ഓണസമ്മാനമൊരുക്കാൻ മഞ്ഞപ്പട
text_fieldsകൊച്ചി: ഐ.എസ്.എൽ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി ആരാധകർക്ക് ഓണസമ്മാനം നൽകാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. തിരുവോണനാളായ സെപ്റ്റംബർ 15ന് ഹോം ഗ്രൗണ്ടായ കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ടീമിന്റെ ആദ്യമത്സരം. പഞ്ചാബ് എഫ്.സിയാണ് എതിരാളികൾ. ബ്ലാസ്റ്റേഴ്സിന്റെ പൂർണ സ്ക്വാഡിനെ പരിചയപ്പെടുത്തുന്ന മീറ്റ് ദി സ്റ്റാർസ് ചടങ്ങ് കൊച്ചി ലുലുമാളിൽ സംഘടിപ്പിച്ചു.
ആരാധകർ നിറഞ്ഞ സദസ്സിലേക്ക് മലയാളത്തനിമയോടെ കസവുമുണ്ടുടുത്താണ് എല്ലാ താരങ്ങളും എത്തിയത്. സീസണിന് മുന്നോടിയായി കൊച്ചിയിലേക്ക് തിങ്കളാഴ്ചയാണ് താരങ്ങൾ വന്നത്. പരിപാടി നടക്കുന്ന വേദിക്ക് ചുറ്റും മാത്രമല്ല, മാളിന്റെ എല്ലാ നിലകളിലും ആരാധകർ ആവേശത്തോടെ നിലയുറപ്പിച്ചിരുന്നു. നിറഞ്ഞ കൈയടികളോടെയും ആർപ്പ് വിളികളോടെയുമാണ് ഓരോ താരത്തെയും എതിരേറ്റത്.
മലയാളി താരം രാഹുൽ കെ.പിയുടെ പരിശീലനത്തിൽ എല്ലാവരും മുണ്ട് മടക്കി കുത്തിയതും ആവേശം ഇരട്ടിയാക്കി. ലുലു ഗ്രൂപ് മീഡിയ മാനേജർ എൻ.ബി. സ്വരാജും മാൾ ഒഫീഷ്യൽസും ചേർന്നു ടീം അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഒഴികെ ഉള്ള എല്ലാ താരങ്ങളും ടീം ഒഫിഷ്യൽസും ചടങ്ങിനെത്തിയിരുന്നു. ഇത്രയധികം സ്നേഹം കിട്ടുമെന്ന് താൻ പ്രതീക്ഷിച്ചില്ലെന്നും ഇതിന് പകരമായി ടീമിന്റെ പരമാവധി പ്രകടനം പുറത്തെടുക്കുമെന്നും കോച്ച് മൈക്കൽ സ്റ്റാറേ പറഞ്ഞു. ചടങ്ങിൽ ലുലു മാളിലെ ഓണാഘോഷവും താരങ്ങൾ ചേർന്ന് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.