മാധ്യമങ്ങളെ കാണാത്തതിന് പിഴ വീണ ഒസാക്ക ഫ്രഞ്ച് ഓപണിൽനിന്ന് പിൻവാങ്ങി; ലോകം താരത്തിനൊപ്പം
text_fieldsപാരിസ്: കളിക്കു ശേഷം മാധ്യമങ്ങളെ കാണാൻ വിസമ്മതിച്ചതിന് പിഴവീണ ജപ്പാന്‍റെ ലോക രണ്ടാം നമ്പർ താരം നഓമി ഒസാക്ക ഫ്രഞ്ച് ഓപൺ മത്സരങ്ങളിൽനിന്ന് പിൻവാങ്ങി. നേരത്തെ ഇതേ വിഷയത്തിൽ സംഘാടകർ മുന്നറിയിപ്പ് നൽകിയിട്ടും വഴങ്ങാതെ വന്നതിനു പിന്നാലെയായിരുന്നു തിങ്കളാഴ്ച പിഴയിട്ടത്. പുറത്താക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. എന്നാൽ, 15,000 ഡോളർ പിഴ പ്രഖ്യാപിച്ചതിന് പിന്നാലെ ആധിയും ഉത്കണ്ഠയും അലട്ടുന്നതായി കാണിച്ച് ടൂർണമെന്‍റിൽനിന്ന് പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.
നാലു തവണ ഗ്രാന്റ്സ്ലാം കിരീടങ്ങളിൽ മുത്തമിട്ട താരം കഴിഞ്ഞയാഴ്ച തന്നെ മാധ്യമങ്ങളെ കാണില്ലെന്ന് സൂചിപ്പിച്ചിരുന്നു. മാനസിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇതല്ലാതെ വഴിയില്ലെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, താൻ പിൻമാറുന്നതോടെ ഇനി ഓരോരുത്തർക്കും കളിയിൽ ശ്രദ്ധയൂന്നാനാകുമെന്നായിരുന്നു വിരമിക്കലിനു പിന്നാലെ അവരുടെ പ്രഖ്യാപനം.
പിന്മാറ്റത്തിനു പിന്നാലെ കായിക ലോകം പിന്തുണച്ചും എതിർത്തും കൂട്ടമായി രംഗത്തെത്തി. 'ഒസാക്കയുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്നും പരമാവധി വേഗം ശരിയാകട്ടെ'യെന്നും ജപ്പാൻ ടെന്നിസ് അസോസിയേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ തോഷിഹിസ സുഷിഹാസി പറഞ്ഞു. ടെന്നിസ് ഇതിഹാസം മാർട്ടിന നവരത്ലോവ, ബില്ലി ജീൻ കിങ് തുടങ്ങിയവരും പിന്തുണയുമായി എത്തി.
ടെന്നിസിൽ അതിവേഗം വലിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഒസാക്ക കഴിഞ്ഞ 12 മാസത്തിനിടെ മാത്രം 400 കോടിയിലേറെ സമ്പാദിച്ച താരമാണ്.
അതേ സമയം, 2018നു ശേഷം വിഷാദ രോഗം ബാധിച്ച് പ്രയാസം അനുഭവിക്കുന്നതായി നിരവധി തവണ ഒസാക്ക വെളിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.