കോമൺവെൽത്ത് ട്രിപ്ളിൽ ചരിത്രമെഴുതി എൽദോസ് പോളും അബ്ദുല്ല അബൂബക്കറും
text_fieldsബർമിങ്ഹാം: ചരിത്രത്തിലേക്ക് കുതിച്ചുചാടി മലയാളിതാരങ്ങൾ. കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്ൾ ജംപിൽ സ്വർണവും വെള്ളിയും നേടി മലയാളികളായ എൽദോസ് പോളും അബ്ദുല്ല അബൂബക്കറും ഇന്ത്യൻ അത്‍ലറ്റിക്സിൽ പുതുചരിതമെഴുതി.
കോമൺവെൽത്ത് ട്രാക്ക് ആൻഡ് ഫീൽഡിൽ ഇതാദ്യമായാണ് ഇന്ത്യൻ താരങ്ങൾ ഒരു ഇനത്തിൽ ഒരുമിച്ച് വിജയപീഠമേറുന്നത്. ട്രിപ്ൾ ജംപിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടമാണ് എൽദോസിന്റേത്. മലയാളികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജംപ് പിറ്റിൽ തന്റെ മൂന്നാമത്തെ ശ്രമത്തിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണമുറപ്പിച്ചത്. അഞ്ചാമത്തെ ശ്രമത്തിൽ 17.02 പിന്നിട്ട അബൂബക്കർ വെള്ളിയുമുറപ്പിച്ചു. യൂജിനിൽ നടന്ന ലോക അത്‍ലറ്റിക് മീറ്റിൽ മികവ് കാട്ടിയതിന്റെ ആവേശവുമായി വന്ന എൽദോസും അബ്ദുല്ലയും ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുകയായിരുന്നു. ഇത്തവണ ട്രാക്കിലും ഫീൽഡിലും ഇന്ത്യയുടെ ആദ്യ സ്വർണംകൂടിയാണ് ഇത്.
ഞായറാഴ്ച നാലു സ്വർണമാണ് ഇന്ത്യൻ താരങ്ങൾ വാരിയത്. ഒപ്പം രണ്ടു വെള്ളിയും ആറു വെങ്കലവുംകൂടി. ബോക്സിങ് റിങ്ങിൽനിന്നായിരുന്നു മൂന്നു സ്വർണം. അമിത് പൻഗാലും നിഖാത് സരീനും നീതു ഘൻഗാസുമാണ് ഇടിക്കൂട്ടിൽ സ്വർണം പെയ്യിച്ചത്. ടേബ്ൾ ടെന്നിസിൽ അജന്ത ശരത് കമൽ-ജി. സത്യൻ ജോടി പുരുഷ ഡബ്ൾസിൽ വെള്ളി നേടി. ഹോക്കിയിൽ വനിത ടീം വെങ്കലം കരസ്ഥമാക്കിയപ്പോൾ വനിത ജാവലിൻത്രോയിൽ അന്നു റാണിയും പുരുഷന്മാരുടെ 10,000 മീ. നടത്തത്തിൽ സന്ദീപ് കുമാറും വെങ്കലമണിഞ്ഞു.
പുരുഷ ഹോക്കി ടീമും വനിത ക്രിക്കറ്റ് ടീമും ഫൈനലിൽ കടന്ന് വെള്ളിയുറപ്പിച്ചിട്ടുണ്ട്. ബാഡ്മിന്റണിൽ പി.വി. സിന്ധു, ലക്ഷ്യ സെൻ തുടങ്ങിയവരും ഫൈനലിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.