ഒളിമ്പിക്സ്: ശ്രീശങ്കറും ഇർഫാനും ഫിറ്റ്നസ് തെളിയിക്കണം
text_fieldsന്യൂഡൽഹി: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന മലയാളി അത്ലറ്റുകളായ കെ.ടി. ഇർഫാനും എം. ശ്രീശങ്കറിനും ഫിറ്റ്നസ് കടമ്പ. നേരത്തേ തന്നെ ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയതിനാൽ അടുത്തിടെ നടന്ന മീറ്റുകളിൽ ഇരുവരും പങ്കെടുത്തിരുന്നില്ല. അതിനാലാണ് ഇവരോട് ഫിറ്റ്നസ് പരിശോധനക്ക് വിധേയരാവാൻ അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് അദില്ലെ സുമരിവാല ആവശ്യപ്പെട്ടത്. ഒളിമ്പിക് യോഗ്യത ഉറപ്പാക്കിയ ഭാവന ജാട്ടിനും ഫിറ്റ്നസ് തെളിയിക്കേണ്ടിവരും.
ഇന്ത്യയിൽനിന്ന് ആദ്യം യോഗ്യത നേടിയ ട്രാക്ക് ആൻഡ് ഫീൽഡ് താരമാണ് 20 കി.മീ നടത്തത്തിൽ മത്സരിക്കുന്ന ഇർഫാൻ. 2019 മാർച്ചിൽ ജപ്പാനിൽ നടന്ന ഏഷ്യൻ നടത്ത മത്സരത്തിലാണ് ഇർഫാൻ യോഗ്യത നേടിയത്. ഈ വർഷം മാർച്ചിൽ നടന്ന ദേശീയ നടത്ത മത്സരത്തിലാണ് ഇർഫാൻ അവസാനമായി പങ്കെടുത്തത്. അതിനുശേഷം കോവിഡ് ബാധിക്കുകയും മുക്തനാവുകയും ചെയ്തു.
ഈവർഷം മാർച്ചിൽ നടന്ന ദേശീയ സീനിയർ ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ ലോങ്ജംപ് യോഗ്യത നേടിയ ശ്രീശങ്കർ പട്യാലയിൽ നടന്ന ദേശീയ അന്തർ സംസ്ഥാന ചാമ്പ്യൻഷിപ്പിനെത്തിയെങ്കിലും മത്സരിച്ചിരുന്നില്ല. ഇരുവരുടെയും പ്രകടനത്തിെൻറ കാര്യത്തിൽ ആശങ്കയില്ലെന്നും ശാരീരികക്ഷമത പരിശോധിക്കുക മാത്രമാണ് ചെയ്യുകയെന്നും സുമരിവാല അറിയിച്ചു. ബംഗളൂരുവിലെ സായി കേന്ദ്രത്തിൽ പരിശീലനത്തിലുള്ള ഇരുവരും അവിടെവെച്ചുതന്നെ ഫിറ്റ്നസ് പരിശോധനക്ക് വിധേയരാവുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.