പത്തുനാൾ അകലെ ഒളിമ്പിക്സ്
text_fieldsടോക്യോ: ലോകകായിക മാമാങ്കത്തിന് തിരിതെളിയാൻ ഇനി പത്തു നാൾ മാത്രം. കോവിഡ് മഹാമാരിക്കാലത്ത് ആളും ആരവവുമില്ലാതെയാവും പോരാട്ടങ്ങളെങ്കിലും ആവേശത്തിന് കുറവൊന്നുമുണ്ടാവില്ല. 2016 റിയോ ഒളിമ്പിക്സിലെ ചാമ്പ്യന്മാരായ അമേരിക്കയും റണ്ണേഴ്സ് അപ്പായ ബ്രിട്ടനും കരുത്തരായ ചൈനയും റഷ്യയുമെല്ലാം താരങ്ങളെ രാകിമിനുക്കി ഒരുങ്ങിക്കഴിഞ്ഞു. 46 സ്വർണവുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അമേരിക്ക റിയോ ഒളിമ്പിക്സിൽ ജേതാക്കളായത്. 2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കോവിഡ് വ്യാപനത്തെത്തുടർന്ന് ഒരുവർഷത്തേക്ക് നീട്ടിവെക്കുകയായിരുന്നു. 23ന് ആരംഭിക്കുന്ന മത്സരങ്ങൾ രണ്ടാഴ്ച നീളും. തൊട്ടുപിറകെ പാരാലിമ്പിക് ഗെയിംസും അരങ്ങേറും.
119 പേർ; ഇന്ത്യൻ സംഘം തയാർ
1920 മുതൽ എല്ലാ ഒളിമ്പിക്സിലും പ്രാതിനിധ്യം അറിയിച്ചിട്ടുള്ള ഇന്ത്യ ഇത്തവണ 67 പുരുഷന്മാരും 52 വനിതകളും ഉൾപ്പെടെ 119 അംഗ ടീമിനെയുമായാണ് ടോക്യോയിലേക്ക് പോകുന്നത്. സപ്പോര്‍ട്ട് സ്റ്റാഫും ഒഫീഷ്യല്‍സും അടക്കം 228 പേർ ഉണ്ടായിരിക്കും. ന്യൂഡൽഹിയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു. ഇതാദ്യമായാണ് ഇത്രയും പേരെ ഇന്ത്യ ഒളിമ്പിക്സിന് അയക്കുന്നത്. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരത്തിനൊരുങ്ങുന്നത്.
ഉദ്ഘാടന ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആറു തവണ ലോക ബോക്സിങ് ചാമ്പ്യനായ എം.സി. മേരി കോമും ഹോക്കി ടീം നായകന് മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാക വഹിക്കും. സമാപന ചടങ്ങില്‍ ഗുസ്തി താരം ബജ്റങ് പൂനിയ ആകും പതാകവാഹകൻ.
ജാവലിൻ ത്രോയിൽ നീരജ് ചോപ്രയാണ് ഒളിമ്പിക്സിലെ ഗ്ലാമർ ഇനമായ അത്ലറ്റിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. ഹോക്കി ടീം, ഷൂട്ടിങ്, ഗുസ്തി തുടങ്ങിയവരിലും പ്രതീക്ഷയുണ്ട്.
ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘമായ സെയ്ലിങ് ടീം ടോക്യോയിൽ എത്തി. വരുൺ താക്കർ, ഗണപതി ചെങ്ങപ്പ, വിഷ്ണു ശരവണൻ, നേത്ര കുമനൻ എന്നിവരടങ്ങിയതാണ് സെയ്ലിങ് ടീം. 25ന് തുടങ്ങുന്ന സെയ്ലിങ് മത്സരങ്ങളിൽ മൂന്ന് വിഭാഗങ്ങളിൽ ഇവർ പങ്കെടുക്കും.
ഒമ്പത് മലയാളികൾ
ടോക്യോ ഒളിമ്പിക്സിനുള്ള 26 അംഗ അത്ലറ്റിക് ടീമിൽ ഏഴു മലയാളികളാണ് ഇടംപിടിച്ചത്. എം. ശ്രീശങ്കർ (ലോങ്ജംപ്), കെ.ടി. ഇർഫാൻ (20 കി.മീ. നടത്തം), എം.പി. ജാബിർ (400 മീ. ഹർഡിൽസ്), മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ് (മൂവരും 4x400 മീ. റിലേ), അലക്സ് ആൻറണി (4x400 മീ. മിക്സഡ് റിലേ) എന്നിവരാണ് ടോക്യോയിലേക്ക് പറക്കുന്ന മലയാളി അത്ലറ്റുകൾ. ഒപ്പം ഹോക്കി ടീമിൽ ഗോൾ കീപ്പർ പി.ആർ. ശ്രീജേഷും നീന്തലിൽ സാജൻ പ്രകാശുമുണ്ട്. എന്നാൽ, ഇത്തവണ വനിത സാന്നിധ്യമില്ലാത്തത് മലയാളി സംഘത്തിെൻറ മാറ്റുകുറച്ചു.
അത്ലറ്റിക്സ് സംഘത്തിൽ സ്ഥാനം പ്രതീക്ഷിച്ച ജിസ്ന മാത്യുവും വി.കെ. വിസ്മയയും പുറത്തായതോടെയാണ് വനിത പ്രതീക്ഷ അസ്തമിച്ചത്. 45 വർഷത്തിനിടെ ആദ്യമായാണ് മലയാളി വനിതകളില്ലാതെ താരങ്ങളുമില്ലാതെ ഇന്ത്യ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.