അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ്: സാന്ദ്ര ബാബുവിന് സ്വർണം, സാലിഹക്ക് വെങ്കലം
text_fieldsഭുവനേശ്വർ: 81ാമത് അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ് വനിത വിഭാഗം ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലക്ക് സ്വർണവും വെങ്കലവും. ട്രിപ്ൾ ജംപിൽ സാന്ദ്ര ബാബുവാണ് സ്വർണം നേടിയത്. 13.01 മീറ്റർ ദൂരം പിന്നിട്ടായിരുന്നു സാന്ദ്രയുടെ സുവർണനേട്ടം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിനിയാണ് സാന്ദ്ര. കാലിക്കറ്റിന്റെ മീര ഷിബു (12.83 മീ.) നാലാമതായി.
ഹൈജംപിൽ കാലിക്കറ്റിന്റെ തന്നെ കെ.എച്ച്. സാലിഹ വെങ്കലം കരസ്ഥമാക്കി. 1.73 മീറ്റർ ഉയരം മറികടന്നാണ് മനോന്മണിയം സുന്ദരം സർവകലാശാലയുടെ ഗ്രേസീന മെർലിയുടെയും (1.84 മീ.) ഭാരതീദാസൻ സർവകലാശാലയുടെ കെവിന അശ്വിനിയുടെയും (1.76 മീ.) പിറകിൽ സാലിഹ മൂന്നാമതെത്തിയത്. കാലിക്കറ്റിന്റെ മീര ഷിബു (1.70 മീ.) അഞ്ചാമതായി.
മീറ്റ് രണ്ടു ദിവസം പിന്നിട്ടപ്പോൾ 19 പോയന്റുമായി പഞ്ചാബി സർവകലാശാലയാണ് മുന്നിൽ. 17.5 പോയന്റുമായി കാലിക്കറ്റ് രണ്ടാമതുണ്ട്. ഇത്തവണ അന്തർ സർവകലാശാല അത്ലറ്റിക് മീറ്റ് പുരുഷ, വനിത ചാമ്പ്യൻഷിപ്പുകൾ വെവ്വേറെയാണ് നടക്കുന്നത്. പുരുഷ ചാമ്പ്യൻഷിപ് നേരത്തേ മംഗളൂരുവിൽ സമാപിച്ചിരുന്നു. ഭുവനേശ്വറിലെ കെ.ഐ.ടി.ടി സർവകലാശാലയാണ് വനിത ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.