‘വിനേഷ് എവിടെപ്പോയാലും നാശമുണ്ടാക്കും...’; ജയിച്ചിട്ടും അധിക്ഷേപം തുടർന്ന് ബ്രിജ് ഭൂഷൺ
text_fieldsചണ്ഡീഗഢ്: തെരഞ്ഞെടുപ്പ് ഗോദയിൽ എതിരാളിയെ മലർത്തിയടിച്ച് ഗുസ്തി താരം വിനേഷ് ഫോഗട്ട് നേടിയ വിജയത്തിന് ഇരട്ടിമധുരം. ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബി.ജെ.പി നേതാവും മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനും സംഘ്പരിവാറിനുമേറ്റ കനത്ത തിരിച്ചടി കൂടിയാണ് കോൺഗ്രസ് ടിക്കറ്റിൽ വിനേഷ് നേടിയ വിജയം.
ഗുസ്തി താരങ്ങളെ പീഡിപ്പിച്ചെന്ന കേസിൽ ബ്രിജ് ഭൂഷണെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധത്തിനിറങ്ങിയതിന്റെ പേരിൽ പരസ്യമായി വേട്ടയാടപ്പെട്ടിരുന്നു വിനേഷ് അടക്കമുള്ള ഗുസ്തി താരങ്ങൾ. ജുലാന മണ്ഡലത്തിൽനിന്നും 6,140 വോട്ടിനാണ് വിനേഷ് ജയിച്ചുകയറിയത്. ബി.ജെ.പിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയെയാണ് ഫോഗട്ട് തെരഞ്ഞെടുപ്പ് ഗോദയില്‍ മലര്‍ത്തിയടിച്ചത്. പാരിസ് ഒളിമ്പിക്സിൽ ഭാരക്കൂടുതൽ വിവാദത്തെ തുടർന്ന് ഗുസ്തി 50 കി.ഗ്രാം വിഭാഗത്തിൽ ഫൈനൽ മത്സരത്തിൽ അയോഗ്യയാക്കപ്പെടുകയും പിന്നീട് വിരമിക്കുകയുമായിരുന്നു വിനേഷ്.
കോൺഗ്രസിൽ ചേർന്ന വിനേഷിന് ജുലാനയിൽ മത്സരിക്കാൻ പാർട്ടി ടിക്കറ്റ് നൽകുകയായിരുന്നു. ജയിച്ചിട്ടും വിനേഷിനെതിരെ അധിക്ഷേപവും പരിഹാസവും ആവർത്തിച്ച് ബ്രിജ് ഭൂഷൺ വീണ്ടും രംഗത്തെത്തി. ഗുസ്തി താരങ്ങൾ തനിക്കെതിരെ പ്രതിഷേധിച്ചിട്ടും ജാട്ട് ആധിപത്യമുള്ള മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ സ്ഥാനാർഥികൾക്ക് ജയിക്കാനായെന്ന് ഭൂഷൺ പറഞ്ഞു. ‘ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ പങ്കെടുത്ത, ഏറെ ചർച്ച ചെയ്യപ്പെട്ട ഗുസ്തിക്കാർ ഹരിയാനയുടെ ഹീറോകളല്ല. അവർ എല്ലാ ജൂനിയർ ഗുസ്തി താരങ്ങളെ സംബന്ധിച്ചും വില്ലന്മാരാണ്. വിനേഷ് ഫോഗട്ട് ജയിക്കാൻ എന്‍റെ പേര് ഉപയോഗിച്ചെങ്കിൽ അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാൻ. അവൾ വിജയിച്ചു പക്ഷേ, കോൺഗ്രസ് തോറ്റു. അവൾ എവിടെപ്പോയാലും നാശമുണ്ടാക്കും’ -ബ്രിജ് ഭൂഷൺ പറഞ്ഞു.
ഹരിയാനയിൽ ബി.ജെ.പിയുടെ ഹാട്രിക് വിജയത്തെ അദ്ദേഹം അഭിനന്ദിച്ചു. കർഷകരുടെയും ഗുസ്തി താരങ്ങളുടെയും പ്രതിഷേധത്തിന്‍റെ പേരിൽ സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നിരവധി ശ്രമങ്ങളുണ്ടായി. പക്ഷേ, ബി.ജെ.പി നിലപാടിനെയാണ് ജനം പിന്തുണച്ചതെന്നും ബ്രിജ് ഭൂഷൺ പ്രതികരിച്ചു. ഒളിമ്പിക്സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും മെഡൽ ലഭിക്കാത്തത് ദൈവം നൽകിയ ശിക്ഷയാണെന്നും സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ബ്രിജ് ഭൂഷൺ അധിക്ഷേപിച്ചിരുന്നു.
തോൽക്കാൻ മനസില്ലാത്ത പോരാട്ടവീര്യത്തിലൂടെ നേടിയ വിജയം തന്നെ വേട്ടയാടിയവരോടുള്ള മധുരപ്രതികാരം കൂടിയാണ്. ബി.ജെ.പിയുടെ ചെറിയ സ്ഥാനാർഥി നിന്നാലും വിനേഷിനെ പരാജയപ്പെടുത്താനാകുമെന്നും ഏത് മണ്ഡലത്തിൽ നിന്നാലും അവർ തോൽക്കുമെന്നും ബ്രിജ് ഭൂഷൺ പരിഹസിച്ചിരുന്നു. ഇന്ത്യയെന്നാൽ ബ്രിജ് ഭൂഷണല്ലെന്നും രാജ്യത്തെ ജനങ്ങൾ തനിക്കൊപ്പം ഉണ്ടെന്നുമാണ് അന്ന് വിനേഷ് മറുപടി നൽകിയത്. തെരഞ്ഞെടുപ്പ് വിധി വന്നതോടെ വിനേഷിന്റെ വാക്കുകൾ സത്യമായി. തന്‍റെ വിജയം എല്ലാ പെൺകുട്ടികളുടെയും സ്ത്രീകളുടെയും പോരാട്ടത്തിന്‍റെ പ്രതീകമാണെന്നാണ് വിനേഷ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.