ദോഹ ലൈവ്: ഖത്തർ ഓടി തീർത്ത ഷകീറിന് ഇനി യു.എ.ഇയും കീഴടക്കണം
text_fields
ഷകീർ ചീരായി ഗിന്നസ് വേൾഡ് റെക്കോഡ് സർട്ടിഫിക്കറ്റുമായി
ഖത്തറിലെ പ്രവാസികൾക്ക് സുപരിചിതനാണ് തലശ്ശേരി സ്വദേശിയായ ഓട്ടക്കാരൻ ഷകീർ ചീരായി. ദോഹ ബാങ്കിലെ ജീവനക്കാരനായ ഷക്കീർ താമസ സ്ഥലത്തു നിന്നും ഓഫീസിലേക്കും തിരികെയുമുള്ള യാത്രയെ ദീർഘദൂര ഓട്ടമാക്കിമാറ്റിയാണ് പ്രവാസികൾക്കിടയിലെ പ്രിയപ്പെട്ട ഓട്ടക്കാരനാക്കി മാറ്റിയത്. ഖത്തറിലെ വിവിധ മാരത്തൺ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് ഒരുപിടി മെഡലുകൾ സ്വന്തമാക്കിയ ഷകീർ, കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഗിന്നസ് ബുക്സ് ഓഫ് വേൾഡ്റെക്കോഡിലേക്ക് ഓടികയറിയത്. ഖത്തറിന്റെ ഒരറ്റത്തു നിന്നും മറ്റൊരു അറ്റത്തേക്ക് 30 മണിക്കൂർ 34 മിനിറ്റ് 09 സെക്കൻഡിൽ ഓടിയെത്തി ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ച് ഈ പ്രവാസി മലയാളി സ്ഥാപിച്ച റെക്കോഡിന്റെ സാക്ഷ്യപത്രമായി കഴിഞ്ഞ ദിവസമാണ് ഗിന്നസ് സർട്ടി ഫിക്കറ്റ് ദോഹയിൽ തേടിയെത്തിയത്.
ഖത്തർ ദേശീയ ദിനത്തിലായിരുന്നു തണുപ്പും കാറ്റും ഉൾപ്പെടെ പ്രതികൂലമായ സാഹചര്യങ്ങളെ തോൽപിച്ചുകൊണ്ട് ഷകീറിന്റെ ഓട്ടം. ഫെബ്രുവരി 17ന് രാവിലെ ആറു മണിക്ക് അബു സംറ അതിർത്തിയിൽ നിന്നും തുടക്കം കുറിച്ച ഓട്ടം, 192.14 കിലോമീറ്റർ ദൂരം പിന്നിട്ട് ഒരു പകലും രാത്രിയും നീണ്ട കുതിപ്പിനൊടുവിൽ അടുത്ത ദിവസം ഉച്ചയോടെ അൽ റുവൈസ് പോർട്ടിൽ ഫിനിഷ് ചെയ്യുകയായിരുന്നു. ശക്താമയ പൊടിക്കാറ്റും, വീശിയടിച്ച തണുപ്പിനെയുമെല്ലാം മറികടന്ന് ഫിനിഷ് ചെയ്തപ്പോൾ ഖത്തർ മണ്ണിൽ ഒരു മലയാളിയുടെ കുതിപ്പ് ചരിത്രമായി മാറി.
ഷകീർ ചീരായിയുടെ ഗിന്നസ് റെക്കോഡ് പ്രകടനം
ഗിന്നസ് നേട്ടത്തിന്റെ സാക്ഷ്യപത്രം അധികൃതരിൽ നിന്നും കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. ഗൾഫ് മാധ്യമം ഖത്തർ റൺ, മീഡിയ വണ ദോഹ റൺ, ദോഹ ബാങ്ക് ഗ്രീൻ റൺ, ദുബൈ മാരത്തൺ, ഖത്തർ റണ്ണിങ് സീരീസ് എന്നിവയിലെല്ലാം തുടർച്ചയായ പങ്കെടുത്ത് മെഡൽ അണിയുന്ന ഷകീർ ഇപ്പോൾ അടുത്ത ഓട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്.
ഖത്തറിന്റെ തെക്കുവടക്ക് ഓടിത്തീർത്ത കാലുകളുമായി ഇനി യു.എ.ഇയുടെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ അതിസാഹസിക ദൗത്യത്തിനുള്ള ഒരുക്കത്തിലാണ് ഈ തലശ്ശേരികാരൻ.
അൽ ഗുവൈഫാതിൽ തുടങ്ങി ഫുജൈറയിൽ അവസാനിക്കുന്ന ഓട്ടം 650ഓളം കിലോമീറ്റർ ദൈർഘ്യം വരും. ഏഴ് എമിറേറ്റുകളും കടന്ന് അഞ്ചു ദിവസം കൊണ്ട് വെല്ലുവിളി പൂർത്തിയാക്കണമെന്നാണ് സ്വപ്നം. നിലവിൽ ഏഴു ദിവസം കൊണ്ട് ഓടിതീർത്ത ബ്രിട്ടീഷുകാരന്റെ റെക്കോഡ് മറികടക്കുകയാണ് ലക്ഷ്യം. അതിന് ആവശ്യമായ സ്പോൺസറെ കൂടി ലഭിച്ചാൽ, ഫിറ്റ്നസ് നിലനിർത്തി യു.എ.ഇ ഓടിതീർക്കുന്ന കാലം അതിവിദൂരമല്ലെന്ന് ഷകീർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.