തോറ്റ പ്രമുഖർ ഇന്ന് നേർക്കുനേർ
text_fieldsലഖ്നോ: മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയും ശ്രീലങ്കയും ഇപ്പോൾ തുല്യദുഃഖിതരാണ്. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും തോറ്റവർ. ഇരു ടീമും തിങ്കളാഴ്ച മുഖാമുഖം വരുന്നു. ആദ്യ ജയം സ്വന്തമാക്കുകയാണ് കങ്കാരു നാട്ടുകാരുടെയും ദ്വീപുകാരുടെയും ലക്ഷ്യം. തുടക്ക് പരിക്കേറ്റ ക്യാപ്റ്റൻ ദാസുൻ ഷനകക്ക് ലോകകപ്പിൽ ഇനി കളിക്കാനാവില്ലെന്നത് ലങ്കക്ക് വലിയ തിരിച്ചടിയാണ്.
ഓസീസ് ഇന്ത്യയോടും ദക്ഷിണാഫ്രിക്കയോടുമാണ് പരാജയം ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്കയോടും തോറ്റ് തുടങ്ങിയ ലങ്ക പിന്നീട് പാകിസ്താനോടും മുട്ടുമടക്കി. പോയന്റൊന്നുമില്ലാതെയാണ് ഇരു ടീമും പട്ടികയിലുള്ളത്. റൺറേറ്റ് പ്രകാരം ലങ്ക ബംഗ്ലാദേശിനു പിറകിൽ എട്ടാമതും ഓസീസ് നെതർലൻഡ്സിനും താഴെ അവസാന സ്ഥാനത്തുമാണ്.
കഴിഞ്ഞ എട്ട് ഏകദിന മത്സരങ്ങളിൽ ഏഴിലും തോറ്റു ആസ്ട്രേലിയ. കിരീട ഫേവറിറ്റുകളായിട്ടും ദയനീയ പ്രകടനമാണ് നടത്തുന്നത്. രണ്ടു മത്സരങ്ങളിൽ ഏഴു ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ മോശം ഫീൽഡിങ്. പാറ്റ് കമ്മിൻസ് സംഘത്തിന്റെ പല്ലുകൊഴിഞ്ഞ ബൗളിങ് കൂടിയായപ്പോൾ പരാജയം തുടർക്കഥയായി.
ദക്ഷിണാഫ്രിക്കയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്ക പാകിസ്താനെതിരെ 344 റൺസ് അടിച്ചുകൂട്ടിയിട്ടും രക്ഷയുണ്ടായില്ല. കുശാൽ മെൻഡിസും സദീര സമരവിക്രമയും ബാറ്റിങ്ങിൽ നേടിക്കൊടുത്ത മേധാവിത്വം ബൗളർമാർക്ക് ഉപയോഗപ്പെടുത്താനായില്ല. ഷനകക്കു പകരം മെൻഡിസാണ് ഇനി ലങ്കയെ നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.