ഫ്രാൻസിൽ നിലക്കാത്ത ആഘോഷം
text_fieldsപാരിസ്: 31ാം നാൾ റഷ്യയിൽ ഫ്രഞ്ച് വിപ്ലവം സാധ്യമാക്കിയ വീരനായകരെ വരവേറ്റ് ഉറങ്ങാത്ത നഗരമായ പാരിസ്. അട്ടിമറികളുടെ തമ്പുരാക്കന്മാരായി കലാശപ്പോരിനിറങ്ങിയ ക്രൊയേഷ്യയെ അനായാസം മറികടന്ന് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ കപ്പുയർത്തിയ ദെഷാംപ്സിെൻറ കുട്ടികൾക്ക് പാരിസിലെ പ്രധാന വീഥിയായ ചാംപ്സ്-ഇലീസസിൽ ലക്ഷങ്ങളാണ് ഉജ്ജ്വല സ്വീകരണമൊരുക്കിയത്.
ഞായറാഴ്ച റഷ്യയിൽ കിരീടധാരണം നടന്ന രാത്രിയിൽ പാരിസിെൻറ വീഥികൾ നിറച്ച് ഒഴുകിയെത്തിയ ആൾക്കൂട്ടം ഇന്നലെയും വീരനായകരെ കാത്ത് അവിടെ തങ്ങി. ആർപ്പുവിളികളും ആഘോഷവും തുളുമ്പിയ തെരുവുകൾ കാൽപന്തുകളിയിൽ പുതിയ രാജവാഴ്ചയുടെ വിളംബരമായി. ടീം അംഗങ്ങൾക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ലീജ്യൻ ഡി ഒാണറും പ്രഖ്യാപിക്കപ്പെട്ടു.
തിങ്കളാഴ്ച വൈകുന്നേരമാണ് ടീം പാരിസിൽ വിമാനമിറങ്ങിയത്. മണിക്കൂറുകൾ അവരെ കാത്തുനിന്ന ആൾക്കൂട്ടത്തെ ആവേശത്തിലാഴ്ത്തി തുറന്ന ബസിൽ ടീം ചാംപ്സ്-ഇലീസസിലൂടെ നീങ്ങി. 20 വർഷത്തിനുശേഷം അന്ന് കപ്പുയർത്തിയ നായകൻ പരിശീലകനായി കൂടെ നിന്നാണ് ഫ്രാൻസ് വീണ്ടും ഫുട്ബാളിലെ രാജപട്ടം തിരിച്ചുപിടിച്ചത്. ഉയർത്തിപ്പിടിച്ച ട്രോഫിയുമായി ഇന്നലെ പാരിസിൽ വിമാനമിറങ്ങിയ സംഘത്തെ നയിച്ചത് കോച്ച് ദിദിയർ ദെഷാംപ്സും നായകൻകൂടിയായ ഗോൾകീപ്പർ ഹ്യൂഗോ ലോറിസുമായിരുന്നു.
റഷ്യൻ ലോകകപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ സംഘങ്ങളിലൊന്നാണ് പരിചയ സമ്പന്നരെ ഒന്നൊന്നായി വീഴ്ത്തി ലോകകപ്പിൽ മുത്തമിട്ടത്. ഗ്രൂപ് റൗണ്ടിൽ പ്രതീക്ഷിച്ചപോലെ പ്രകടനം നടത്താനായില്ലെങ്കിലും ഒാരോ കളിയും മെച്ചപ്പെടുത്തി തന്ത്രങ്ങളുടെ തമ്പുരാക്കന്മാരായാണ് ഒടുവിൽ ടീം അടുത്ത നാലു വർഷത്തേക്ക് ലോക ചാമ്പ്യൻപട്ടം സ്വന്തമാക്കിയത്. അതിനിടെ, ഞായറാഴ്ച രാത്രി ആഘോഷിക്കാനിറങ്ങിയവർ അതിരുവിട്ടത് ഫ്രാൻസിെൻറ വിവിധ ഭാഗങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. വ്യത്യസ്ത സംഭവങ്ങളിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.