റൊണോ, ലെവ, ഇബ്ര ലോകകപ്പിനുണ്ടാവുമോ?; പോർചുഗൽ, പോളണ്ട്, സ്വീഡൻ വിധി ഇന്നറിയാം
text_fieldsയൂറോ ചാമ്പ്യന്മാരായ ഇറ്റലിയുടെ അവസ്ഥ പോർചുഗലും പോളണ്ടും സ്വീഡനും മറക്കാനിടയില്ല. വൻകര ജേതാക്കളെന്ന പകിട്ടും അടുത്തിടെ സ്വന്തമാക്കിയ പരാജയമറിയാത്ത കുതിപ്പിനുള്ള ലോക റെക്കോഡുമൊക്കെ കൂടെയുണ്ടായിട്ടും ഖത്തർ ലോകകപ്പിന് ടിക്കറ്റുറപ്പിക്കാൻ മുൻ ചാമ്പ്യന്മാരായ അസൂറികൾക്കായില്ല എന്നത് കഴിഞ്ഞദിവസം കളിയാരാധകർ കണ്ടതാണ്.
ഇന്ന് യൂറോപ്യൻ യോഗ്യത റൗണ്ടിലെ രണ്ടു പ്ലേഓഫ് ഫൈനലുകൾക്കിറങ്ങുന്ന നാല് ടീമുകളുടെ മനസ്സിലും ഇതുണ്ടാവും. അതിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലുണ്ട്, റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടുണ്ട്, സ്ലാറ്റൻ ഇബ്രാഹിമോവിചിന്റെ സ്വീഡനുണ്ട്. ഒപ്പം ഇറ്റലിയെ മറിച്ചെത്തിയ നോർത്ത് മാസിഡോണിയയും.
പോർചുഗലും നോർത്ത് മാസിഡോണിയയും തമ്മിലാണ് ഒരു പ്ലേ ഓഫ് ഫൈനൽ. മറ്റൊരു ഫൈനൽ പോളണ്ടും സ്വീഡനും തമ്മിലും. ഫൈനലിൽ ജയിക്കുന്നവർ മാത്രമാണ് ഖത്തറിലേക്ക് മുന്നേറുക.
മുന്നാമതൊരു ഫൈനൽ കൂടിയുണ്ട്. വെയിൽസ് ഫൈനലിൽ കടന്നിട്ടുണ്ടെങ്കിലും യുക്രെയ്ൻ-സ്കോട്‍ലൻഡ് സെമി മാറ്റിവെച്ചതിനാൽ, ഈ ഫൈനൽ പിന്നീടേ നടക്കൂ.
സെമിയിൽ തുർക്കിയെ 3-1ന് തോൽപിച്ചാണ് പോർചുഗൽ മുന്നേറിയതെങ്കിൽ നോർത്ത് മാസിഡോണിയ 1-0ത്തിന് ഇറ്റലിയെ കെട്ടുകെട്ടിക്കുകയായിരുന്നു. ചെക് റിപ്പബ്ലിക്കിനെ 1-0ത്തിന് തോൽപിച്ചാണ് സ്വീഡൻ മുന്നേറിയത്. പോളണ്ടിന് റഷ്യ അയോഗ്യരാക്കപ്പെട്ടതോടെ വാക്കോവർ ലഭിക്കുകയായിരുന്നു. ഓസ്ട്രിയയെ 2-1ന് കീഴടക്കിയാണ് വെയിൽസ് ഫൈനലിലെത്തിയത്.
സലാഹോ മാനെയോ
ലിവർപൂളിന്റെ സൂപ്പർതാരങ്ങളായ മുഹമ്മദ് സലാഹ്, സാദിയോ മാനെ എന്നിവരിൽ ഒരാളേ ഖത്തറിലുണ്ടാവൂ. അതാരാവും എന്ന് ഇന്നറിയാം. ആഫ്രിക്കയിൽനിന്ന് അഞ്ചു ലോകകപ്പ് പ്രതിനിധികളെ കണ്ടെത്താനുള്ള ഫൈനൽ മത്സരങ്ങളുടെ രണ്ടാംപാദം ഇന്നാണ്. സലാഹിന്റെ ഈജിപ്തും മാനെയുടെ സെനഗാളും തമ്മിലാണ് ഒരു കളി. ആദ്യപാദത്തിലെ 1-0 വിജയത്തിന്റെ മുൻതൂക്കം ഈജിപ്തിനാണ്. തുനീഷ്യ-മാലി (1-0), അൽജീരിയ-കാമറൂൺ (1-0), മൊറോക്കോ-കോംഗോ (1-1), നൈജീരിയ-ഘാന (0-0) എന്നിവയാണ് മറ്റു മത്സരങ്ങൾ.
പ്ലേഓഫ് സ്ഥാനങ്ങൾക്കായി ഏഷ്യയും ദക്ഷിണ അമേരിക്കയും
ഇരു വൻകരകളിൽനിന്നും നേരിട്ട് യോഗ്യത നേടുന്ന നാല് ടീമുകളുടെ കാര്യം തീരുമാനമായിക്കഴിഞ്ഞു. ദക്ഷിണ അമേരിക്കയിൽനിന്ന് ബ്രസീൽ, അർജന്റീന, എക്വഡോർ, ഉറുഗ്വായ്, ഏഷ്യയിൽനിന്ന് ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ, സൗദി അറേബ്യ ടീമുകളാണ് യോഗ്യത ഉറപ്പാക്കിയത്. ഇരു വൻകരകളിലെയും അഞ്ചാം സ്ഥാനക്കാർക്ക് പ്ലേഓഫിൽ ഏറ്റുമുട്ടി ലോകകപ്പ് സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.