ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്: തജിന്ദറിനും പാറുളിനും സ്വർണം
text_fieldsബാങ്കോക്: ഏഷ്യൻ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സുവർണ നേട്ടം തുടർന്ന് ഇന്ത്യൻ താരങ്ങൾ. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജിന്ദർ പാൽ സിങ് തുടർച്ചയായ രണ്ടാം തവണയും സ്വർണം എറിഞ്ഞിട്ടു.
വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ പാറുൾ ചൗധരിയും മഞ്ഞപ്പതക്കമണിഞ്ഞു. അഞ്ജു ബോബി ജോർജിന്റെ ശിഷ്യയായ ഷൈലി സിങ് ലോങ്ജംപിൽ വെള്ളി നേടി. ഏഷ്യൻ റെക്കോഡുകാരൻ കൂടിയായ തജിന്ദർ രണ്ടാം റൗണ്ടിൽ എറിഞ്ഞ 20.23 മീറ്ററാണ് സ്വർണത്തിലെത്തിയത്. പേശീവലിവ് കാരണം പിന്നീട് മത്സരം പൂർത്തിയാക്കാനായില്ലെങ്കിലും എതിരാളികൾക്ക് ഈ ദൂരം മറികടക്കാനായില്ല. ഇറാന്റെ സബേരി മെഹ്ദി (19.98) വെള്ളി നേടി.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പുരുഷ ഷോട്ട്പുട്ടിൽ സ്വർണം നിലനിർത്തുന്ന മൂന്നാമത്തെ താരമാണ് തജിന്ദർ. സ്വർണം നേടുന്ന എട്ടാമത്തെ ഇന്ത്യൻ താരവുമാണ്. ഒരാഴ്ച വിശ്രമിച്ചാൽ പേശീവലിവ് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ഒമ്പതു മിനിറ്റ് 38.76 സെക്കൻഡിലായിരുന്നു പാറുൾ ചൗധരിയുടെ കന്നി ഏഷ്യൻ ചാമ്പ്യൻഷിപ് സ്വർണത്തിനായുള്ള കുതിപ്പ്. 28കാരിയായ പാറുൾ അമേരിക്കയിലാണ് പരിശീലിക്കുന്നത്. 2017ലും 2019ലും പാറുൾ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനത്തായിരുന്നു. കരിയറിലെ ആദ്യ അന്താരാഷ്ട്ര പോരാട്ടത്തിലാണ് ഷൈലി വനിത ലോങ്ജംപിൽ സ്വർണത്തിളക്കമുള്ള വെള്ളിപ്പതക്കമണിഞ്ഞത്. 6.54 മീറ്ററായിരുന്നു ദൂരം.
6.96 മീറ്റർ താണ്ടിയ ജപ്പാന്റെ സുമിരെ ഹത ഒന്നാമതായി. ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ ഷൈലിയെ പിന്നിലാക്കിയ മലയാളി താരം ആൻസി സോജൻ 6.41 മീറ്ററുമായി നാലാമതായി. അതിനിടെ, അടുത്ത മാസം 19 മുതൽ ഹംഗറിയിലെ ബുഡപെസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള യോഗ്യത ദൂരവും സമയവും മറികടന്നില്ലെങ്കിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയവർക്ക് പങ്കെടുക്കാനായേക്കും. ഏഷ്യയിൽനിന്ന് ഇതിലും മികച്ച പ്രകടനമില്ലെങ്കിൽ സ്വർണ ജേതാക്കൾക്ക് ലോക ചാമ്പ്യൻഷിപ്പിന് അവസരം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.