തോൽവിയറിയാതെ പതിനെട്ടാം മത്സരം; ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ റയൽ മാഡ്രിഡ്
text_fieldsമാഡ്രിഡ്: ലാലിഗയിൽ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ റയൽ മാഡ്രിഡിന്റെ വിജയക്കുതിപ്പ്. 78ാം മിനിറ്റിൽ ജർമൻ ഡിഫൻഡർ അന്റോണിയോ റൂഡിഗർ നേടിയ ഏക ഗോളിൽ മല്ലോർക്കക്കെതിരെയാണ് റയൽ ജയിച്ചുകയറിയത്. 67 ശതമാനവും കളം വാണിട്ടും കൂടുതൽ ഗോളടിക്കാനുള്ള മാഡ്രിഡുകാരുടെ ശ്രമങ്ങൾ വിഫലമായി. 17 ഷോട്ടുകൾ ഉതിർത്തപ്പോൾ അഞ്ചും പോസ്റ്റിന് നേരെയായിരുന്നു. എതിർ ഗോൾകീപ്പറുടെ മിന്നും സേവുകൾ റയൽ മാഡ്രിഡിന് മുന്നിൽ തടസ്സമായി നിന്നു. ജയത്തോടെ തോൽവിയറിയാത്ത പതിനെട്ടാം മത്സരമാണ് കാർലോ ആഞ്ചലോട്ടിയുടെ ടീം പൂർത്തിയാക്കുന്നത്.
പരിക്കിനെ തുടർന്ന് രണ്ട് മാസത്തോളം പുറത്തായിരുന്ന വിനീഷ്യസ് ജൂനിയറിനെയും മറ്റൊരു ബ്രസീൽ താരം റോഡ്രിഗോയേയും മുൻനിരയിൽ വിന്യസിച്ചാണ് റയൽ സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ഇറങ്ങിയത്. 20ാം മിനിറ്റിൽ വിനീഷ്യസിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ പ്രെഡ്രാഗ് രാജ്കോവിചിന്റെ കാലിലുരസി പുറത്തുപോയി. 38ാം മിനിറ്റിലും വിനീഷ്യസ് ഗോളിനടുത്തെത്തിയെങ്കിലും മല്ലോർക്ക ഗോൾകീപ്പറുടെ മെയ്‍വഴക്കത്തിന് മുന്നിൽ ആ ഷോട്ടും നിഷ്പ്രഭമായി. ഇടവേളക്ക് പിരിയാൻ മൂന്ന് മിനിറ്റ് ശേഷിക്കെ മല്ലോർക്കൻ താരത്തിന്റെ ഹെഡർ ക്രോസ്ബാറിൽ തട്ടി ഗോൾലൈനിന് സമീപം വീണെങ്കിലും വലയിൽ കയറുംമുമ്പ് ഗോൾകീപ്പർ കൈയിലൊതുക്കി.54ാം മിനിറ്റിൽ മറ്റൊരു ലോങ് റേഞ്ചർ പോസ്റ്റിൽ തട്ടിത്തെറിച്ചതും സന്ദർശകർക്ക് തിരിച്ചടിയായി.
69ാം മിനിറ്റിൽ റയൽ മാഡ്രിഡ് ഗോളിനടുത്തെത്തിയെങ്കിലും മല്ലോർക്ക ഗോൾകീപ്പറും പോസ്റ്റും തടസ്സംനിന്നു. റോഡ്രിഗോയുടെ ഷോട്ട് ഗോൾകീപ്പർ ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിച്ചപ്പോൾ നേരെ എത്തിയത് ബ്രഹിം ഡയസിലേക്കായിരുന്നു. എന്നാൽ, താരത്തിന്റെ ഡൈവിങ് ഹെഡർ പോസ്റ്റിൽ തട്ടിത്തെറിച്ചു. 78ാം മിനിറ്റിൽ ലൂക മോഡ്രിച് എടുത്ത കോർണർ കിക്കിൽനിന്നായിരുന്നു മത്സരത്തിലെ ഏക ഗോൾ പിറന്നത്. റൂഡിഗറുടെ തകർപ്പൻ ഹെഡർ ഗോൾകീപ്പർക്ക് അവസരമൊന്നും നൽകാതെ വലയിൽ കയറി. ഗോളെണ്ണം കൂട്ടാനുള്ള മാഡ്രിഡുകാരുടെ തുടർശ്രമങ്ങളൊന്നും വിജയം കണ്ടില്ല.
മറ്റു മത്സരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ജിറോണ മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിനെ 4-3നും ഗ്രനഡ കാഡിസിനെ 2-0ത്തിനും സെൽറ്റ വിഗൊ റയൽ ബെറ്റിസിനെ 2-1നും പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.