നിയാസ് കണ്ടു, കണ്ണിലെ പാതിവെളിച്ചത്തിൽ സ്വർണം
text_fieldsകൊച്ചി: 100 മീറ്ററിൽ സ്റ്റാർട്ടിങ് ലൈനിൽ നിൽക്കുമ്പോൾ 13കാരൻ നിയാസ് അഹമ്മദിന് ഫിനിഷിങ് ലൈൻ കാണാൻ കഴിയുമായിരുന്നില്ല. പക്ഷേ ലക്ഷ്യത്തിലേക്കുള്ള ദൂരം മനസ്സിൽ കൃത്യമായിരുന്നു. ഒടുവിൽ കേരളത്തിലെ കായിക പാരമ്പര്യമുള്ള തലപ്പൊക്കമുള്ള സ്കൂളുകളിലെ ചുണക്കുട്ടന്മാരെ കണ്ണിലെ പാതിവെളിച്ചത്തിൽ ഓടിത്തോൽപ്പിച്ചാണ് സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കാസർകോട് ജി.എച്ച്.എസ്.എസ് അംഗഡിമൊഗറിലെ ഈ ഒമ്പതാംക്ലാസുകാരൻ സ്വർണം നേടിയത്. 12.40 സെക്കൻഡിലായിരുന്നു നിയാസിന്റെ ഫിനിഷിങ്.
സ്കൂളിലെ മൈതാനത്ത് സ്വയം ഓടിപ്പഠിച്ച നിയാസിന് പരിശീലകനെന്ന് പറയാൻ ആരുമില്ല. കൂട്ടിന് മാമന്റെ മകനും 10ാം ക്ലാസുകാരനുമായ ജിയാദ് മാത്രം. ഉപജില്ലയിൽ പങ്കെടുക്കണമെന്ന ആഗ്രഹവുമായി ജിയാദിനെയും കൂട്ടിയാണ് നിയാസ് പരിശീലനം ആരംഭിച്ചത്. ഉപജില്ലയിലും ജില്ലയിലും മെഡൽ ലഭിച്ചതോടെ ആത്മവിശ്വാസമായി. ജില്ല മത്സരത്തിൽ സിന്തറ്റിക് ട്രാക്കിൽ നഗ്നപാദനായി ഓടിയ നിയാസിനായി നാട്ടിലെ യുവധാര ക്ലബ് സ്പൈക്ക് സമ്മാനം നൽകി. അന്ന് ആദ്യമായാണ് ഒരു റണ്ണിങ് ഷൂ നിയാസ് തൊടുന്നത്. സംസ്ഥാന കായികമേളയിലേക്ക് തെരഞ്ഞെുക്കപ്പെട്ടതോടെ വീട്ടിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നീലേശ്വരത്തെ സിന്തറ്റിക് ട്രാക്കിലായിരുന്നു മൂന്നു ദിവസത്തെ പരിശീലനം. അന്ന് ജില്ല അസോസിയേഷൻ ഭാരവാഹികളാണ് നിയാസിന് സ്റ്റാർട്ടിങ് ടെക്നിക്കുകൾ പറഞ്ഞുകൊടുക്കുന്നത്. ഇതുമായാണ് നാലുദിവസം മുമ്പ് കൊച്ചിയിലെത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ അവസാന ലാപ്പിൽ സുഹൃത്ത് നൽകിയ ബാറ്റൺ കാഴ്ചപരിമിതികൊണ്ട് കൈപിടിയിലൊതുക്കാൻ നിയാസിന് കഴിഞ്ഞില്ല. ബാറ്റൺ നിലത്ത് വീണതോടെ ടീം പുറത്തായി.
താൻ കാരണം ടീം തോറ്റ വിഷമത്തിലാണ് നിയാസ് ഇന്നലെ 100 മീറ്ററിന് ഇറങ്ങിയത്. സങ്കടം ഉള്ളിലുള്ളതുകൊണ്ടുതന്നെ എതിരാളികൾ ട്രാക്കിൽ വാം അപ്പ് നടത്തുമ്പോഴും പരിശീലനത്തിന് പോലും ഇറങ്ങാതെ ഇരിക്കുകയായിരുന്നു. വാപ്പ അബ്ദുൽ ഹമീദ് ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോഴും വേണ്ട വാപ്പ, ഞാൻ ഓടിക്കോളാമെന്ന ഒറ്റമറുപടി. ഒടുവിൽ ട്രാക്കിൽ വെടിപ്പൊട്ടിയപ്പോൾ വീട്ടുകാരെയും ജില്ലയിലെ കായികാധ്യാപകരെയും എതിരാളികളെയും ഞെട്ടിച്ച് ഫോട്ടോഫിനിഷിലൂടെ കാസർകോടിന് ആദ്യ സ്വർണം സമ്മാനിക്കുകയായിരുന്നു ഈ പതിമൂന്നുകാരൻ. ഗാലറിയിലെ ആർപ്പുവിളികളിലൂടെയായിരുന്നു തന്റെ ലക്ഷ്യത്തിലേക്കുള്ള ദൂരം മനസിലാക്കിയതെന്ന് നിയാസ് 'മാധ്യമ'ത്തോട് പറഞ്ഞു. -
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.