ഈ വർഷവും 40 ഗോൾ; ചരിത്ര നേട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsലിസ്ബൺ: 38ാം വയസ്സിലും എതിർ വലയിൽ ഗോളടിച്ചുകൂട്ടുന്ന പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോയെ തേടി മറ്റൊരു ചരിത്ര നേട്ടം. ഈ വർഷം 40 ഗോൾ പൂർത്തിയാക്കിയ താരം 12ാം തവണയാണ് ഈ നേട്ടം സ്വന്തമാക്കുന്നത്. 2010ൽ ആദ്യമായി 40 ഗോൾ പിന്നിട്ട ക്രിസ്റ്റ്യാനോക്ക്, ശേഷം 2019ലും 2022ലും മാത്രമാണ് അതിന് കഴിയാതിരുന്നത്. 2013ൽ 69 ഗോൾ നേടിയതാണ് മികച്ച നേട്ടം.
യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ എതിരില്ലാത്ത അഞ്ച് ഗോളിന് പോർച്ചുഗീസ് ടീം തകർത്തുവിടുമ്പോൾ അതിൽ രണ്ട് ഗോൾ സ്വന്തം പേരിൽ ചേർത്താണ് താരം പുതിയ നേട്ടത്തിലെത്തിയത്. അഞ്ചാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യാനോയാണ് പോർച്ചുഗൽ ഗോൾവേട്ട തുടങ്ങിയത്. 17 മിനിറ്റിന് ശേഷം ഒരു തവണ കൂടി വല കുലുക്കി. പോർച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോയുടെ 127ാമത്തെ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
രാജ്യത്തിന് വേണ്ടി 2023ൽ ഏഴു മത്സരങ്ങളിൽ കളത്തിലിറങ്ങിയ റൊണാൾഡോ ഒമ്പത് ഗോളാണ് അടിച്ചുകൂട്ടിയത്. അൽ നസ്റിന് വേണ്ടി 36 മത്സരങ്ങളിൽ 31 ഗോളും നേടി. യൂറോ കപ്പ് യോഗ്യത റൗണ്ടിൽ എട്ട് മത്സരങ്ങളിൽ എട്ടും ജയിച്ച് 24 പോയന്റുമായി ഗ്രൂപ്പ് ‘ജെ’യിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പോർച്ചുഗൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.