അന്താരാഷ്ട്ര കായിക ഉച്ചകോടി ജനുവരി 23 മുതൽ തിരുവനന്തപുരത്ത്
text_fieldsകൊച്ചി: കേരളത്തിന്‍റെ പുതിയ കായികനയവും കായിക സമ്പദ്ഘടനാ വികസന പ്രക്രിയയും നാടിന് മുന്നിൽ അവതരിപ്പിക്കാൻ ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരത്ത് അന്താരാഷ്ട്ര കായിക ഉച്ചകോടി (ഐ.എസ്.എസ്.കെ) നടക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബാണ് വേദി. സംസ്ഥാനത്തിന്‍റെ കായിക രംഗത്ത് സമാനതകളില്ലാത്ത ആഗോള പങ്കാളിത്തവും നിക്ഷേപവും ലക്ഷ്യമിടുന്നതാണ് ഈ സമ്മേളനം. കായികവിദഗ്ധരിൽനിന്നും കായിക മാധ്യമപ്രവർത്തകരിൽ നിന്നുമായി ഉച്ചകോടിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സ്വീകരിക്കാൻ കൊച്ചി റീജനൽ സ്പോർട്സ് സെൻററിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
20 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും. കായികം എല്ലാവർക്കും (സ്പോർട്സ് ഫോർ ആൾ) എന്ന പ്രമേയത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യയിലാദ്യമായി കേരളമാണ് കായിക സമ്പദ്ഘടന വികസിപ്പിക്കുന്നതെന്നും 50,000 കോടിയുടെ സ്പോർട്സ് സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായാണ് ഉച്ചകോടി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
‘ഒരു വർഷത്തിനിടെ ജോലി നൽകിയത് 249 കായിക താരങ്ങൾക്ക്’
കൊച്ചി: സംസ്ഥാനത്ത് ഒരു വർഷത്തിനിടെ 249 കായിക താരങ്ങൾക്ക് ജോലി നൽകിയതായി കായികമന്ത്രി വി. അബ്ദുറഹ്മാൻ. തിരുവനന്തപുരത്ത് ജനുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര സ്പോർട്സ് ഉച്ചകോടിയുടെ ഭാഗമായി കൊച്ചിയിൽ നടത്തിയ പ്രത്യേക പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മൊത്തം 750 കായിക താരങ്ങൾക്ക് ഇതിനകം ജോലി നൽകിയിട്ടുണ്ട്. 94 പേരെ പുതുതായി എടുക്കാനുള്ള നടപടികളുമായി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഫിഫയുടെ നിലവാരമുള്ള ഫുട്ബാൾ സ്റ്റേഡിയം ഉടൻ ഒരുങ്ങും. മലപ്പുറത്ത് പയ്യനാട് സ്റ്റേഡിയത്തോട് ചേർന്നും കോഴിക്കോട് ബേപ്പൂരിലുമാണിത്. 110 കോടിയാണ് ഇതിനായി ചെലവഴിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.