ഇവരെ സൂക്ഷിക്കുക.. ഈ യൂറോ ഇവരങ്ങ് എടുത്തേക്കും..!; മനം കവരാനിടയുള്ള 10 യുവതാരങ്ങൾ
text_fieldsബെർലിൻ: ജൂൺ 15ന് ശനിയാഴ്ചയാണ് യുറോ ആരവങ്ങൾക്ക് തുടക്കമാകുന്നത്. ആതിഥേയരായ ജർമനിയും സ്പെയിനും ബെൽജിയവും പോർച്ചുഗലും നെതർലൻഡും ഫ്രാൻസുമെല്ലാം ഉൾപ്പെടുന്ന യൂറോപ്യൻ വമ്പന്മാരുടെ നേർക്ക് നേരെയുള്ള പോരാട്ടം ലോകകപ്പിന് സമാനമായ ഉത്സവമാണ്. കിരീട സാധ്യതകളും കളിക്കാരുടെ പ്രകടനവും പ്രവചിച്ച് ലോകം യൂറോയെ വരവേറ്റു തുടങ്ങിയിട്ടുണ്ട്. സൂപ്പർ താരങ്ങൾക്കും ഇതിഹാസ താരങ്ങൾക്കും ഒപ്പം യൂറോയിൽ ശ്രദ്ധ നേടാൻ സാധ്യതയുള്ള ഒട്ടേറെ യുവതാരങ്ങളുമുണ്ട്. സ്പാനിഷ് വണ്ടർ കിഡ് ലാമിൻ യമാൽ മുതൽ തുർക്കിയുടെ കെനാൻ യിൽഡിസ് വരെയുള്ള താരങ്ങൾ ആരാധകരുടെ മനം കവർന്നേക്കും.
ഈ യൂറോയിൽ തിളങ്ങാനിടയുള്ള 10 യുവതാരങ്ങളെ പരിചയപ്പെടുത്തുകയാണ് മുൻ ഇംഗ്ലീഷ് മിഡ് ഫീൽഡറായ ഡാന്നി മുർഫി.
1. ജമാൽ മുസിയാല ( ജർമനി/ബയേൺ മ്യൂണിക്ക് )
അസാമാന്യ ഡ്രിബിങ് ആണ് ജമാൽ മുസിയാല എന്ന 21 കാരന്റെ കരുത്ത്. ബാംബിയെന്ന വിളിപ്പേരുള്ള ജർമൻ താരം ബയേൺ മ്യൂണിക്കിന്റെ അറ്റാക്കിങ് മിഡ്ഫീൽഡറാണ്. യൂറോ 2020 ലും 2022 ഫിഫ ലോകകപ്പിലും ജർൻ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.
2. ലാമിൻ യമാൽ ( സ്പെയിൻ/ബാഴ്സലോണ )
16 വയസ്സിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി 50 മത്സരങ്ങൾ പൂർത്തിയാക്കിയ അപൂർവ താരമാണ് ലാമിൻ. ലാലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായ സ്പാനിഷ് താരം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
3. എഡ്വാർഡോ കാമവിംഗ ( ഫ്രാൻസ്/റിയൽ മാഡ്രിഡ് )
കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ ഏറ്റവും ശ്രദ്ധേയമായ താരങ്ങളിലൊരാളായിരുന്നു 21 കാരനായ എഡ്വാർഡോ കാമവിംഗ. 2020 മുതൽ ഫ്രാൻസ് ദേശീയ ടീമിൽ പന്തു തട്ടുന്ന കാമവിംഗ സെൻട്രൽ മിഡ്ഫീൽഡറായും ഡിഫൻസീവ് മിഡ്ഫീൽഡറായും തിളങ്ങാൻ കഴിയുന്ന താരമാണ്.
4. ദുസാൻ വ്ലഹോവിക് ( സെർബിയ/യുവൻറസ് )
ഞായറാഴ്ച്ച ഉദ്ഘാടന മത്സരത്തിൽ സെർബിയയെ നേരിടുന്ന ഇംഗ്ലണ്ടിന് മുന്നറിയിപ്പാണ് യുവന്റസിന്റെ 24 കാരനായ ദുസാൻ വ്ലഹോവിക്. 2020 മുതൽ സെർബിയൻ ദേശീയ ടീമിൽ കളിക്കുന്ന സ്ട്രൈക്കർ യൂറോയിലെ നോട്ടപ്പുള്ളികളിലൊരാളാണ്.
