മറഡോണക്ക് പിന്നാലെ പൗളോ റോസിയും; വിടപറഞ്ഞത് ഇറ്റലിയെ അസൂറിപ്പടയാക്കിയ ഇതിഹാസകാരൻ
text_fieldsസീകോയും സോക്രട്ടീസും നിറഞ്ഞു നിന്ന ബ്രസീലിനെയും, മറഡോണയും ഡാനിയേൽ പാസറല്ലയും കളംഭരിച്ച അർജൻറീനയെയും, ബിന്യൂ ബോണിയകിെൻറ പോളണ്ടിനെയും, കാൾ ഹെയ്ൻസ് റുമിനിഗെയുടെ ജർമനിയെയും കീഴടക്കിയ അതികായൻ.
മുസോളിനിക്കാലത്ത് തുടർച്ചയായി രണ്ടുവട്ടം ലോകകിരീടമണിഞ്ഞ വിറ്റോറിയോ പോസോയുടെ കുപ്രസിദ്ധമായ ഇറ്റലിയിൽനിന്നും ആരാധകപ്രിയമായ അസൂറിപ്പടയിലേക്ക് ഇറ്റലിയെ സൃഷ്ടിച്ച ഇതിഹാസകാരൻ. ഒരു ലോകകപ്പിൽ ഗോൾഡൻ ബൂട്ടും ബാളും എല്ലാം വാരിക്കൂട്ടിയ ഗോൾ മെഷീൻ... ഫുട്ബാൾ ഭൂപടത്തിൽ ആധുനിക ഇറ്റലിക്ക് ജന്മം നൽകിയ സൂപ്പർതാരമാണ് പൗലോ റോസിയുടെ വേർപാടിലൂടെ കളമൊഴിയുന്നത്.
1986 മെക്സികോ ലോകകപ്പ് ഡീഗോ മറഡോണക്കുവേണ്ടി ഒരുക്കിയതു പോലെ, പൗലോ റോസിക്കായി കാത്തുവെച്ച പോരാട്ടമായിരുന്നു 1982 സ്പെയിൻ ഫിഫ ലോകകപ്പ്. ഇറ്റലി സെമി ഫൈനൽ വരെയെത്തിയ 1978ലെ അർജൻറീന ലോകകപ്പിലും റോസിയുണ്ടായിരുന്നെങ്കിലും ദിനോ സോഫ് നയിച്ച ടീമിൽ സ്വാധീന ശക്തിയാവാൻ ഈ മുന്നേറ്റനിരക്കാരനായില്ല. എങ്കിലും മൂന്ന് ഗോളും നാല് അസിസ്റ്റും സ്വന്തംപേരിൽ കുറിച്ച് ഇൗ 22കാരൻ വരവറിയിച്ചു. ശേഷം, യുവൻറസ് കുപ്പായത്തിൽ ആ പ്രതിഭ 1982 ലോകകപ്പിലേക്ക് രാകിമിനുക്കുകയായിരുന്നു.
പക്ഷേ, അതിന് മുമ്പായി ഇറ്റാലിയൻ ഫുട്ബാളിനെ നാണംകെടുത്തിയ ഒത്തുകളിക്കേസിൽ കുരുങ്ങി അദ്ദേഹം പുറത്തായി. മൂന്നുവർഷമായിരുന്നു വിലക്ക്. ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയ ദിനങ്ങൾ. തെൻറ നിരപരാധിത്വം ആവർത്തിച്ചു വിളിച്ചു പറഞ്ഞ റോസി നീതികേടിെൻറ ഇരയാണ് താനെന്ന് പലകുറി പറഞ്ഞു. പിന്നീടാണ് വിലക്ക് രണ്ടുവർഷമായി കുറക്കുന്നത്. ഇതിനിടയിൽ 1980ലെ യൂറോകപ്പ് നഷ്ടമായിരുന്നു. 1982ൽ വിലക്ക് കഴിഞ്ഞ റോസിയുടെ തിരിച്ചുവരവിനായിരുന്നു സ്പെയിൻ വേദിയായത്.
തന്നോട് അനീതികാട്ടിയവർക്കെതിരെ കളത്തിൽ റോസി മറുപടി നൽകികൊണ്ടിരുന്നു. ഓരോ മത്സരത്തെയും അദ്ദേഹം പടവാളാക്കിമാറ്റി. മുന്നിലെത്തിയ പ്രഗല്ഭരെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് ഇറ്റലിയെ നയിച്ചു. ഗ്രൂപ് റൗണ്ടിൽ അർജൻറീനയുടെയും ബ്രസീലിെൻറയും കഥകഴിച്ചു. ശേഷം, സെമിയിൽ പോളണ്ടിനെ വീഴ്ത്തിയപ്പോൾ രണ്ട് ഗോളും ആ ബൂട്ടിൽനിന്നായിരുന്നു. ഫൈനലിൽ കരുത്തരായ വെസ്റ്റ് ജർമനിയെ 3-1ന് വീഴ്ത്തി കിരീടമണിഞ്ഞപ്പോൾ ആദ്യഗോളും കുറിച്ച് റോസി പടനായകനായി.
