ചെസ് കാൻഡിഡേറ്റ്സ് 2024; രാജകീയം ഈ ഇന്ത്യൻ പട
text_fieldsടോറന്റോ: ചതുരംഗത്തിന് നാന്ദി കുറിച്ച മണ്ണ് സുവർണ പ്രതാപകാലഘട്ടത്തിലെന്ന് സൂചിപ്പിച്ച് ലോക പോരാട്ടത്തിന് മുന്നോടിയായി നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റ്. ഏറ്റവും മികച്ച എട്ടുപേർ മാറ്റുരക്കുന്ന ടൂർണമെന്റിൽ ഇന്ത്യയിൽനിന്ന് ഇത്തവണ പങ്കെടുത്തത് പുരുഷ വിഭാഗത്തിൽ മൂന്നും വനിതകളിൽ രണ്ടും പേരാണ്. 17കാരനായ ഡി. ഗുകേഷ് കിരീടവുമായി ലോക പോരാട്ടത്തിലേക്ക് നടന്നുകയറിയ മത്സരങ്ങളിൽ ആർ. പ്രഗ്നാനന്ദ, കൊനേരു ഹംപി, വിദിത് ഗുജറാത്തി, ആർ. വൈശാലി എന്നിവരും മികച്ച പ്രകടനവുമായി അഭിമാനമായി.
സീഡിങ്ങിനും റേറ്റിങ്ങിനുമൊത്തതായിരുന്നു അക്ഷരാർഥത്തിൽ പ്രഗ്നാനന്ദയുടെ പ്രകടനം. ലോക മൂന്നാം നമ്പർ താരം ഹികാരു നകാമുറയെ രണ്ടുവട്ടം വീഴ്ത്തുകയെന്ന അപൂർവതയായിരുന്നു വിദിതിന്റെ സവിശേഷത. ഹംപിയാകട്ടെ, പതറിയ തുടക്കം വിട്ട് കളി കനപ്പിച്ച് അവസാനത്തിൽ പോയന്റ് പട്ടികയിൽ മികച്ചുനിന്നു. സമാനമായി നാലുകളി തോറ്റ് നിരാശപ്പെടുത്തിയ വൈശാലി പിന്നീട് അഞ്ചു കളികൾ തുടർച്ചയായി ജയിച്ച് അദ്ഭുതമായി.
പ്രഗ്നാനന്ദ ഇത്തവണ ടൂർണമെന്റിനെത്തുന്നത് റഷ്യൻ ഗ്രാൻഡ് മാസ്റ്റർ പീറ്റർ സ്വിഡ്ലറെ തന്റെ ടീമിന്റെ ഭാഗമാക്കിയായിരുന്നു. പലപ്പോഴും ഞെട്ടിക്കുന്ന പ്രകടനവുമായി ആവേശം വാനോളമുയർത്തിയെങ്കിലും വെറുതെ കളഞ്ഞുകുളിച്ച ചില അവസരങ്ങൾ താരത്തിന് കിരീടസാധ്യത നഷ്ടപ്പെടുത്തി.
ഗുകേഷിനെതിരെ രണ്ടാം റൗണ്ടിലെയടക്കം തോൽവി ചോദിച്ചുവാങ്ങി. അഞ്ചാം റൗണ്ടിൽ നെപ്പോംനിയാഷിക്കെതിരെ ജയിക്കാമായിരുന്ന മത്സരം സമനിലയിൽ വീണും എട്ടാം റൗണ്ട് മുതൽ 13 വരെ ആറു കളികളിൽ ഒരു ജയം പോലും നേടാനാകാതെയും ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തി.
വിദിത് ഗുജറാത്തിയാകട്ടെ കന്നിയങ്കത്തിൽതന്നെ അദ്ഭുതപ്പെടുത്തുന്ന കളിയുമായി നിറഞ്ഞുനിന്നു. നകാമുറക്കെതിരെ രണ്ടുവട്ടം ജയിച്ചതിനൊപ്പം ലോക നാലാം നമ്പർ താരം അലിറിസ ഫൈറൂസ്ജക്കെിരെയും ജയം കണ്ടു.
വനിതകളിൽ പരിചയം അവസരമാക്കി കളിച്ചാണ് കൊനേരു ഹംപി രണ്ടാം സ്ഥാനക്കാരിയായത്. ആദ്യ ഏഴു കളികളിൽ ജയമുണ്ടായില്ലെന്നു മാത്രമല്ല, ഏറ്റവും റേറ്റിങ് കുറഞ്ഞ ബൾഗേറിയൻ താരം നുർഗിൽ സലിമോവക്കെതിരെ തോൽക്കുകയും ചെയ്തത് കിരീടസ്വപ്നം പാതിവഴിയിലാക്കുകയായിരുന്നു. എന്നാൽ, അവസാന കളിയിൽ നിലവിലെ ചാമ്പ്യൻ ലീ ടിങ്ജിയെ വീഴ്ത്തി തന്റെ നഷ്ടക്കണക്കുകൾക്ക് പകരം വീട്ടാനും അവർക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.