ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെതിരായ പരാതിയിൽ നീതിപൂർവമായ നടപടി -പി.ടി. ഉഷ എം.പി
text_fieldsതൃശൂർ: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ പരാതിയിൽ രണ്ടുഭാഗവും കേട്ട ശേഷം നടപടി ഉണ്ടാകുമെന്ന് ഒളിമ്പിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ എം.പി. മേരികോം ചെയർപേഴ്സനായുള്ള അന്വേഷണ സമിതി ഇതിനായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും ഉഷ തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ആഭ്യന്തര പരാതി പരിഹാര സെല്ലുണ്ട്. ഗുസ്തി താരങ്ങള്‍ അസോസിയേഷന്‍റെ പരാതി പരിഹാര സെല്ലിനല്ല പരാതി നൽകിയത്. അത് അവർക്കറിയാത്തതുകൊണ്ടാവും. പുറത്ത് പരാതിപ്പെട്ടതിലും കുറ്റപ്പെടുത്താനാവില്ല. അവരുടെ വിഷമംകൊണ്ട് പറയുന്നതാണ്. ഓരോ താരങ്ങളുടെയും പരാതികൾ പ്രത്യേകം കേൾക്കും.
അന്വേഷണ സമിതി രൂപവത്കരിക്കേണ്ടത് ഒളിമ്പിക് അസോസിയേഷനാണ്. അതിന് താരങ്ങളുടെ അനുമതി വേണ്ട. ആരോപണങ്ങള്‍ അന്വേഷിക്കാൻ കായികമന്ത്രാലത്തിന്റെ മേൽനോട്ടസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. പരാതിയിൽ നീതിപൂർവമായ നടപടി ഉണ്ടാകും.
കേരളത്തിലെ സ്പോർട്സ് ഹോസ്റ്റലുകളിലെ ഗ്രാന്റ് മുടങ്ങാൻ പാടില്ലാത്തതായിരുന്നു. സ്പോർട്സിനെ ഏറെ പ്രോത്സാഹിപ്പിച്ചതാണ് കേരളത്തിന്‍റെ പാരമ്പര്യം. അതത് സമയത്ത് കൊടുക്കേണ്ടതാണ്. വൈകിപ്പിക്കാൻ പാടില്ലാത്തതാണ്. കോളജുകൾ ഏറെ പ്രയാസപ്പെടുന്നത് കായികമേഖലയുടെ വളർച്ച തടസ്സപ്പെടാൻ ഇടയാക്കുമെന്നും ഉഷ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.