ഫെഡറേഷൻ കപ്പിന് തുടക്കം; കാർത്തികിനും സഞ്ജീവനിക്കും റോസിക്കും സ്വർണം
text_fieldsതേഞ്ഞിപ്പലം: ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ തുടക്കം. ആദ്യദിനം നടന്ന മൂന്നു ഫൈനലുകളിൽ മലയാളി താരങ്ങൾക്ക് മെഡൽ നേടാനായില്ല. പുരുഷന്മാരുടെ 10,000 മീറ്ററിൽ ഉത്തർപ്രദേശിന്റെ കാർത്തിക് കുമാറും വനിതകളിൽ മഹാരാഷ്ട്രക്കാരി സഞ്ജീവനി യാദവും സ്വർണം നേടി. വനിതകളുടെ പോൾവാൾട്ടിൽ തമിഴ്നാടിന്റെ റോസി മീന പോൾരാജിനാണ് ഒന്നാംസ്ഥാനം.
മുഖ്യമന്ത്രി പിണറായി വിജയൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കായിക മേഖലയിൽ ആയിരം കോടിയുടെ അടിസ്ഥാനം വികസനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗ്രാമ, നഗര വ്യത്യാസമില്ലാതെ കായിക വികസനം സർക്കാർ ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കായിക മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഞായറാഴ്ച ഒമ്പത് ഫൈനലുകൾ അരങ്ങേറും. പുരുഷ, വനിത വിഭാഗങ്ങളിലെ വേഗമേറിയ താരങ്ങളെയും ഇന്നറിയാം.
ദീർഘനേട്ടം
സ്റ്റേഡിയം ശനിയാഴ്ച ഉണർന്നത് കാർത്തിക് കുമാറിന്റെ കനക നേട്ടത്തിലേക്കാണ്. പുരുഷന്മാരുടെ 10000 മീറ്ററിലാണ് കാർത്തിക് ചാമ്പ്യൻഷിപ്പിലെ കന്നി സ്വർണമണിഞ്ഞത്. രാവിലെ ആറു മണിക്ക് നടന്ന മത്സരത്തിൽ 29 മിനിറ്റ് 20.21 സെക്കൻഡിൽ കാർത്തിക് ഫിനിഷ് ചെയ്തു. ഫെഡറേഷൻ കപ്പ് സീനിയർ മീറ്റിൽ ഹാട്രിക് സ്വർണമാണ് ഉത്തർപ്രദേശുകാരനായ കാർത്തിക്കിന്. 2018 ലെ ഏഷ്യൻ ജൂനിയർ മീറ്റിൽ വെങ്കലമെഡൽ ജേതാവാണ്. കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. കരസേനയിൽ നായിബ് സുബൈദാറാണ് ഈ 23കാരൻ. ജൂനിയർ നാഷനൽ, ഓപൺ നാഷനൽ മീറ്റുകളിൽ മെഡൽ നേടിയിട്ടുണ്ട്. 5000 മീറ്ററിലും മത്സരിക്കുന്നുണ്ട്. ഹിമാചൽപ്രദേശിന്റെ സ്വാൻ ബാർവാൾ 29 മിനിറ്റ് 21.29 സെക്കൻഡിൽ വെള്ളിയും ഉത്തർപ്രദേശിന്റെ ഗുൽവീർ സിങ് 29 മിനിറ്റ് 22.44 സെക്കൻഡിൽ വെങ്കലവും നേടി.
ദേശീയ സ്കൂൾ കായികമേളകളിലൂടെ ശ്രദ്ധേയ താരമായി മാറിയ സഞ്ജീവനി യാദവാണ് വനിതകളുടെ 10000 മീറ്ററിൽ സ്വർണം സ്വന്തമാക്കിയത്. വിജേന്ദർ സിങ് പരിശീലിപ്പിക്കുന്ന സഞ്ജീവനി 33 മിനിറ്റ് 13.07 സെക്കൻഡിലാണ് ഒന്നാമതെത്തിയത്. 2017 ൽ ലോക സർവകലാശാല മീറ്റിൽ വെള്ളി നേടിയിരുന്നു. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 5000 മീറ്ററിലും, ഏഷ്യൻ ക്രോസ് കൺട്രിയിലും വെങ്കലം നേടിയിട്ടുണ്ട്. നാസിക്കിൽ ബ്ലോക്ക് സ്പോർട്സ് ഓഫിസറാണ് ഈ 25 കാരി. ഹിമാചൽപ്രദേശിന്റെ സീമ 34 മിനിറ്റ് 31.41 സെക്കൻഡിൽ വെള്ളിയും ഉത്തർപ്രദേശിന്റെ കവിത യാദവ് 34 മിനിറ്റ് 56.42 സെക്കൻഡിൽ വെങ്കലവും നേടി
റോസി പോൾ രാജ്ഞി
ആദ്യദിനത്തിലെ അവസാനത്തെ ഫൈനലായ വനിതകളുടെ പോൾവാൾട്ടിൽ തമിഴ്നാട് താരങ്ങളുടെ ആധിപത്യമായിരുന്നു. നാലുമീറ്റർ ചാടിയ റോസി മീന പോൾരാജ് തുടർച്ചയായ രണ്ടാം തവണയും സ്വർണം സ്വന്തമാക്കി. കൂട്ടുകാരിയായ ബറണിക്ക ഇളങ്കോവൻ രണ്ടാമതായി. 3.90 മീറ്ററാണ് ദക്ഷിണ റെയിൽവേയിലെ ക്ലാർക്കായ ബറണിക്ക താണ്ടിയത്. കൃഷ്ണ രചന്റെ പേരിലുള്ള 4.06 മീറ്റർ മറികടക്കാനുള്ള റോസിയുടെ മൂന്ന് ശ്രമങ്ങളും പാഴായി. ചെന്നൈയിലെ സ്ക്കൈവാൾട്ട് അക്കാദമിയിലാണ് റോസിയും ബറണിക്കയും പരിശീലിക്കുന്നത്.
മിൽബർ ബർട്രാന്റ് റസലാണ് പരിശീലകൻ. ചെന്നൈ എസ്.ആർ.എം സർവകലാശാലയിലെ യോഗ എം.എസ്.സി വിദ്യാർഥിനിയായ റോസിയുടെ കരിയറിലെ മികച്ച പ്രകടനത്തിനാണ് തേഞ്ഞിപ്പലം സാക്ഷിയായത്. 3.80 മീറ്റർ ചാടിയ ഹരിയാനക്കാരി പൂജക്കാണ് വെങ്കലം. കേരളത്തിന്റെ ദിവ്യമോഹൻ നാലാമതും രേഷ്മ രവീന്ദ്രൻ ആറാമതുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.