സ്കൂൾ കായികമേള: തിരുവനന്തപുരത്തിന് ഓവറോൾ; അത്ലറ്റിക്സിൽ ചരിത്രം കുറിച്ച് മലപ്പുറം
text_fieldsകൊച്ചി: കടമ്പകൾ ചാടിക്കടന്ന്, കുത്തകകൾ തകർത്തെറിഞ്ഞ്, ചരിത്രത്തിലേക്ക് ഓടിക്കയറി മലപ്പുറത്തെ പൊൻതാരകങ്ങൾ. കിരീടം കാലങ്ങളായി മാറിമാറി കൈവശം വെച്ചുപോന്ന പാലക്കാടിനെയും എറണാകുളത്തെയുമെല്ലാം നിലംപരിശാക്കിയാണ് മലപ്പുറം ജില്ല 66ാമത് സംസ്ഥാന സ്കൂൾ കായികമേള അത്ലറ്റിക്സിൽ ചരിത്രമെഴുതിയത്. 22 സ്വർണവും 32 വെള്ളിയും 24 വെങ്കലവുമായി 247 പോയന്‍റോടെയാണ് ആദ്യ കിരീടനേട്ടം. നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് 25 സ്വർണവും 13 വെള്ളിയും 18 വെങ്കലവും സ്വന്തമാക്കി 213 പോയൻറ് നേടി രണ്ടാം സ്ഥാനത്തെത്തി.
മുൻ ചാമ്പ്യൻമാരും ആതിഥേയരുമായ എറണാകുളമാണ് (73) മൂന്നാമത്. മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസ് 80 പോയൻറ് നേടി തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻ സ്കൂളായി. അതേസമയം, വർഷങ്ങൾക്കുശേഷം ഗെയിംസും അത്ലറ്റിക്സും ഒരുമിച്ച് നടത്തിയ കായികമേളയിൽ തിരുവനന്തപുരം ജില്ല (1935) ഓവറോൾ കിരീടം കരസ്ഥമാക്കി. തൃശൂർ (848), മലപ്പുറം (824) രണ്ടും മൂന്നും സ്ഥാനത്തെത്തി. എട്ട് ദിവസമായി നടന്ന മേളയുടെ സമാപന ചടങ്ങിൽ സ്കൂളുകളുടെ പോയന്‍റുകൾ നിശ്ചയിച്ചതിനെ ചൊല്ലിയ തർക്കത്തിൽ നേരിയ സംഘർഷമുണ്ടായി.
സ്പോർട്സ് സ്കൂൾ വിഭാഗത്തിലുള്ള തിരുവനന്തപുരം ജി.വി രാജയെ രണ്ടാം സ്ഥാനക്കാരാക്കിയത് തിരുനാവായ നാവാമുകുന്ദ സ്കൂളും മാർ ബേസിൽ സ്കൂളും ചോദ്യം ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.
അഞ്ച് ദിവസമായി മഹാരാജാസ് കോളജ് സിന്തറ്റിക് ട്രാക്കിൽ നടന്ന അത്ലറ്റിക്സിൽ ഒമ്പത് മീറ്റ് റെക്കോഡാണ് പിറന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ രണ്ടാം സ്ഥാനത്തായിരുന്ന മലപ്പുറം ഇക്കുറി ആദ്യദിനം തന്നെ ലീഡ് പിടിച്ചിരുന്നു. ഇതാദ്യമായി ഏർപ്പെടുത്തിയ ഓവറോൾ ചാമ്പ്യൻമാർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് എവർറോളിങ് ട്രോഫി തിരുവനന്തപുരത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
ഗെയിംസിലെയും നീന്തലിലെയും സ്വർണക്കൊയ്ത്താണ് തലസ്ഥാനജില്ലയെ ജേതാക്കളാക്കിയത്. ഒളിമ്പിക്സ് മാതൃകയിൽ നാലുവർഷം കൂടുമ്പോൾ സംസ്ഥാന സ്കൂൾ കായികമേള നടത്താനായിരുന്നു തീരുമാനം. എന്നാൽ, ആദ്യതവണ തന്നെ വൻവിജയമായത് കണക്കിലെടുത്ത് വരുംവർഷങ്ങളിലും ഇതേ മാതൃക തുടരുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഗൾഫിലെ കായികതാരങ്ങളും ഭിന്നശേഷിക്കാരും പങ്കെടുത്തതാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.