5. ലോയിസ് ഓപ്പണ്ട ( ബെൽജിയം/ആർബി ലീപ്സിഗ് )
2022 മുതൽ ബെൽജിയം ദേശീയ ടീമിൽ കളിക്കുന്ന 24 കാരനായ സ്ട്രൈക്കർ ബുണ്ടസ് ലീഗയിൽ ലീപ്സിഗിന്റെ പ്രധാന ഗോൾ വേട്ടക്കാരനാണ്. ഏത് പ്രതിരോധവും ഭേദിക്കാൻ കഴിയുന്ന ലോയിസ് ഓപ്പണ്ട യൂറോയിൽ കിരീട ഫേവിറിറ്റുകളായ ബെൽജിയത്തിന്റെ തുരുപ്പ് ചീട്ടാകും.
6. മാനുവൽ അകഞ്ചി ( സ്വിറ്റ്സർലൻഡ്/മാഞ്ച.സിറ്റി )
ഒരു ഹോൾഡിങ് മിഡ്ഫീൽഡർ അല്ലെങ്കിൽ സെൻട്രൽ ഡിഫൻഡർ എന്ന നിലയിൽ കളം നിറയുന്ന മാനുവൽ അകഞ്ചിയിലാണ് സ്വിറ്റ്സർലൻഡിന്റെ നോക്കൗട്ട് പ്രതീക്ഷകൾ. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രതിരോധം കാക്കുന്ന 28 കാരൻ മികച്ച പ്ലേമേക്കർ കൂടിയാണ്.
7. അന്റോണിയോ സിൽവ ( പോർച്ചുഗൽ/ബെൻഫിക്ക )
യൂറോ കിരീട ഫേവിറിറ്റുകളായ പോർചുഗലിന്റെ പ്രതിരോധ നിരയിൽ ഏറെ ശ്രദ്ധ നേടാൻ സാധ്യതയുള്ള താരമാണ് ആന്റോണിയോ സിൽവ. 2022 മുതൽ ബെൻഫിക്കയിലും പോർച്ചുഗൽ ദേശീയ ടീമിലും പന്തുതട്ടുന്ന 20 കാരൻ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്.
8. കെനാൻ യിൽഡിസ് ( തുർക്കി/യുവൻ്റസ് )
യുവൻറസിന്റെ തുർക്കി താരമായ കെനാൻ യിൽഡിസാണ് മറ്റൊരു ശ്രദ്ധേയമായ യുവതാരം. 19 കാരനായ ആറ് അടി രണ്ട് ഇഞ്ചുകാരൻ ഫോർവേഡിലും അറ്റാക്കിങ് മിഡ്ഫീൽഡിലും ഒരു പോലെ തിളങ്ങാൻ കഴിയുന്ന താരമാണ്.
9. ഫ്ലോറിയൻ വിർട്ട്സ് ( ജർമ്മനി/ബേയർ ലെവർകുസെൻ
ബയേർ ലെവർകൂസന്റെ ജർമൻ മിഡ്ഫീൽഡർ ഫ്ലോറിയൻ വിർട്ട്സ് യൂറോയിലെ നോട്ടപ്പുള്ളിയാകും എന്നതിൽ തർക്കമുണ്ടാകില്ല. അതി സങ്കീർണമായ പാസ്, പെട്ടെന്നുള്ള വൺ-ടു, കൃത്യമായ ഷൂട്ട് അങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് ഈ 21 കാരന്.
10. ആദം വാർട്ടൺ ( ഇംഗ്ലണ്ട്/ക്രിസ്റ്റൽ പാലസ് )
ക്രിസ്റ്റൽ പാലസിന്റെ ഇംഗ്ലീഷ് മിഡ്ഫീൽഡർ ആദം ജെയിംസ് വാർട്ടൺ പുത്തൻ താരദോയമാണ്. ഇംഗ്ലണ്ട് ദേശീയ ടീമിൽ ഒരു മത്സരം മാത്രമാണ് ഈ 20കാരൻ കളിച്ചിട്ടുള്ളൂവെങ്കിലും ഇംഗ്ലണ്ട് യൂറോയിൽ മുന്നോട്ടുവെക്കാനിടയുള്ള തുരുപ്പ് ചീട്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.