സെൽഫ്ഗോളും ചുവപ്പുകാർഡും അതിജീവിച്ച സ്വിറ്റ്സർലാൻഡിന് ഷൂട്ട്ഔട്ടിൽ പിഴച്ചു; സ്പെയിൻ സെമിയിൽ
text_fieldsസെന്റ്പീറ്റേഴ്സ് ബർഗ്: സെൽഫ് ഗോളിലും ചുവപ്പുകാർഡിലും പതറാതെ പൊരുതിയ സ്വിസ് പടയെ ഷൂട്ട്ഔട്ടിൽ അതിജീവിച്ച് സ്പെയിൻ സെമിയിൽ. നായകൻ സെർജിയോ ബുസ്ക്വറ്റ്സ് ബാറിനടിച്ച് പാഴാക്കിയ കിക്കോടെ ഷൂട്ട് ഔട്ട് ആരംഭിച്ച സ്പെയിൻ പുറത്തേക്കെന്ന് തോന്നിച്ചെങ്കിലും സ്വിറ്റ്സർലൻഡിനായി കിക്കെടുത്തവരെല്ലാം മത്സരിച്ച് കിക്കുകൾ പാഴാക്കുകയായിരുന്നു. നാലുകിക്കെടുത്ത സ്വിസ് നിരയിൽ ഗാവ്റാനോവികിന് മാത്രമേ ഷൂട്ട്ഔട്ടിൽ സ്കോർ ചെയ്യാനായുള്ളൂ. ഡെനിസ് സകരിയയുടെ സെൽഫ് ഗോളിൽ എട്ടാം മിനിറ്റിൽതന്നെ മുന്നിലെത്തിയ സ്പെയിന് 68ാം മിനിറ്റിൽ ഷെർദാൻ ഷാഖിരിയിലൂടെ സ്വിസ് മറുപടി നൽകിയതോടെയാണ് മത്സരം നീണ്ടത്.
77ാം മിനുറ്റിൽ ചുവപ്പുകാർഡുമായി റെമോ േഫ്ലാറർ പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ ചെങ്കുപ്പായക്കാർ മാലപോലെ കൊരുത്ത് മുന്നേറിയ സ്പാനിഷ് മുന്നേറ്റത്തിന് കുരുക്കിട്ട് പിടിച്ചുനിൽക്കുകയായിരുന്നു. അവസാനനിമിഷങ്ങളിലും അധികസമയത്തും നിരന്തരമായെത്തിയ സ്പാനിഷ് ചാട്ടുളികളെ സ്വിസ് ഗോൾകീപ്പർ യാൻ സോമർ നെഞ്ചുവിരിച്ച് നേരിട്ടു. പന്തടക്കത്തിലും പാസിങ്ങിലും പതിവുപോലെ സ്പെയിൻ കാതങ്ങൾ മുന്നിലായിരുന്നെങ്കിലും ഫിനിഷിങ്ങിൽ പിഴച്ചു.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ സ്വിസ് ഹൃദയം തുളഞ്ഞ് വലകുലുങ്ങിയിരുന്നു. ജോർദി ആൽബയുടെ ഷോട്ട് സ്വിസ് പ്രതിരോധ താരം ഡെനിസ് സകരിയയുടെ കാലിൽ തട്ടി വഴിമാറി പോസ്റ്റിലേക്ക് പതിക്കുകയായിരുന്നു. ഗതിതെറ്റിവന്ന പന്ത് സ്വന്തം വലകുലുക്കുന്നത് നോക്കി നിൽക്കാനേ ഗോൾകീപ്പർ യാൻ സോമറിനായുള്ളൂ. ആദ്യം ലീഡ് നേടിയതോടെ കഴിഞ്ഞ മത്സരങ്ങളിലേതിന് സമാനമായി സ്പെയിൻ ഗോളുകൾ അടിച്ചുകൂട്ടുമെന്ന് കരുതിയെങ്കിലും സംഭവിച്ചില്ല.
68ാം മിനിറ്റിൽ മുന്നേറ്റവും സ്പെയിൻ പ്രതിരോധത്തിലെ പിഴവും ഒത്തുചേർന്നതോടെയാണ് സ്വിറ്റ്സർലൻഡിന് ആദ്യ ഗോൾ സ്വന്തമായത്. റെമോ േഫ്ലാറർ ഗോൾപോസ്റ്റിലേക്ക് കടന്നുകയറുന്നത് തടയാനായുള്ള ശ്രമത്തിനിടെ പന്ത് ക്ലിയർ ചെയ്യാനുള്ള ലാർപോർട്ടെ ക്ലിയറൻസ് പിഴച്ചു. പന്ത് വീണത് സ്വന്തം ബോക്സിൽ. അവസരം മുതലെടുത്ത േഫ്ലാറർ പന്ത് ഷാഖിരിക്ക് കൈമാറി. ഓടിയെത്തിയ ഷാഖിരി സ്പാനിഷ് ഗോൾമുഖത്തിന്‍റെ ഇടതുഭാഗത്തൂടെ വലകുലുക്കി.
77ാം മിനിറ്റിലാണ് ചുവപ്പുകാർഡെടുത്ത് റഫറി സ്വിസ് പടക്ക് ആഘാതം നൽകിയത്. മൊറേനോയെ ഫൗൾ ചെയ്തതിന് റെമോ േഫ്ലാറർക്ക് നേരെ ഒരു ദാക്ഷിണ്യവുമില്ലാതെ റഫറി ചുവപ്പുകാർഡ് നീട്ടുകയായിരുന്നു. ചുവപ്പ് കാർഡിന് താൻ അർഹനല്ലെന്ന് ഉറച്ചുവിശ്വസിച്ച േഫ്ലാറർ മറുവാദങ്ങളുയർത്തിയെങ്കിലും റഫറി ചെവികൊണ്ടില്ല. പിന്നീടങ്ങോട്ട് പത്തുപേരുമായി സ്വിറ്റ്സർലൻഡ് ചെറുത്തുനിൽക്കുകയായിരുന്നു.ഗോളാക്കാവുന്ന ഏതാനും അവസരം സ്പെയിൻ കളഞ്ഞുകുളിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.