വെള്ളി മെഡൽ നേടിയപ്പോൾ ലെബനാന്റെ ടാമർ മുഹമ്മദ് 10.32 സെക്കൻഡിൽ വെങ്കലവും കരസ്ഥമാക്കി.
ഈ മാസം പാരീസിൽ നടക്കുന്ന ഒളിമ്പിക് ഗെയിംസിന് മുമ്പുള്ള അലിയുടെ അവസാന ഔദ്യോഗിക മത്സരമായിരുന്നു ഇത്. ഒളിമ്പിക്സിനുള്ള തയാറെടുപ്പിനായി പരിശീലകൻ ഫഹദ് അൽ മഷൈഖിയുടെ നേതൃത്വത്തിൽ ശക്തമായ പരിശീലനം വരും ദിവസങ്ങളിൽ തുടരും. നൂറ് മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ അലിയുടെ പ്രകടനത്തെ കോച്ച് അഭിനന്ദിച്ചു. ഇത് പാരീസിൽ മികച്ച പ്രകടനം നടത്താൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും മികച്ച അറബ് അത്ലറ്റുകളിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന അലി പാരീസിലെ 100 മീറ്റർ ഓട്ടമത്സരത്തിനായി യോഗ്യത നേടിയ ഏക അറബ് താരംകൂടിയാണ്. അറേബ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ മറ്റ് ഇനങ്ങളിൽ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് ഹുസൈൻ അൽ ഫാർസി 1500 മീറ്റർ ഓട്ടത്തിൽ 4.03.39 മിനിറ്റിൽ നാലാമതായി ഫിനിഷ് ചെയ്തു.
4.01.16 മിനിറ്റിൽ ഫിനിഷ് ചെയ്ത അൽജീരിയയുടെ ഹിതെം ഷ്നെറ്റ്ഫ് ആണ് സ്വർണം മെഡൽ അണിഞ്ഞത്. ഖത്തർ അത്ലറ്റ് സക്കറിയ ഇബ്രാഹിം വെള്ളിമെഡലും ( 4.01.450) മൊറോക്കോയുടെ ഉസാമ എർറെഡൗനാനി 4.03.16 മിനിറ്റിൽ വെങ്കലവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.