ലോക ചാമ്പ്യന്മാരെ തോൽപിച്ചവർ മുഖാമുഖം; അട്ടിമറിയുമോ ചെപ്പോക്കും
text_fieldsചെന്നൈ: ലോകചാമ്പ്യൻമാരെ അട്ടിമറിച്ചതിന്റെ ആവേശത്തിൽ അഫ്ഗാനിസ്താൻ ഇന്ന് വീണ്ടും കളത്തിൽ. ബുധനാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തോൽവി അറിയാതെ മുന്നേറുന്ന ന്യൂസിലൻഡിനെയാണ് അഫ്ഗാനിസ്ഥാൻ നേരിടുക.
കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ 69 റൺസിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഹഷ്മത്തുല്ല ഷാഹിദിയും സംഘവും ഇറങ്ങുന്നത്. കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ചു പോയന്റ് പട്ടികയിൽ മുന്നിലുള്ള ന്യൂസിലൻഡ് വിജയം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലും.
ബംഗ്ലാദേശിനോടും ഇന്ത്യയോടും തോറ്റ അഫ്ഗാനിസ്താൻ ഡൽഹിയിൽ നടന്ന മൂന്നാം മത്സരത്തിലാണ് ജോസ് ബട്ലറെയും സംഘത്തെയും കീഴ്പ്പെടുത്തിയത്. ലോകകപ്പിലെ ആദ്യമത്സരത്തിൽ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒമ്പതു വിക്കറ്റിനും രണ്ടാം മത്സരത്തിൽ നെതർലാൻഡ്സിനെ 99 റൺസിനുമാണ് കീവിസ് പരാജയപ്പെടുത്തിയത്. അഫ്ഗാൻ ഇന്ത്യയോടും ശ്രീലങ്കയോടുമാണ് ആദ്യമത്സരങ്ങളിൽ പരാജയപ്പെട്ടത്.
ഓപണർമാരായ വിൽ യങും രചിൻ രവീന്ദ്രയും ടോം ലഥാമും ഡെവൺ കോൺവേയും ബാറ്റിങ് മികവ് ആവർത്തിച്ചാൽ ന്യൂസിലൻഡിന് വിജയക്കുതിപ്പ് തുടരാനാകും. ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാൻ സ്പിന്നർമാരായ റാഷിദ് ഖാനും മുഹമ്മദ് നബിയും കിവികളെയും വട്ടംകറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പരമ്പരാഗതമായി സ്പിന്നർമാരെ സഹായിക്കുന്ന ചെപ്പോക്കിലെ പിച്ചിൽ റാഷിദും മുജീബ് ഉർ റഹ്മാനും നബിയും മികവ് ആവർത്തിച്ചാൽ കിവികൾ പ്രയാസപ്പെടും.
അതേസമയം, പരിക്ക് വിട്ടുമാറാത്ത ന്യൂസിലൻഡ് നായകൻ കെയിൻ വില്ല്യംസൺ ഇന്നും ഇറങ്ങിയേക്കില്ല. തള്ളവിരലിനേറ്റ പരിക്കിൽനിന്ന് മോചിതനായ പേസർ ടിം സൗത്തി അഫ്ഗാനെതിരെ കളിച്ചേക്കും. ഇത് കിവികളുടെ ബൗളിങ്ങിന് ഊർജമേകും. അഫ്ഗാൻ ബാറ്റിങ് നിരയിൽ കഴിഞ്ഞ രണ്ട് കളികളിലും അർധ സെഞ്ച്വറി തികച്ച ഓപൺ റഹ്മാനുല്ല ഗുർബാസ് ഫോം തുടർന്നാൽ മികച്ച തുടക്കം ആവർത്തിക്കും.
ക്യാപ്റ്റൻ ഷാഹിദിയും അസ്മത്തുല്ല ഉമർസായിയും ഇക്രം അലിഖിലും മികച്ച സ്കോർ കണ്ടെത്തിയാൽ അഫ്ഗാൻ മെച്ചപ്പെട്ട റൺ നേടാനാകും. കഴിഞ്ഞ കളിയിൽ റഹ്മാനുല്ലയും ഇക്രമുമാണ് അർധ സെഞ്ച്വറി നേടിയത്. കിവികളുടെ പേസ് ബൗളർമാരായ ട്രെൻഡ് ബോൾട്ടും മാറ്റ് ഹെന്റിയും അഫ്ഗാൻ ബാറ്റർമാർക്ക് വെല്ലുവിളിയാകും.
മൂന്ന് മത്സരങ്ങളിലായി എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സാന്റ്നർക്കൊപ്പം രചിനും ചേരുമ്പോൾ അഫ്ഗാൻ കുഴങ്ങും. ലോകകപ്പിൽ മുമ്പ് ഇരുടീമുകളും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം കിവികൾക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.