കേരള ഗെയിംസ്: തിരുവനന്തപുരം ചാമ്പ്യന്മാര്‍
text_fieldsതിരുവനന്തപുരം: കോവിഡ് മഹാമാരി തളര്‍ത്തിയ കായിക കേരളത്തിന് പുത്തന്‍ ഊർജം നല്‍കി പ്രഥമ കേരള ഗെയിംസിന് സമാപനം. മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി.
78 സ്വര്‍ണവും 67 വെള്ളിയും 53 വെങ്കലവുമുള്‍പ്പെടെ 198 പോയന്റ് നേടിയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. 39 സ്വര്‍ണവും 38 വെള്ളിയും 30 വെങ്കലവുമുള്‍പ്പടെ 107 പോയന്റുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനം നേടി. 26 സ്വര്‍ണവും 17 വെള്ളിയും 21 വെങ്കലവുമായി 64 പോയന്റോടെ കോഴിക്കോട് മൂന്നാമതെത്തി.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. പ്രശ്നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടന്നും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അധ്യക്ഷതവഹിച്ച മന്ത്രി വി. ശിവന്‍കുട്ടിയും വ്യക്തമാക്കി.
കാലഘട്ടത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞാണ് കേരള ഗെയിംസ് സംഘടിപ്പിച്ചതെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. കേരള ഗെയിംസ് മികച്ച മാതൃകയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശശി തരൂര്‍ എം.പി പറഞ്ഞു. രണ്ടാം കേരള ഗെയിംസിന് തൃശൂര്‍ വേദിയാകുമെന്ന് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ പറഞ്ഞു. വിവിധ ഇനങ്ങളിലെ ചാമ്പ്യന്‍ഷിപ്പുകള്‍ ഗവര്‍ണര്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ വിജയികള്‍ക്ക് സമ്മാനിച്ചു.
മേയര്‍ ആര്യാ രാജേന്ദ്രന്‍, മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ്, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എസ്. രാജീവ്, ട്രഷറര്‍ എം.ആര്‍. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, തിരുവനന്തപുരം ജില്ല ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്. ബാലഗോപാല്‍, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എസ്.എസ്. സുധീര്‍ തുടങ്ങിയവരും സമാപനച്ചടങ്ങില്‍ പങ്കെടുത്തു. ചാരു ഹരിഹരനും സംഘവും അവതരിപ്പിച്ച സംഗീതനിശ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.