മുഅ്തസ് ബർഷിം ഒളിമ്പിക്സോടെ വിരമിക്കും
text_fieldsദോഹ: ഖത്തറിന്റെ സൂപ്പർ താരം കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവ് മുഅ്തസ് ബർഷിം പാരിസ് ഒളിമ്പിക്സോടെ വിരമിക്കും. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2012, 2016 ഒളിമ്പിക്സുകളിൽ വെള്ളി നേടിയ ബർഷിം കഴിഞ്ഞ തവണ സ്വന്തമാക്കിയ സ്വർണപ്പതക്കം നിലനിർത്തി രാജകീയമായി വിടവാങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇത്തവണയും ഖത്തർ ഒളിമ്പിക്സ് ടീമിനെ നയിക്കുന്നത് 33കാരനായ ബർഷിമാണ്.
രാജ്യത്തിന്റെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയും അദ്ദേഹം തന്നെ. അഞ്ച് ലോക ചാമ്പ്യൻഷിപ് മെഡലുകൾ നേടിയ ഏക ഹൈജംപ് അത്ലറ്റായി മാറിയ ബർഷിം പാരിസിൽ സ്വർണം നേടുകയും വരും തലമുറയിലെ ജംപർമാർക്ക് മറികടക്കാൻ ഉയരമാപിനിയിൽ പുതിയ ഉയരം സ്ഥാപിക്കുകയുമാണ് ലക്ഷ്യമെന്ന് ആഫ്രിക്കൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാജ്യാന്തര അത്ലറ്റിക്സിൽ ഖത്തറിന്റെ ഖ്യാതി വാനോളമുയർത്തിയ താരമാണ് ഹൈജംപ് താരമായ മുഅ്തസ് ഈസ ബർഷിം.
കിട്ടാക്കനിയായിരുന്ന ഒളിമ്പിക്സ് സ്വർണമെഡൽ, എതിരെ മത്സരിച്ച സുഹൃത്ത് ജിയാൻ മാർകോ ടാംബെരിയുമായി പങ്കുവെച്ചത് അന്താരാഷ്ട്ര കായികരംഗം ഇരുകൈയോടെ സ്വീകരിക്കുകയും വലിയ വാർത്തപ്രാധാന്യം നൽകിയതും ബർഷിമിനെ കൂടുതൽ പ്രശസ്തിയിലേക്കെത്തിച്ചു. കായിക പ്രേമികളുടെ മാത്രമല്ല, ലോകമെങ്ങുമുള്ള മനുഷ്യ സ്നേഹികളുടെയും കൈയടി നേടിയ നിമിഷമാണത്.
ജേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ പോരാട്ടം. ആദ്യ ചാട്ടങ്ങളിൽതന്നെ ലക്ഷ്യം നേടി ബർഷിമും ഇറ്റലിയുടെ ടംബേരിയും 2.37 മീറ്റർ ദൂരം പൂർത്തിയാക്കുകയായിരുന്നു. 2.39 ചാടിക്കടക്കാനായിരുന്നു അതുകഴിഞ്ഞ് ഇരുവരുടെയും ശ്രമം. പക്ഷേ, പരാജയപ്പെട്ടു.
ഇനി ഒറ്റത്തവണ കൂടി ചാടി വിജയിയെ തീരുമാനിക്കാമെന്ന് റഫറി വന്ന് പറയുകയായിരുന്നു. ഇരുവരെയും വിളിച്ച് ചാട്ടത്തിനൊരുങ്ങാൻ പറഞ്ഞ അദ്ദേഹത്തോട് ബർഷിമിന്റെ ചോദ്യം- ‘‘ആ സ്വർണം ഞങ്ങൾ രണ്ടുപേർക്കിടയിൽ പങ്കിട്ടുകൂടെ?’’ തീർച്ചയായുമെന്നായിരുന്നു മറുപടി. പിന്നെ മൈതാനം സാക്ഷിയായത് ഹൃദയഹാരിയായ മുഹൂർത്തങ്ങൾക്കായിരുന്നു.
കാലിൽ ഉടക്കിയ പഴയ വേദന മറന്ന ടംബേരി തനിക്ക് സ്വർണം സമ്മാനിച്ച ബർഷിമിനൊപ്പം ആഹ്ലാദനൃത്തം ചവിട്ടി. ഇരുവരും മൈതാനം വലംവെച്ചു. ഖത്തർ എന്ന രാജ്യത്തിന്റെ കൂടി മഹത്വം വിളിച്ചോതിയ ഹൃദ്യമായ നിമിഷങ്ങളായിരുന്നു അത്.
എതിരാളിയോടുള്ള ബഹുമാനവും സ്നേഹവും പ്രതിഫലിപ്പിക്കുന്ന തികച്ചും വൈകാരികമായ തീരുമാനമെന്നാണ് ബർഷിം ആ നിമിഷത്തെ വിശേഷിപ്പിച്ചത്.ദോഹയിൽ ഒരു സുഡാനി കുടുംബത്തിൽ 1991 ജൂൺ 24നാണ് ബർഷിം ജനിക്കുന്നത്. കുടുംബം ഖത്തറിലേക്ക് കുടിയേറിയതാണ്. സ്പോർട്സിന് അളവറ്റ പിന്തുണ നൽകുന്ന ഖത്തർ എന്ന രാജ്യത്തേക്കുള്ള രക്ഷിതാക്കളുടെ വരവ് ബർഷിമിന് അനുഗ്രഹമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.