ബോറടി മാറ്റാൻ തുടങ്ങി; കൈയടി നേടി പാലക്
text_fieldsഹാങ്ചോ: പത്തു മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗതയിനത്തിൽ സ്വർണം നേടിയ പാലക് ഗുലിയ ബോറടി മാറ്റാനാണ് കുട്ടിക്കാലത്ത് ഷൂട്ടിങ് തുടങ്ങിയത്. സമയംകൊല്ലാനുള്ള ഉന്നംപിടിക്കൽ പിന്നീട് ശീലമായി. പിന്നാലെ, ഹൃദയവികാരമായി. ഒടുവിൽ ഏഷ്യൻ ഗെയിംസിൽ റെക്കോഡോടെ സ്വർണമെന്ന ഗംഭീര നേട്ടവും.
ഹരിയാനയിലെ ഝജ്ജർ ജില്ലയിൽ നിന്നുള്ള ഈ 17കാരി ഗുഡ്ഗാവിലെ സെന്റ് സേവ്യർ സ്കൂളിൽ പഠിക്കുമ്പോഴാണ് ഷൂട്ടിങ്ങിനെക്കുറിച്ച് അറിയുന്നത്. രാവിലെ 6.30 മുതൽ 7.30 വരെ ഒരു മണിക്കൂർ പരിശീലനം പതിവായിരുന്നു. ബിസിനസുകാരനായ പിതാവാണ് പ്രഫഷനൽ ഷൂട്ടിങ്ങിലേക്ക് നയിച്ചത്. മാനസികമായി ഏറെ തയാറെടുപ്പോടെയാണ് വിജയത്തിലേക്ക് കുതിക്കാനാകുന്നതെന്ന് പാലക് ഗുലിയ പറഞ്ഞു. പ്രത്യേക ദിനചര്യയുണ്ട്.
എട്ടു മണിക്കൂർ ഉറക്കം നിർബന്ധമാണെന്നും പാലക് പറഞ്ഞു. ശാന്തമായിരിക്കുക, ക്ഷമ കാണിക്കുകയെന്നതും പ്രധാനം. നടക്കുകയാണെങ്കിൽപോലും തിരക്കുകൂട്ടരുത്. ഹൃദയമിടിപ്പ് ശാന്തമാകാൻ എല്ലാം സാവധാനം ചെയ്യണം. ഇന്ത്യൻ ഷൂട്ടിങ് ഹൈ പെർഫോമൻസ് ഡയറക്ടർ പിയറി ബ്യൂചംപ് ഫൈനൽ മത്സരത്തിന് തയാറെടുക്കാനായി പ്രത്യേക ‘വാർ റൂം’ സജ്ജമാക്കിയിരുന്നു. മത്സരത്തിലേതു പോലെയുള്ള തയാറെടുപ്പ് തന്നെയായിരുന്നു വാർ റൂമിലും.
ഹൃദയമിടിപ്പും ശ്വസനരീതിയും പ്രത്യേകം അളന്നിരുന്നു. ഫൈനൽ മത്സരത്തിന്റെ റിഹേഴ്സലായിരുന്നു വാർ റൂമിൽ. ഒക്ടോബറിൽ ചാങ്വോണിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും അടുത്ത വർഷം പാരിസ് ഒളിമ്പിക്സിലും മികച്ച പ്രകടനം നടത്തുകയാണ് പാലക് ഗുലിയയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.