ദേശീയ ഗെയിംസ്: ജൂഡോയിൽ ഇരട്ട സ്വർണം; ഫുട്ബാളിൽ 'സന്തോഷ് ട്രോഫി ഫൈനൽ'
text_fieldsദേശീയ ഗെയിംസിൽ ആദ്യമായി ജൂഡോയിൽ ഫൈനലിൽ പ്രവേശിച്ച കേരള താരങ്ങൾ ഇരട്ട സ്വർണവുമായി ചരിത്രമെഴുതി. വനിതകളുടെ 78 കിലോ വിഭാഗത്തിൽ പി.ആർ. അശ്വതിയും പുരുഷന്മാരുടെ 90 കിലോയിൽ എ.ആർ. അർജുനുമാണ് ജേതാക്കളായത്. ഈ രണ്ട് മെഡലുകൾ മാത്രമാണ് ഞായറാഴ്ച കേരളത്തിന്റെ നേട്ടം. ഫുട്ബാളിൽ ഫൈനലിലെത്തിയതോടെ സ്വർണമോ വെള്ളിയോ ലഭിക്കുമെന്നുറപ്പായിട്ടുണ്ട്. 17 സ്വർണവും 16 വെള്ളിയും 13 വെങ്കലവുമായി എട്ടാം സ്ഥാനത്താണ് കേരളം. 51 സ്വർണം ഉൾപ്പെടെ 113 മെഡലുകളുമായി സർവിസസ് തന്നെ ഒന്നാമത്.
ഫൈനലിൽ ഉത്തർപ്രദേശിന്റെ തരുൺ ശർമയെ 1-0ത്തിനാണ് അശ്വതി തോൽപ്പിച്ചത്. ഇതേ സ്കോറിൽ അർജുൻ ഹരിയാനയുടെ വിക്രമിനെയും വീഴ്ത്തി. 2015ൽ നടന്ന ഗെയിംസിൽ ആതിഥേയരായ കേരളം ജൂഡോയിൽ നാല് വെങ്കല മെഡലുകൾ നേടിയിരുന്നു. ഇതായിരുന്നു ജൂഡോയിൽ ഇതുവരെയുള്ള മികച്ച നേട്ടം. അശ്വതിയും അന്ന് മെഡൽ നേടിയ താരമാണ്. അർജുനും അശ്വതിയും പത്തുവർഷമായി തൃശൂരിലാണ് പരിശീലനം നടത്തുന്നത്. ശരത് ചന്ദ്രൻ, മരിയാ ലി, അഖിൽ എം. നായർ എന്നിവരാണ് പരിശീലകർ. അലക്സിൻ ഷാജിയാണ് ടീം മാനേജർ.
ഫുട്ബാളിൽ 'സന്തോഷ് ട്രോഫി ഫൈനൽ'
ദേശീയ ഗെയിംസ് ഫുട്ബാളിൽ സന്തോഷ് ട്രോഫി ഫൈനലിന്റെ തനിയാവർത്തനം. ചൊവ്വാഴ്ച നടക്കുന്ന കലാശക്കളിയിൽ കേരളം പശ്ചിമ ബംഗാളിനെ നേരിടും. അപരാജിത യാത്ര തുടർന്ന കേരളം സെമി ഫൈനലിൽ കർണാടകയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപ്പിച്ചത്. ബംഗാൾ സർവിസസിനെ 1-0ത്തിന് പരാജയപ്പെടുത്തി.
കളിയുടെ ആദ്യ മിനിറ്റിൽതന്നെ മുഹമ്മദ് ആഷിഖിലൂടെ അക്കൗണ്ട് തുറന്ന കേരളത്തിനായി 55ാം മിനിറ്റിൽ അജീഷ് രണ്ടാം ഗോൾ നേടി. ഇരുടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും പാഴായി. വിഘ്നേഷിന്റെ പാസിൽ നിന്നാണ് ആദ്യ ഗോൾ പിറന്നത്. 44ാം മിനിറ്റിൽ വിഘ്നേഷ് തന്നെ സ്കോർ ചെയ്യുമെന്നുറപ്പിച്ച നിമിഷം ഗോളി ദീപക് കർണാടകയുടെ രക്ഷകനായി. പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് പാറക്കോട്ടിലാണ് അജീഷിനെ ഗോളടിക്കാൻ സഹായിച്ചത്. നീണ്ട ഇടവേളക്ക് ശേഷമാണ് കേരളത്തിന്റെ ദേശീയ ഗെയിംസ് ഫുട്ബാൾ ഫൈനൽ പ്രവേശനം. കഴിഞ്ഞ തവണ ആതിഥ്യമരുളിയപ്പോൾ ആദ്യ റൗണ്ടിൽതന്നെ പുറത്തായിരുന്നു. അഞ്ച് മാസം മുമ്പ് സന്തോഷ് ട്രോഫി ജേതാക്കളായ കേരളത്തിന് ഗെയിംസ് സ്വർണം കൂടി നേടാനായാൽ ഇരട്ടി മധുരമാവും. സന്തോഷ് ട്രോഫി സെമിയിലും കർണാടകയെയാണ് വീഴ്ത്തിയത്.
അതേസമയം, വനിത ഫൈനൽ തിങ്കളാഴ്ച വൈകീട്ട് ആറിന് നടക്കും. ഒന്നാം സെമിയിൽ മണിപ്പൂർ എതിരില്ലാത്ത അഞ്ച് ഗോളിന് അസമിനെയും രണ്ടാം സെമിയിൽ ഒഡിഷ ടൈബ്രേക്കറിൽ തമിഴ്നാടിനെയും തോൽപ്പിക്കുകയായിരുന്നു. വനിതകളിൽ കേരളത്തിന് പ്രാതിനിധ്യമുണ്ടായിരുന്നില്ല.
വോളിയിൽ വനിതകൾ സെമിയിൽ
വോളിബാളിൽ കേരള വനിതകൾ സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ തമിഴ്നാടിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് തോൽപിക്കുകയായിരുന്നു. സ്കോർ: 25-18, 26-24, 25-12. തിങ്കളാഴ്ച ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ കർണാടകയെ നേരിടും. വോളിബാളിൽ കേരള പുരുഷന്മാരും ജയം നേടി. ഹരിയാനയെ നേരിട്ടുള്ള സെറ്റുകൾക്കാണ് കീഴടക്കിയത്. സ്കോർ: 25-16, 25-17, 25-21. ആദ്യ മത്സരത്തിൽ സർവിസസിനോട് പരാജയപ്പെട്ടിരുന്നു. പുരുഷന്മാർക്ക് കർണാടകയുമായുള്ള ഇന്നത്തെ മത്സരം നിർണായകമാണ്.
വാട്ടർപോളോയിൽ മുക്കിയത് സർവിസസ് മലയാളിപ്പട
രാജ്കോട്ട്: പുരുഷ വാട്ടർപോളോ ഫൈനലിൽ കേരളത്തെ തോൽപ്പിച്ച് സ്വർണം നേടിയ സർവിസസ് ടീമിലെ ഭൂരിഭാഗം പേരും മലയാളികൾ. ഇന്ത്യൻ ടീം നായകൻ കൂടിയായ എസ്.ആർ. അനീഷ് കുമാർ, എസ്. മനോജ്, പ്രവീൺ, അമൽ, ജി.എസ്. അനന്തു, ജിബിൻ, സിബിൻ വർഗീസ് എന്നിങ്ങനെ ഏഴ് പേരാണ് കേരളീയർ. ഫൈനലിൽ 10-8 നായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.