പെരിയ പോരാണ് സാമീ; ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് ആസ്ട്രേലിയയും പാകിസ്താനും നേർക്കുനേർ
text_fieldsബംഗളൂരു: ആദ്യ രണ്ട് കളികളിലെ ആധികാരിക വിജയങ്ങൾക്ക് ശേഷം മൂന്നാം മത്സരത്തിൽ മികച്ച നിലയിൽനിന്ന് കൂപ്പുകുത്തി വൻതോൽവി ഏറ്റുവാങ്ങിയ പാകിസ്താൻ ഒരു വശത്ത്. മറുഭാഗത്ത് ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി പിണഞ്ഞ് ഒടുവിൽ വിജയവഴിയിൽ തിരിച്ചെത്തിയ ആസ്ട്രേലിയ.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടക്കുന്നത് തീപാറും പോരാട്ടം. നെതർലൻഡ്സിനെയും ശ്രീലങ്കയെയും അനായാസം മറികടന്ന പാകിസ്താൻ ഇന്ത്യക്ക് മുന്നിൽ വിയർക്കുകയായിരുന്നു. പോരാടാൻ പോലുമാകാതെ ഏഴ് വിക്കറ്റിന്റെ തോൽവിയായിരുന്നു ഫലം. തിരിച്ചടി മറികടക്കണമെങ്കിൽ ഇന്ന് പാകിസ്താന് ജയം അനിവാര്യം.
ഓപണർ ഇമാമുൽ ഹഖിന് മൂന്ന് മത്സരങ്ങളിൽനിന്നും 63 റൺ മാത്രമാണ് നേടാനായത്. മറുവശത്ത് ഫഖർ സമാന് പകരക്കാരനായി ഇറങ്ങിയ അബ്ദുല്ല ഷഫീഖ് ശ്രീലങ്കക്കെതിരെ സെഞ്ച്വറി തികച്ചെങ്കിലും ഇന്ത്യക്കെതിരെ തിളങ്ങാനായില്ല. മൂന്ന് മത്സരങ്ങളിൽ ഒരു സെഞ്ച്വറിയും അർധസെഞ്ച്വറിയും അടക്കം 248 റണ്ണുമായി ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോറർമാരിലൊരാളായ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ കുന്തമുന.
റിസ്വാനൊപ്പം ക്യാപ്റ്റൻ ബാബർ അഅ്സമും ഫോം കണ്ടെത്തിയാൽ കാര്യങ്ങൾ എളുപ്പമാകും. ശ്രീലങ്കക്കും നെതർലൻഡ്സിനുമെതിരെ മോശം പ്രകടനം കാഴ്ചവെച്ച ബാബർ ഇന്ത്യക്കെതിരെ അർധസെഞ്ച്വറി നേടിയിരുന്നു. സൗദ് ഷക്കീലും ഇഫ്തിക്കാർ അഹമ്മദും തിളങ്ങിയാൽ ബാറ്റിങ്ങിൽ മികവ് ആവർത്തിക്കാം.
ബൗളിങ്ങിൽ നസീം ഷായുടെ അഭാവമാണ് പാകിസ്താനേറ്റ തിരിച്ചടി. ഇത് ശഹീൻ അഫ്രീദിക്ക് മുകളിൽ സമ്മർദമേറ്റുന്നു. ഹാരിസ് റഊഫും ഹസ്സൻ അലിയും മെച്ചപ്പെട്ട ബൗളിങ് കാഴ്ചവെച്ചാൽ ഓസീസിനെ പിടിക്കാം. വൈസ് ക്യാപ്റ്റനും ഓൾ റൗണ്ടറുമായ ഷദാബ് ഖാന് ഇതുവരെ ലോകകപ്പിൽ കാര്യമായ സംഭാവന നൽകാനാവാത്തതും തിരിച്ചടിയാണ്.
ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടും ഏറ്റ തിരിച്ചടി മറികടന്നാണ് കങ്കാരുക്കൾ ശ്രീലങ്കക്കെതിരെ മികച്ച വിജയം നേടിയത്. പ്രധാന ബാറ്റർമാർക്ക് സ്കോർ കണ്ടെത്താനാകാത്തതാണ് ഓസീസ് നിരയെ കുഴപ്പിക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് സ്റ്റീവ് സ്മിത്ത് 65, ഡേവിഡ് വാർണർ 65, മിച്ചൽ മാർഷ് 59 റൺ മാത്രമാണ് നേടാനായത്.
ശ്രീലങ്കക്കെതിരെ അർധസെഞ്ച്വറി തികച്ച മിച്ചൽ മാർഷിന് ഇന്നും മികച്ച സ്കോർ കണ്ടെത്താനായാൽ തുടക്കം ഭദ്രമാകും. മറുഭാഗത്ത് ഡേവിഡ് വാർണർ ഇതുവരെ യഥാർഥ ഫോമിലേക്ക് എത്തിയിട്ടില്ല. മധ്യനിരയിൽ മൂന്നു മത്സരങ്ങളിലായി 103 റൺ മാത്രം നേടിയ മാർനസ് ലബുഷേനും ഇതുവരെ തിളങ്ങിയിട്ടില്ല.
കഴിഞ്ഞ കളിയിൽ 58 റൺ നേടിയ വിക്കറ്റ് കീപ്പർ ബാറ്ററായ ജോഷ് ഇൻഗ്ലിസും ഇന്നും നല്ല സ്കോർ കണ്ടെത്തിയാൽ ഓസീസിന് നില ഭദ്രമാക്കാം. ബൗളിങ് നിരയാണ് ഓസീസിന്റെ കരുത്ത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കും ആഡം സാംപയും ജോഷ് ഹേസൽവുഡും തിളങ്ങിയാൽ പാക് ബാറ്റിങ് നിര വിയർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.