വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇന്ന് ന്യൂഡൽഹിയിൽ തുടക്കം
text_fieldsന്യൂഡൽഹി: വിവിധ കാരണങ്ങളാൽ മത്സരം ആരംഭിക്കുന്നതിനുമുമ്പേ കായികലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ വനിത ലോക ബോക്സിങ് ചാമ്പ്യൻഷിപ് ഈമാസം 15 മുതൽ 26 വരെ ന്യൂഡൽഹി കെ.ഡി. ജാദവ് ഇൻഡോർ ഹാളിൽ നടക്കും. യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെയും ബെലറൂസിനെയും പ്രതിനിധാനംചെയ്യുന്ന താരങ്ങളെ മത്സരിപ്പിക്കരുതെന്ന ആവശ്യം നിരാകരിക്കപ്പെട്ടതിനെത്തുടർന്ന് നിരവധി രാജ്യങ്ങൾ ചാമ്പ്യൻഷിപ്പിൽനിന്ന് പിന്മാറിയിട്ടുണ്ട്.
അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷനും രാജ്യാന്തര ഒളിമ്പിക് അസോസിയേഷനുമായി നിലനിൽക്കുന്ന ഭിന്നതയും ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിലെ വിവാദങ്ങളുമെല്ലാമാണ് ഇത്തവണത്തെ ലോക ചാമ്പ്യൻഷിപ്പിനെ വാർത്തകളിൽ നിറച്ചത്. ഇന്ത്യ ആതിഥ്യമരുളുന്നത് മൂന്നാം തവണ.
പ്രമുഖരില്ലാതെ
അമേരിക്ക, കാനഡ, ചെക്ക് റിപ്പബ്ലിക്, ബ്രിട്ടൻ, അയർലൻഡ്, നെതർലൻഡ്സ്, നോർവേ, പോളണ്ട്, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളിലെ താരങ്ങൾ മത്സരിക്കുന്നില്ല. അയർലൻഡിന്റെ ആമി ബ്രോഡ്ഹർസ്റ്റ് (2022 ലോക ചാമ്പ്യൻ, 63 കിലോഗ്രാം), ലിസ ഒറൂർക്ക് (2022 ലോക ചാമ്പ്യൻ, 70 കി.), കെല്ലി ഹാരിങ്ടൺ (2020 ഒളിമ്പിക് ചാമ്പ്യൻ, 60 കി.), ബ്രലോറൻ പ്രൈസ് (2020 ഒളിമ്പിക് ചാമ്പ്യൻ, 75 കി.), കാരിസ് ആർട്ടിങ്സ്റ്റാൾ (2020 ഒളിമ്പിക് വെങ്കല മെഡൽ ജേതാവ്, 57 കി.), അമേരിക്കയുടെ റാഷിദ എല്ലിസ് (2022 ലോക ചാമ്പ്യൻ, 60 കി.), ഓഷെ ജോൺസ് (2020 ഒളിമ്പിക് വെങ്കല മെഡൽ ജേതാവ്, 69 കി.), നെതർലൻഡ്സിന്റെ നൗച്ച്ക ഫോണ്ടിജൻ (2020 ഒളിമ്പിക്സ് വെങ്കല ജേതാവ് 75 കി.), കാനഡയുടെ ചാർലി കവാന (2022 ലോക വെള്ളി മെഡൽ ജേതാവ്, 66 കി.), പോളണ്ടിന്റെ ഒലിവിയ ടോബോറെക് (2022 ലോക വെള്ളി മെഡൽ ജേതാവ്, 81 കി.) എന്നിവരൊന്നും മത്സരിക്കുന്നില്ല.
പ്രതീക്ഷയോടെ ഇന്ത്യ
ലോക ചാമ്പ്യൻഷിപ്പിൽ പല പ്രമുഖരും മത്സരിക്കാനില്ലാത്തത് ഗുണംചെയ്യുമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ താരങ്ങൾ. ലോക, ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് ലവ്ലിന ബോർഗോഹെയ്ൻ 69 കിലോയിൽനിന്ന് 75 കിലോഗ്രാമിലേക്ക് മാറിയിട്ടുണ്ട്. ലോക വെങ്കല മെഡൽ ജേതാവ് മനീഷ മൗൺ (57 കി.), കോമൺവെൽത്ത് ഗെയിംസ്-ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവ് ജെയ്സ്മിൻ ലംബോറിയ (60 കി.) എന്നിവർ ഒളിമ്പിക് വെയ്റ്റ് ക്ലാസുകളിൽത്തന്നെ മത്സരിക്കുന്നു. 52 കിലോയിൽ ലോക ചാമ്പ്യനായ നിഖാത് സരീൻ 50ലേക്ക് മാറിയാണ് കോമൺവെൽത്ത് ഗെയിംസ് സ്വർണം നേടിയത്. നിഖാത് 50 കിലോയിൽ തുടരും.
12 അംഗ ഇന്ത്യൻ സംഘത്തിൽ അവസരം ലഭിക്കാത്ത മൂന്നു താരങ്ങൾ ഹരജി നൽകിയിരുന്നെങ്കിലും ഇടപെടാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചു. ഇന്ത്യൻ ടീം: നീതു ഗംഗാസ് (48 കി.), നിഖത് സരീൻ (50 കി.), സാക്ഷി ചൗധരി (52 കി.), പ്രീതി ദാഹിയ (54 കി.), മനീഷ മൗൺ (57 കി.), ജാസ്മിൻ ലംബോറിയ (60 കി.), ശശി ചോപ്ര (63 കി.), മഞ്ജു ബംബോറിയ (66 കി.), സനാമച ചാനു (70 കി.), ലവ്ലിന ബോർഗോഹെയ്ൻ (75 കി.), സവീതി ബൂറ (81 കി.), നൂപുർ ഷിയോറാൻ (81+ കി.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.