ഡയമണ്ട് ലീഗ്: നീരജിന് സ്വർണം; ശ്രീശങ്കറിന് അഞ്ചാം സ്ഥാനം
text_fieldsലോസാൻ (സ്വിറ്റ്സർലൻഡ്): ഡയമണ്ട് ലീഗിന്റെ ലോസാൻ പാദത്തിലും സ്വർണമണിഞ്ഞ് ഇന്ത്യയുടെ ഒളിമ്പിക് ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്ര. ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ നടന്ന മത്സരത്തിൽ 87.66 മീറ്റർ എറിഞ്ഞാണ് നീരജ് തുടർച്ചയായ രണ്ടാം തവണയും ജേതാവായത്. ഡയമണ്ട് ലീഗ് 2023 പതിപ്പിന്റെ ദോഹ പാദത്തിലും നീരജിനായിരുന്നു സ്വർണം. അതേസമയം, ഇന്ത്യയുടെ മറ്റൊരു മെഡൽ പ്രതീക്ഷയായിരുന്ന ലോങ് ജംപ് താരം എം. ശ്രീശങ്കർ അഞ്ചാമനായി. 7.88 മീറ്ററായിരുന്നു പാലക്കാട്ടുകാരന്റെ പ്രകടനം.
ഫൗളോടെയാണ് നീരജ് തുടങ്ങിയത്. പിന്നാലെ 83.52 മീറ്ററും 85.04 മീറ്ററും എറിഞ്ഞു. നാലാം ശ്രമവും ഫൗൾ. തുടർന്ന് 87.66ലേക്ക് കയറി മെഡൽ ഉറപ്പിച്ചു. ആറാം ത്രോയും അവസാനത്തേതും 84.15 മീറ്ററായിരുന്നു. ജർമൻ താരം യൂലിയൻ വെബർ (87.03) വെള്ളിയും ചെക് റി പ്പബ്ലിക്കിന്റെ യാകൂബ് വാദ് ലെജ് (86.13) വെങ്കലവും നേടി. ഡയമണ്ട് ലീഗ് പോയന്റ് പട്ടികയിൽ 16 പോയന്റുമായി നീരജാണ് ലീഡ് ചെയ്യുന്നത്. വാദ് ലെജിന് 13ഉം വെബർ 12ഉം പോയന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ജൂലൈ 21ന് മോണകോ, ആഗസ്റ്റ് 31ന് സൂറിക് പാദങ്ങൾ കഴിഞ്ഞ് സെപ്റ്റംബറിൽ യൂജിനിൽ ഫൈനൽ നടക്കും.
കഴിഞ്ഞ വർഷം സൂറിക്കിൽ നടന്ന ഫൈനലിൽ സ്വർണം നേടി നീരജ് ഡയമണ്ട് ലീഗ് ചാമ്പ്യനാവുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു. മൂന്നാം റൗണ്ടിൽ ചാടിയ 7.88 മീറ്ററാണ് ശ്രീശങ്കറിന് ലോങ് ജംപിൽ അഞ്ചാം സ്ഥാനം സമ്മാനിച്ചത്. ബഹാമാസിന്റെ ലക്വുവാൻ നയേൺ (8.11) സ്വർണവും ഗ്രീസിന്റെ മിൽറ്റ്യാഡിസ് ടെന്റോഗ്ലൂ (8.07) വെള്ളിയും ജപ്പാന്റെ യൂകി ഹാഷിയോക (7.98) വെങ്കലവും സ്വന്തമാക്കി. കഴിഞ്ഞ മാസം നടന്ന ഡയമണ്ട് ലീഗ് പാരിസ് പാദത്തിൽ ശ്രീശങ്കർ വെങ്കലം നേടിയിരുന്നു.
ഇനി ലോക ചാമ്പ്യൻഷിപ് -നീരജ്
ന്യൂഡൽഹി: ഡയമണ്ട് ലീഗിന്റെ മോണകോ പാദത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര. ബുഡപെസ്റ്റിൽ ആഗസ്റ്റ് 19ന് ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിലാണ് ഇനി മത്സരിക്കുകയെന്ന് നീരജ് അറിയിച്ചു. പരിക്ക് കാരണം ഒരു മാസത്തിലധികം വിട്ടുനിന്ന ശേഷമാണ് ഡയമണ്ട് ലീഗ് ലോസാൻ പാദത്തിലെ സ്വർണപ്രകടനം.
സന്തോഷമുണ്ടെന്നും ലോക ചാമ്പ്യൻഷിപ് ലക്ഷ്യമിട്ട് പരിശീലനത്തിലേക്ക് മടങ്ങുകയാണെന്നും നീരജ് കൂട്ടിച്ചേർത്തു. ആഗസ്റ്റ് 25നാണ് ജാവലിൻ ത്രോ മത്സരം. പാരിസിന് പിന്നാലെ ലോസാനിലും സ്വർണം നേടിയ നീരജ് ഡയമണ്ട് ലീഗ് ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചതിനാൽ ജൂലൈ 21ന് നടക്കുന്ന മോണകോ പാദത്തിൽ പങ്കെടുക്കാത്തത് ബാധിക്കില്ല. സെപ്റ്റംബറിൽ യൂജിനിൽ നടക്കുന്ന ഫൈനലിന് മുമ്പ് ആഗസ്റ്റ് 31ന് സൂറിക് പാദ മത്സരവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.