അസൂറിപ്പടയുടെ അപരാജിത കുതിപ്പിൽ ഇനി തകരാനുള്ളത് ഈ റെക്കോഡ്
text_fieldsലണ്ടൻ: കരുത്തരായ ഇംഗ്ലണ്ടിനെ സ്വന്തം തട്ടകത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി രണ്ടാം യൂറോ കപ്പ് കിരീടം സ്വന്തമാക്കിയ സന്തോഷത്തിലാണ് ഇറ്റലി. ജർമനിക്ക് (7) പിന്നിൽ ഏറ്റവും കൂടുതൽ മേജർ കിരീടങ്ങളുള്ള ടീമായി മാറിയിരിക്കുകയാണ് ഇറ്റലി (നാല് ലോകകപ്പ്, രണ്ട് യൂറോ കപ്പ്). ഇതോടൊപ്പം തന്നെ റോബർട്ടോ മാൻസീനിയും സംഘവും അവരുടെ അപരാജിത കുതിപ്പ് 34 മത്സരങ്ങളിലേക്ക് നീട്ടിയിരിക്കുകയാണ്.
സ്പെയിനിനെ ഷൂട്ടൗട്ടിൽ 4-2ന് കീഴടക്കിയായിരുന്നു അസൂറിപ്പട കലാശക്കളിക്ക് യോഗ്യത നേടിയിരുന്നത്. ക്വാർട്ടറിൽ അടിയറവ് പറയിപ്പിച്ചതോ ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തെയും. ടൂർണമെന്‍റിൽ ഇതുവരെ 13 ഗോളുകൾ സ്കോർ ചെയ്ത ഇറ്റലി ആകെ വഴങ്ങിയത് നാല്ഗോളുകൾ മാത്രം.
2018 സെപ്റ്റംബർ 10 യുവേഫ നേഷൻസ് ലീഗിൽ പോർചുഗലിനെതിരെയായിരുന്നു ഇറ്റലിയുെട അവസാന തോൽവി. 1935 മുതൽ 1939 വരെയുള്ള കാലയളവിൽ കോച്ച് വിറ്റോറിയോ പോസോയുടെ കീഴിൽ ഇറ്റലി 30 മത്സരങ്ങൾ പരാജയമറിയാതെ പൂർത്തിയാക്കിയിരുന്നു. അക്കാലത്ത് അവർ രണ്ടാം ലോക കിരീടവും (1938) പിറ്റേ വർഷം നടന്ന ഒളിമ്പിക്സിൽ സ്വർണമെഡലും സ്വന്തമാക്കി.
35 മത്സരങ്ങൾ അപരാജിതരായി പൂർത്തിയാക്കിയ ബ്രസീൽ (1993-1996), സ്പെയിൻ (2007-2009) ടീമുകളുടെ റെക്കോഡ് സ്വന്തമാക്കുകയാണ് ഇനി ഇറ്റലിയുടെ ലക്ഷ്യം. ഇറ്റലിയോടൊപ്പം തന്നെ ആഫ്രിക്കൻ ടീമായ അൾജീരിയയും ഇൗ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിലാണ്. ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കളായ അൾജീരിയ 2018 മുതൽ 27 മത്സരങ്ങളിൽ പരാജയമറിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.