സ്കൂൾ കായികമേളക്ക് കൊച്ചിയിൽ തുടക്കം; മത്സരങ്ങൾ നാളെ മുതൽ
text_fieldsകൊച്ചി: സ്കൂൾ കായികമേളക്ക് നിറപ്പകിട്ടാർന്ന തുടക്കം. ഒളിമ്പിക്സ് മാതൃകയിൽ നടക്കുന്ന ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ കായിക മാമാങ്കത്തിനാണ് ഇത്തവണ കൊച്ചി നഗരവും എറണാകുളം ജില്ലയിലെ വിവിധ വേദികളും സാക്ഷിയാവുന്നത്.
എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കായികമേള ഉദ്ഘാടനം ചെയ്തു. മേളക്ക് തുടക്കം കുറിച്ചുള്ള ദീപശിഖ മന്ത്രി ശിവൻകുട്ടിയും ഫോർട്ട്കൊച്ചി വെളി സ്കൂളിലെ ഭിന്നശേഷി വിദ്യാർഥിനി എസ്. ശ്രീലക്ഷ്മിയും ബ്രാൻഡ് അംബാസഡർ ഒളിമ്പ്യൻ പി.ആർ. ശ്രീജേഷും ചേർന്ന് തെളിച്ചു. കായികമേളയോടനുബന്ധിച്ച സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. കൂടെ മത്സരിക്കാൻ ആളുണ്ടാവുമ്പോഴാണ് ഓരോരുത്തർക്കും ജയിക്കാനാവുന്നതെന്നും മത്സരാർഥികളെ ശത്രുവായി കാണുന്നതിനുപകരം ഒപ്പം മത്സരിക്കുന്നവരായി മാത്രം കാണണമെന്നും മമ്മൂട്ടി പറഞ്ഞു.
3500 വിദ്യാർഥികൾ പങ്കെടുത്ത മാർച്ച് പാസ്റ്റ്, ആലുവ മുതൽ ഫോർട്ട് കൊച്ചി വരെയുള്ള 32 സ്‌കൂളിൽനിന്നുള്ള 4000 വിദ്യാർഥികൾ പങ്കെടുത്ത സാംസ്‌കാരിക പരിപാടി എന്നിവ സ്റ്റേഡിയത്തെ വർണാഭമാക്കി. കായിക മത്സരങ്ങൾ ചൊവ്വാഴ്ച മുതലാണ് ജില്ലയിലെ വിവിധ വേദികളിൽ നടക്കുക. അടുത്ത തിങ്കളാഴ്ച സമാപനവും സമ്മാനദാനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ചരിത്രത്തിലാദ്യമായി സവിശേഷ പരിഗണന അർഹിക്കുന്നവരെ ഉൾപ്പെടുത്തിയുള്ള ഇൻക്ലൂസിവ് സ്പോർട്സ്, കേരള സിലബസ് പഠിക്കുന്ന ഗൾഫ് മേഖലയിൽനിന്നുള്ള വിദ്യാർഥികളുടെ പങ്കാളിത്തം, ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി എന്നിവ ഇത്തവണത്തെ കായികമേളയുടെ മാത്രം സവിശേഷതകളാണ്. 17 വേദിയിലായി നടക്കുന്ന 39 ഇനങ്ങളിൽ പങ്കെടുക്കാനായി 24,000 കായിക താരങ്ങളാണ് എത്തുന്നത്. കായികമേളയിൽ പങ്കെടുക്കാനെത്തിയ ഭിന്നശേഷി വിദ്യാർഥികളെയും ഗൾഫിൽനിന്നുള്ള താരങ്ങളെയും മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.