ദേശീയ ഗെയിംസ്: കേരളത്തിന് വെള്ളിത്തുടക്കം
text_fieldsപനാജി: ഹരിയാനക്കുമുന്നിൽ അടിപതറിയെങ്കിലും ചരിത്ര നേട്ടത്തോടെ മെഡൽവേട്ടക്ക് തുടക്കമിട്ട് കേരളം. പുരുഷ നെറ്റ്ബാളിൽ കേരളത്തിന് വെള്ളി. ദേശീയ ഗെയിംസ് ചരിത്രത്തിലാദ്യമായാണ് നെറ്റ്ബാളിൽ കേരളം മെഡൽ സ്വന്തമാക്കുന്നത്. ഫൈനലിൽ ഹരിയാനക്കെതിരെ അവസാനംവരെ പൊരുതിയെങ്കിലും കേരളത്തിന് സുവർണനേട്ടം എത്തിപ്പിടിക്കാനായില്ല (45-42). അരുൺ ഫ്രാൻസിസിന്റെ മിന്നുംപ്രകടനമാണ് മലയാളിസംഘത്തിന് ഫൈനലിൽ കരുത്തായത്. അരുൺ 22 പോയന്റുകൾ നേടിയപ്പോൾ
ഹരികൃഷ്ണൻ 15ഉം പി.എ.ജോസഫ് അഞ്ച് പോയന്റും നേടി. തുടക്കത്തിൽ ഹരിയാനയുടെ ആക്രമണത്തിൽ പതറിയ കേരളസംഘം അതിവേഗം മികവിലേക്കുയർന്നു. കേരളം ആക്രമിച്ച് മുന്നേറിയതോടെ ഹരിയാനയുടെ ലീഡ് കുറഞ്ഞു. അവസാന നിമിഷങ്ങളിൽ ഒപ്പത്തിനൊപ്പമെന്ന നിലയിലേക്ക് കേരളം എത്തിയെങ്കിലും നേരിയ പോയന്റുകൾക്ക് സ്വർണം ഹരിയാനക്കൊപ്പംനിന്നു. പി.എസ്. അനിരുദ്ധൻ ക്യാപ്റ്റനായ കേരള ടീമിൽ ബേസിൽ ആന്ത്രയോസ് (വൈസ് ക്യാപ്റ്റൻ), അമൽ ജീവൻ, എ.എം. അർജുൻ, ടി.എം.
നിഥിൻ, ഫദഖ് ഖാൻ, വി.എ. ഹസീബ്, സിയാഫർ കാസിം, ജയകൃഷ്ണൻ എന്നിവരും അംഗങ്ങളായിരുന്നു. ഗോഡ്സൺ ബാബുവാണ് മുഖ്യപരിശീലകൻ. ജൂഡ് ആന്റണി സഹപരിശീലകരും എസ്. നജീമുദ്ദീൻ, യു.പി. സാബിറ എന്നിവർ മാനേജർമാരുമാണ്.
വോളിബാൾ: കേരളം ഹൈകോടതിയിലേക്ക്
പനാജി: ദേശീയ ഗെയിംസിൽനിന്നും വോളിബാളിനെ ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരെ കേരള താരങ്ങൾ വ്യാഴാഴ്ച കേരള ഹൈകോടതിയെ സമീപിക്കും. വോളിബാൾ ഫെഡറേഷനുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മത്സരം ഒഴിവാക്കാനുള്ള കാരണം. എന്നാൽ, മത്സരമില്ലെന്ന് ഗെയിംസ് അധികൃതർ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ തവണ കേരളത്തിന് വോളിബാളിൽ ഇരട്ടസ്വർണം ലഭിച്ചിരുന്നു. വോളിബാളിനെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് കായികമന്ത്രി വി. അബ്ദുറഹ്മാൻ കേന്ദ്ര കായിക മന്ത്രാലയത്തിനും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും കത്ത് അയച്ചിരുന്നു. മറ്റ് ചില ടീമുകൾ ഗോവ ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.