'ഞാൻ നേടിയ ഗോളുകളിൽ ഏറ്റവും വിശേഷപ്പെട്ടതായിരുന്നു അത്. എെൻറ ശൈലി പൂർണമായും വ്യാഖ്യാനിക്കപ്പെടുന്ന ഗോൾ. സെക്കൻഡിെൻറ പത്തിൽ ഒരംശം വേഗത്തിൽ ആ നിമിഷം ഞാൻ അപഹരിച്ചു. ആ നീക്കത്തിൽ ജർമൻ പ്രതിരോധത്തിന് എന്നെ പിടിക്കാനാവില്ലെന്ന് പൂർണബോധ്യമുണ്ടായിരുന്നു' -ഫൈനലിലെ മിന്നൽ വേഗത്തിലെ ഗോളിനെ കുറിച്ച് അടുത്തിടെ റോസി പറഞ്ഞത് ഇങ്ങനെയായിരുന്നു. ബ്രസീലിനെതിരായ ഹാട്രിക് ഉൾപ്പെടെ ആറ് ഗോളുകൾ നേടിയ താരം പുരസ്കാരങ്ങളെല്ലാം വാരിക്കൂട്ടിയും ചരിത്രം കുറിച്ചു.
1934, 1938നു ശേഷം ഇറ്റലിയുടെ ആദ്യലോകകിരീടമായിരുന്നു അത്. അന്ന് മുസോളിനിയുടെ പട്ടാളഹുങ്കിൽ കളികളെല്ലാം അട്ടിമറിക്കപ്പെട്ടാണ് ഇറ്റലി നേടിയതെന്ന ദുഷ്പേരിനെ, 1982 സ്പാനിഷ് മണ്ണിൽ റോസിയും കൂട്ടുകാരും മാറ്റിയെഴുതി.
ഒരേയൊരു റോസി
അസാമാന്യ വേഗം, വിസ്മയിപ്പിക്കുന്ന പന്തടക്കം, ഷൂട്ടിങ്ങിലെ കൃത്യത, അർധാവസരങ്ങൾപോലും ഫിനിഷ് ചെയ്യാനുള്ള പാടവം... പൗലോ റോസിയെ ലോകോത്തര ഫോർവേഡാക്കിമാറ്റുന്നത് ഇങ്ങനെ കുറെ വിശേഷണങ്ങളാണ്. എതിർ പ്രതിരോധ നിരയെ വെട്ടിച്ചുകൊണ്ട് മുന്നേറുന്ന ആക്രമണ ശൈലിയിലൂടെയാണ് 1982 ലോകകപ്പിൽ അദ്ദേഹം ബ്രസീലിനെ ഒറ്റക്ക് തോൽപിച്ചത്. സീകോയും എഡറും സോക്രട്ടീസും അണിനിരന്ന, കിരീടഫേവറിറ്റുകളായ ബ്രസീലിനെയാണ് അന്ന് റോസിയും കൂട്ടുകാരും ഗ്രൂപ് റൗണ്ടിൽ മടക്കിയത്. ഇറ്റലിയിലെ വിചെൻസയിലാണ് റോസിയുടെ ക്ലബ് കരിയറിെൻറ തുടക്കം. സീരി 'എ' ക്ലബ് കോമോ, ലാനെറോസി വിചെൻസ, പെറുഗ്വിയ തുടങ്ങിയ ക്ലബുകൾക്ക് കളിച്ച് 1981ൽ യുവൻറസിലെത്തി.
നാലുവർഷത്തിനു ശേഷം എ.സി മിലാനിലും വെറോണയിലും കളിച്ച് സ്വപ്നസമാന കരിയറിന് വിസിൽ മുഴക്കി. 1977 മുതൽ 1986 വരെ ഇറ്റലിക്കായി കളിച്ച് 48 മത്സരങ്ങളിൽനിന്നായി 20 ഗോളടിച്ചു. 1987ൽ ബൂട്ടഴിച്ച റോസി പിന്നീടുള്ള കാലങ്ങളിൽ വിവിധ യൂറോപ്യൻ ടി.വി ചാനലുകളിൽ ഫുട്ബാൾ പണ്ഡിറ്റായി നിറഞ്ഞു നിന്നു. യുവൻറസിന് രണ്ട് സീരി 'എ' കിരീടം, കോപ ഇറ്റാലിയ, യൂറോപ്യൻ കിരീടം, യുവേഫ സൂപ്പർ കപ്പ് എന്നിവ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.