ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡിൽ തുടക്കം
text_fieldsഉത്തരാഖണ്ഡ് റായ്പുരിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന 38ാമത് ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽനിന്ന്
ഡെറാഡൂൺ: ഹിമാലയത്തിൽനിന്ന് വീശിയ തണുത്ത കാറ്റും താരപ്പൊലിമയിലും കലാപ്രകടനങ്ങളിലും തുടുത്ത രാവും സാക്ഷിയാക്കി ഇന്ത്യയുടെ ഒളിമ്പിക്സായ 38ാമത് ദേശീയ ഗെയിംസിന് റായ്പുരിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വർണാഭ തുടക്കം. ഉത്തരാഖണ്ഡിലെ ഏഴ് നഗരങ്ങളിൽ വിവിധ വേദികളിലായി ഫെബ്രുവരി 14 വരെ നടക്കുന്ന മത്സരങ്ങൾ രാജ്യത്തെ പതിനായിരത്തിലധികം കായിക പ്രതിഭകളുടെ കരുത്തിന് അടിവരയിടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും സർവിസസിനെയും പ്രതിനിധീകരിച്ചെത്തിയ 37 ടീമുകൾ അണിനിരന്ന മാർച്ച് പാസ്റ്റിനും രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ താരം പി.എസ് ജീനയും വുഷു താരം മുഹമ്മദ് ജാസിലുമായിരുന്നു കേരളത്തിന്റെ പതാക വാഹകർ. ബാഡ്മിന്റൺ ഒളിമ്പ്യൻ ലക്ഷ്യ സെൻ ദീപശിഖ പ്രധാനമന്ത്രിക്ക് കൈമാറി. രാജ്യത്തെ 27ാമത് സംസ്ഥാനമായി 2000 നവംബറിൽ നിലവിൽ വന്ന ഉത്തരാഖണ്ഡിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ കൂടി ഭാഗമാണ് ഇത്തവണത്തെ ദേശീയ ഗെയിംസ്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ, കോമൺ വെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രസിഡന്റ് ക്രിസ് ജെൻകിൻസ് തുടങ്ങിയവരും ദേശീയ, അന്തർ ദേശീയ കായിക താരങ്ങളും സംബന്ധിച്ചു. മത്സരങ്ങൾ ജനുവരി 26ന് ആരംഭിച്ചിരുന്നു.
വനിതാ, പുരുഷ വാട്ടർ പോളോയിലും കേരളം ഇന്ന് ഇറങ്ങും. വനിതാ വിഭാഗത്തിൽ തമിഴ്നാടിനെയും പുരുഷ വിഭാഗത്തിൽ മണിപ്പൂരിനെയും നേരിടും. വനിതാ വിഭാഗത്തിൽ കേരളം കഴിഞ്ഞ ദേശീയ ഗെയിംസിൽ സ്വർണം നേടിയിരുന്നു.
ഉദ്ഘാടനം കളർഫുൾ
ഹിമാലയ പർവത നിരകളുടെ താഴ്വരയായി സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികളും വേഷവിധാനങ്ങളും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി. കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് രാജിവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മധ്യത്തിലൊരുക്കിയ വേദിക്ക് പിറകിലായി 60 അടി ഉയരമുള്ള പ്രത്യേക ഗോപുരം സ്ഥാപിച്ചിരുന്നു. ഈ ഗോപുരത്തിലെ 60 ഡിഗ്രി പ്രോജക്റ്റ് സ്ക്രീനിൽ ഗാലറിയുടെ ഏത് ഭാഗത്തിരിക്കുന്നവർക്കും ഒരുപോലെ പരിപാടികൾ വീക്ഷിക്കാനായി. 3000ത്തിലധികം കലാകാരന്മാരാണ് അണിനിരന്നത്.
പാണ്ഡവ മ്യൂസിക് ബാൻഡിന്റെ പ്രകടനവും പ്രമുഖ ഗായകരായ ജുബിൻ നൗട്ടിയാൽ, പവൻദീപ് രാജൻ തുടങ്ങിയവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടായിരുന്നു. വൈകിട്ട് നാലിന് തുടങ്ങിയ ഉദ്ഘാടന ചടങ്ങുകൾ രാത്രി ഒമ്പതോടെയാണ് സമാപിച്ചത്. അതിശൈത്യം അടയാളപ്പെട്ട സംസ്ഥാനമായതിനാൽ 1000 കോടി മുടക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാണ് ഉത്തരഖണ്ഡ് ഇത്തവണ ദേശീയ ഗെയിംസ് വരവേൽക്കുന്നത്. ഹൽദ്വാനി, രുദ്രാപൂർ അടക്കം ഒമ്പത് ജില്ലകളിലായാണ് വേദികൾ. കായിക രംഗത്ത് ഇനിയുമേറെ ഉയരങ്ങൾ പിടിക്കാനാകാത്ത സംസ്ഥാനത്ത് ദേശീയ ഗെയിംസ് വിരുന്നെത്തുന്നതോടെ പുതിയ ആവേശം സൃഷ്ടിച്ചെടുക്കാനാകുമെന്നാണ് പ്രതീക്ഷ.
ലക്ഷ്യം 2036ലെ ഒളിമ്പിക്സ് വേദി -മോദി
2036ലെ ഒളിമ്പിക്സ് വേദിക്കായി ഇന്ത്യ ശ്രമം ഊർജിതമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത് രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു. ഇന്ത്യയിൽ ഒളിമ്പിക്സ് നടന്നാൽ എല്ലാ മേഖലകളിലും നേട്ടമുണ്ടാവും. അത് കായിക താരങ്ങൾക്ക് മെച്ചപ്പെട്ട സംവിധാനങ്ങൾ സൃഷ്ടിക്കും. രാജ്യപുരോഗതിയിൽ കായികരംഗം അവിഭാജ്യ ഘടകമാണെന്ന് മോദി കൂട്ടിച്ചേർത്തു. ഉത്തരാഖന്ധിന്റെ പരമ്പരാഗത തൊപ്പി ധരിച്ചാണ് മോദിയെത്തിയത്. തുടർന്ന് ഗ്രൗണ്ട് വലംവെച്ച പ്രധാനമന്ത്രി ഗാലറിയെ അഭിവാദ്യം ചെയ്തു. ഉത്തരാഖണ്ഡുകാരനായ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തതിന് പിന്നാലെ മാർച്ച് പാസ്റ്റ്. ഛത്തീസ്ഗഡാണ് ആദ്യമെത്തിയത്. പിന്നാലെ മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളും. പതിമൂന്നാമതായിരുന്നു കേരളത്തിന്റെ സ്ഥാനം. 25 പേരായിരുന്നു കേരള സംഘത്തിലുണ്ടായിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.