നിറങ്ങളിൽ നിറഞ്ഞ് മഹാരാജാസിന്‍റെ സിന്തറ്റിക് ട്രാക്ക്
text_fieldsകൊച്ചി: സിന്തറ്റിക് ട്രാക്കായി ഒരുക്കിയിട്ട മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ പച്ചപ്പുല്ലിനും ചുവന്ന ട്രാക്കിനും മുകളിൽ പല നിറങ്ങൾ നിറഞ്ഞുനിന്നു. കായികപ്രതിഭകൾ പങ്കെടുത്ത വർണാഭ മാർച്ച് പാസ്റ്റായിരുന്നു ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുമ്പ് മഹാരാജാസ് സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ഹ്രസ്വമായ ഉദ്ഘാടനച്ചടങ്ങിനുശേഷം വീണ്ടും സാംസ്കാരിക പരിപാടികളുടെ നിറപ്പകിട്ടിലേക്ക് മൈതാനം വഴിമാറി. ബാൻഡ് മാർച്ച്, നേവൽ എൻ.സി.സി കാഡറ്റുകളുടെ ട്വന്‍റി ഫോർ കൊച്ചി ഫോർമേഷൻ, 1000 പേരുടെ മാസ് ഡ്രിൽ, 1000 പേർ അണിനിരന്ന സൂബ, 1000 പേർ അണിനിരന്ന ഫ്രീ ഹാൻഡ് എക്സർസൈസ്, ക്വീൻ ഓഫ് അറേബ്യൻ സി അവതരണം, കൊച്ചിൻ കാർണിവൽ, അത്തച്ചമയം തുടങ്ങിയവ സാംസ്കാരിക പരിപാടിയിൽ അരങ്ങേറി.
ഒളിമ്പിക്സ് സ്വപ്നത്തിലേക്കുള്ള ആദ്യപടി -ശ്രീജേഷ്
കൊച്ചി: ഒളിമ്പിക്സ് എന്ന സ്വപ്നത്തിലേക്കുള്ള ആദ്യപടിയാണ് സംസ്ഥാന സ്കൂൾ കായികമേളയെന്ന് മേളയുടെ ബ്രാൻഡ് അംബാസഡർ പി.ആർ. ശ്രീജേഷ് ഉദ്ഘാടനച്ചടങ്ങിൽ പറഞ്ഞു. ഒളിമ്പിക്സിൽ എന്താണ് നടക്കാൻ പോകുന്നതെന്നതിന്‍റെ റെപ്ലിക്കയും മാതൃകയുമാണിത്.
ഒളിമ്പിക്സിൽ എത്തുകയെന്നതല്ല, ഒളിമ്പിക്സിൽ സ്വർണ മെഡൽ നേടുകയെന്നതായിരിക്കണം നമ്മുടെ സ്വപ്നം. താൻ ഒരുദിവസം വിശ്രമിക്കുകയോ ഒരു പരിശീലനം ഒഴിവാക്കുകയോ കള്ളത്തരം പറഞ്ഞ് മാറിനിൽക്കുകയോ ചെയ്യുമ്പോൾ ഈ ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണിൽ ഒരാൾ നമ്മളെ തോൽപിക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന ചിന്ത മനസ്സിലുണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭിന്നശേഷി പ്രതിഭകൾക്ക് ഉജ്ജ്വല വരവേൽപ്
കൊച്ചി: പരിമിതികൾ പഴങ്കഥയാക്കാനായി കായികമേളയിൽ പങ്കെടുക്കാനെത്തി ഭിന്നശേഷി വിദ്യാർഥികൾ. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസിവ് സ്പോർട്സിൽ മാറ്റുരക്കാനെത്തിയത് 1600ഓളം കായിക പ്രതിഭകളാണ്. ഇവർക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വരവേൽപ് നൽകി.
ഭിന്നശേഷി വിദ്യാർഥികളോടും അവരുടെ കുടുംബത്തോടും സർക്കാറിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്താദ്യമായാണ് പൊതുവിഭാഗത്തിൽപെടുന്ന കായിക താരങ്ങൾക്കൊപ്പം ഭിന്നശേഷി വിദ്യാർഥികളുടെ മത്സരവും ഉൾപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് ഇവരുടെ മത്സരം. അത്ലറ്റിക്സിൽ നാല് ഇനങ്ങളിലും ഗെയിംസിൽ മൂന്ന് ഇനങ്ങളിലുമാണ് മത്സരം. രാവിലെ ഏഴിന് ആരംഭിച്ച് രാത്രിയോടെ സമാപിക്കുന്ന രീതിയിലാണ് മത്സരങ്ങളുടെ ക്രമീകരണം. നാൽപതോളം അധ്യാപകരും രക്ഷിതാക്കളുമാണ് ഇവർക്ക് അകമ്പടിയായെത്തിയിരിക്കുന്നത്. നഗരത്തിലെ വിവിധ സ്കൂളുകളിലാണ് താമസസൗകര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.