ദേശീയ ഗെയിംസിൽ സ്വർണം: ബാലുശ്ശേരിക്ക് അഭിമാനമായി മേഘ്ന കൃഷ്ണ
text_fieldsബാലുശ്ശേരി: ഗുജറാത്തിൽ നടന്ന 36ാമത് ദേശീയ ഗെയിംസിൽ സ്വർണം നേടി സംസ്ഥാനത്തിന് അഭിമാനമായിമാറി ബാലുശ്ശേരിയുടെ മേഘ്ന കൃഷ്ണ. ബാലുശ്ശേരി എരമംഗലം പീടികക്കണ്ടി പറമ്പിൽ കർഷകനായ കൃഷ്ണൻകുട്ടി - സിന്ധു ദമ്പതികളുടെ മകളായ മേഘ്നകൃഷ്ണ പുൽപള്ളി ആർച്ചറി അക്കാദ മിയിലെ താരമാണ്.
ദേശീയ ആർച്ചറി മത്സരത്തിൽ ടീം ഇനത്തിൽ സംസ്ഥാനത്തിനായി സ്വർണം നേടിയാണ് മേഘ്നകൃഷ്ണയും ആർച്ചരാജനും സംസ്ഥാനത്തിന്റെ അഭിമാനതാരങ്ങളായത്. പുൽപള്ളി പഴശ്ശിരാജ കോളജിൽ സാമ്പത്തികശാസ്ത്രത്തിൽ രണ്ടാം വർഷ വിദ്യാർഥിയായ മേഘ്ന ഏഴാം ക്ലാസ് മുതൽ പുൽപള്ളിയിലെ സ്പോർട്സ് സ്കൂളിൽ പഠിക്കുകയാണ്.
5-3ന് മണിപ്പൂരിനെയാണ് ഇവർ പരാജയപ്പെടുത്തിയത്. ആറുവർഷമായി അമ്പെയ്ത്തിൽ പരിശീലനം നേടുന്നുണ്ട്. തൃശൂർ സ്വദേശി ഒ.ആർ. രഞ്ജിത്താണ് പരിശീലകൻ. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലാണ് പുൽപള്ളിയിലെ അമ്പെയ്ത്ത് പരിശീലനകേന്ദ്രം.
നാഷനൽ ഗെയിംസ് വനിതകളുടെ ഇന്ത്യൻ റൗണ്ട് വിഭാഗത്തിലാണ് കേരളം സ്വർണമെഡൽ സ്വന്തമാക്കിയത്. മേഘ്ന കൃഷ്ണയെ കൂടാതെ കെ.ജെ. ജെസ്ന, ആർച്ച രാജൻ, എ.വി. ഐശ്വര്യ എന്നിവരും ടീമിനോടൊപ്പം കളത്തിലുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മേഘ്നക്ക് എരമംഗലത്തെ നാട്ടുകാർ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. ഇന്നലെ തന്നെ പുൽപള്ളി കോളജിലേക്ക് പുറപ്പെട്ട മേഘ്നക്കും ടീം അംഗങ്ങൾക്കും പഴശ്ശിരാജ കോളജിലും സ്പോർട്സ് സ്കൂളിലും സ്വീകരണം ഒരുക്കിയിട്ടുണ്ട്. മേഘ്നക്ക് ബാലുശ്ശേരി പഞ്ചായത്തും സ്വീകരണമൊരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.