കോളജ് ഗെയിംസ്: ആദ്യദിനം ഏഴ് റെക്കോഡ്; എം.എ കോളജ് മുന്നിൽ
text_fieldsകൊച്ചി: സംസ്ഥാന കോളജ് ഗെയിംസ് ആദ്യദിനത്തിൽ നിലവിലെ ചാമ്പ്യൻമാരായ കോതമംഗലം എം.എ കോളജിന്റെ മുന്നേറ്റം. എം.എ കോളജ് ഗ്രൗണ്ടില്‍ തുടങ്ങിയ അത്ലറ്റിക് മത്സരങ്ങളുടെ ആദ്യദിനം ആതിഥേയ ടീം 35 പോയന്റ് നേടി- നാല് സ്വര്‍ണം, അഞ്ച് വെള്ളി. 13 പോയന്റുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജാണ് രണ്ടാമത്. കാഞ്ഞങ്ങാട് നെഹ്റു കോളജ് 11 പോയന്റുമായി മൂന്നാമതുണ്ട്. ഇരുകോളജും രണ്ടുവീതം സ്വര്‍ണം നേടി. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജും ആദ്യദിനം സ്വര്‍ണം നേടി.
ആദ്യദിനത്തിലെ 10 ഫൈനലില്‍ ഏഴിലും പുതിയ റെക്കോഡ് പിറന്നു. കെസിയ മറിയം ബെന്നി -ഹാമര്‍ത്രോ (51.14), എ.കെ. സിദ്ധാര്‍ഥ്-പോള്‍വാള്‍ട്ട് (4.61), അനൂപ് വത്സന് -ജാവലിന്‍ ത്രോ-65.68 (മൂവരും എം.എ കോളജ്), തൗഫീറ സി.പി -ഡിസ്ക്സ് ത്രോ (39.36), കെ.സി. സിദ്ധാര്‍ഥ് -ഡിസ്ക്സ് ത്രോ -46.80 (ഇരുവരും നെഹ്റു കോളജ്, കാഞ്ഞങ്ങാട്), മേഘ മറിയം മാത്യു-ഷോട്ട്പുട്ട് (12.48 -ക്രൈസ്റ്റ് ഇരിങ്ങാലക്കുട), ദിവ്യമോഹന്‍-പോള്‍വാള്‍ട്ട് -(3.50 -സെന്റ് പീറ്റേഴ്സ് കോലഞ്ചേരി) എന്നിവരാണ് റെക്കോഡ് നേട്ടക്കാര്‍.
ഹാമറില്‍ ബ്ലെസി ദേവസിയും ഡിസ്കസ് ത്രോയില്‍ ആന്‍ഡ്രിക് മൈക്കിള്‍ ഫെര്‍ണാണ്ടസും നിലവിലെ റെക്കോഡ് പ്രകടനം മറികടന്നു. രണ്ടുപേരും എം.എ കോളജ് താരങ്ങളാണ്. പുരുഷ വോളിബാളില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് പയ്യന്നൂര്‍ കോളജിനെയും (3-0), ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പത്താനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജിനെയും (3-1) തോല്പിച്ചു. ഫുട്ബാളിലെ ആദ്യ മത്സരത്തില്‍ മഹാരാജാസ് കോളജ് മൂന്നിനെതിരെ രണ്ടുഗോളിന് കണ്ണൂര്‍ എസ്.എന്‍ കോളജിനോട് പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.