ഖത്തർ മാസ്റ്റേഴ്സ് ചെസ് തിരിച്ചെത്തുന്നു; കരുനീക്കാൻ കാൾസനും
text_fieldsദോഹ: എട്ടുവർഷത്തെ ഇടവേളക്കുശേഷം ഖത്തർ മാസ്റ്റേഴ്സ് ചെസ് ടൂർണമെന്റിന് കളമൊരുങ്ങുന്നു. ടൂർണമെന്റിന് വീണ്ടും അരങ്ങൊരുങ്ങുമ്പോൾ ലോക ചാമ്പ്യൻ മാഗ്നസ് കാൾസൻ മാറ്റുരക്കാനെത്തും. 1.10 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ടൂർണമെന്റ് ഇക്കുറി ഒക്ടോബർ 10 മുതൽ 20 വരെ തീയതികളിലായി നടക്കുമെന്ന് ഖത്തർ ചെസ് ഫെഡറേഷൻ (ക്യു.സി.എഫ്) അധികൃതർ അറിയിച്ചു. ഇന്റർനാഷനൽ ചെസ് ഫെഡറേഷന്റെ (ഫിഡെ) അംഗീകാരത്തോടെയാണ് ചാമ്പ്യൻഷിപ് അരങ്ങേറുന്നത്.
2014ലാണ് ഖത്തർ മാസ്റ്റേഴ്സ് ചെസ് ആദ്യമായി നടന്നത്. അന്ന് ചൈനീസ് ഗ്രാൻഡ്മാസ്റ്റർ യൂ യാങ്ങീയാണ് ചാമ്പ്യൻപട്ടത്തിലേറിയത്. 2015ൽ നടന്ന രണ്ടാം ടൂർണമെന്റിൽ യാങ്ങീയെ കീഴടക്കി നോർവേക്കാരനായ കാൾസനായിരുന്നു ജേതാവ്. അഞ്ചുതവണ ലോക ചാമ്പ്യൻപട്ടം ചൂടിയ മാഗ്നസ് കാൾസൻ കരുക്കൾ നീക്കാനെത്തുമെന്നതു തന്നെയാണ് മൂന്നാമത് ഖത്തർ മാസ്റ്റേഴ്സ് ടൂർണമെന്റിന്റെ ഏറ്റവും വലിയ സവിശേഷത. ഒമ്പത് റൗണ്ടുകളുള്ള ടൂർണമെന്റിൽ ജേതാവിന് കാൽലക്ഷം ഡോളറാണ് സമ്മാനത്തുക.
ഖത്തറിലേക്ക് വീണ്ടും മാസ്റ്റേഴ്സ് ടൂർണമെന്റിനായി തിരിച്ചെത്തുന്നത് ആകാംക്ഷയോടെ ഉറ്റുനോക്കുന്നുവെന്ന് കാൾസൻ പറയുന്നു. ‘‘ഖത്തർ മാസ്റ്റേഴ്സിൽ വീണ്ടും കളിക്കാൻ കഴിയുന്നുവെന്നതിൽ എനിക്കേറെ സന്തോഷമുണ്ട്. ഈ ടൂർണമെന്റ് ഏറെ പ്രധാനപ്പെട്ടതാണ്. സംഘാടകർ നൽകുന്ന അതിശയകരമായ സഹകരണം കാരണം പങ്കെടുക്കുന്നവർക്കെല്ലാം അവിസ്മരണീയ അനുഭവങ്ങൾ പകർന്നുനൽകുന്ന ചാമ്പ്യൻഷിപ്പാണിത്. അവിടുത്തെ അന്തരീക്ഷം എപ്പോഴും മികച്ചതായിരിക്കും. മികച്ച താരങ്ങൾക്കൊപ്പം മത്സരിക്കുന്നവരുടെ എണ്ണത്തിലും ഖത്തർ വേറിട്ടുനിൽക്കും. ടൂർണമെന്റ് എളുപ്പം തുടങ്ങാനും അതിൽ മാറ്റുരക്കാനും കാത്തിരിക്കുകയാണ് ഞാൻ’’ -കാൾസൻ പ്രതികരിച്ചു.
ലോകത്തെ ഏറ്റവും ഉശിരൻ പോരാട്ടങ്ങൾ നടക്കുന്ന ഓപൺ ടൂർണമെന്റുകളിലൊന്നായ ഖത്തർ മാസ്റ്റേഴ്സ് എട്ടുവർഷത്തെ ഇടവേളക്കുശേഷം തിരിച്ചെത്തുമ്പോൾ ലോകത്തെ മികച്ച കളിക്കാരിൽ പലരും മത്സരിക്കാനെത്തുമെന്ന് ക്യു.സി.എഫ് പ്രസിഡന്റ് മുഹമ്മദ് അൽ മുദഹ്ക പറഞ്ഞു. ‘അറബ്, മിഡിലീസ്റ്റ് മേഖലയിൽ ലോകകപ്പ് ഫുട്ബാൾ നടാടെ അരങ്ങേറിയപ്പോൾ ഖത്തർ അത് വൻ വിജയമാക്കി മാറ്റിയതിന് ലോകം മുഴുവനും സാക്ഷിയായി. മറ്റു കായിക ഇനങ്ങളും അതേ രീതിയിൽ വിജയത്തിന്റെ വഴികളിലൂടെതന്നെ മുന്നേറും. ഖത്തർ മാസ്റ്റേഴ്സ് ടൂർണമെന്റിനുപുറമെ, മറ്റു പല പദ്ധതികളും ഞങ്ങൾ ആലോചിക്കുന്നുണ്ട്. ഇപ്പോൾ, ഇതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന ടൂർണമെന്റ്’ -മുഹമ്മദ് അൽ മുദഹ്ക പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.